ശബരിമല: മകരവിളക്കിനു ദിവസങ്ങള്‍ മാത്രം അവശേഷിക്കെ ശബരിമലയില്‍ ദര്‍ശനത്തിനെത്തുന്നവരുടെ തിരക്ക് വര്‍ധിച്ചു. മകരവിളക്ക് ഉത്സവത്തിനു നടതുറന്ന ഡിസംബര്‍ 30 മുതല്‍ വന്‍ ഭക്തജനതിരക്കാണ് ശബരിമലയില്‍ അനുഭവപ്പെടുന്നത്.
ഓരോ ദിവസവും ശരാശരി ഒരു ലക്ഷത്തിലധിം ഭക്തര്‍ പതിനെട്ടാംപടി കയറി അയ്യപ്പദര്‍ശനം നടത്തുന്നുണ്ടെന്നാണ് കണക്കുകള്‍. പുല്ലുമേട് വഴി സന്നിധാനത്തിലേക്ക് അയ്യപ്പ ദര്‍ശനത്തിനായി എത്തിച്ചേരുന്ന അയ്യപ്പ ഭക്തരുടെ എണ്ണത്തിലും ഇക്കുറി കാര്യമായ വര്‍ധനയുണ്ട്.
ദര്‍ശനത്തിനായുള്ള മണിക്കൂറകളുടെ കാത്തുനില്പ് അയ്യപ്പഭക്തരെ വലയ്ക്കുകയാണ്.
18 മണിക്കൂര്‍വരെ പലരും കാത്തുനില്‍ക്കേണ്ടിവരുന്നു. പമ്പയില്‍ നിന്നു കയറണമെങ്കില്‍ തന്നെ നാലു മണിക്കൂര്‍വരെ കാത്തുനില്ക്കണം. പിന്നീട് ശരണവഴികളിലെല്ലാം കാത്തുനില്പ് തുടരുകയാണ്. എന്നാല്‍ ദര്‍ശനം സുഗമമാക്കാനാണ് ഇത്തരത്തില്‍ ക്രമീകരണം ചെയ്തതെന്ന് ദേവസ്വം ബോര്‍ഡും പോലീസും പറയുന്നു.
ദര്‍ശനത്തിനെത്തുന്ന അയ്യപ്പന്മാര്ക്ക് വേഗത്തില്‍ ദര്‍ശനം നടത്തുന്നതിനുള്ള ക്രമീകരണം ഫ്ളൈ ഓവറിലും ക്ഷേത്ര സോപാനത്തിനുമുന്നിലായുള്ള ലെയറുകളിലും ഒരുക്കിയിട്ടുണ്ടെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് പറഞ്ഞു.
കുട്ടികള്‍ക്കും മാളികപ്പുറങ്ങള്‍ക്കുമായി ദര്‍ശനത്തിന് തിരുമുറ്റത്ത് ഒരുക്കിയിട്ടുള്ള പ്രത്യേക ഗേറ്റ് സംവിധാനം ഭക്തര്‍ക്ക് ഏറെ സഹായകമാണെന്നും അദ്ദേഹം പറഞ്ഞു.
മാളികപ്പുറങ്ങളും പ്രായമായവരും കുട്ടികളും അടക്കം പതിനെട്ടാംപടി കയറുമ്പോള്‍ സുരക്ഷിതമായി അവരെ പതിനെട്ടു പടികളും കയറ്റി ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥര്‍ അവര്‍ക്ക് അയ്യപ്പദര്‍ശനത്തിനുള്ള വഴി ഒരുക്കുകയാണ്.
അയ്യപ്പ ഭക്തരോട് സംയമനത്തോടെയും നല്ല രീതിയിലുമുള്ള പെരുമാറ്റവും ഇടപെടലും നടത്തണമെന്നും ഭക്തര്‍ക്ക് വേണ്ട എല്ലാ സഹായവും ചെയ്തു കൊടുക്കണമെന്നുമുള്ള നിര്‍ദേശമാണ് ഡ്യൂട്ടിയിലുള്ള എല്ലാ ഉദ്യോഗസ്ഥര്‍ക്കും ഡ്യൂട്ടിയിലുള്ള ദേവസ്വം ഗാര്‍ഡുമാര്‍ക്കും ദേവസ്വം ജീവനക്കാര്‍ക്കും പോലീസും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും സംയുക്തമായി നല്‍കിയിട്ടുള്ളതെന്നും പ്രസിഡന്റ്് പറഞ്ഞു.
വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് പൂര്‍ത്തിയായി.
മകരവിളക്ക് ദിവസത്തെ തിരക്ക് കണക്കിലെടുത്ത് 14ന് 50,000 പേര്‍ക്കും 15ന് 40,000 പേര്‍ക്കും മാത്രമേ ഓണ്‍ലൈന്‍ വെര്‍ച്വല്‍ ക്യൂ ടിക്കറ്റ് നല്‍കിയിട്ടുള്ളൂ. സ്പോട്ട് ബുക്കിംഗ് സംവിധാനം നാളെ മുതല്‍ ഉണ്ടായിരിക്കില്ല.