കോട്ടയം: ശബരിമല തീര്‍ഥാടനം, കോട്ടയം റെയില്‍വേ സ്റ്റേഷന് വികസനം, പുതിയ ട്രെയിനുകള്‍ തുടങ്ങിയ ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി പത്തിന് കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ അവലോകന യോഗം ചേരും.
തോമസ് ചാഴികാടന് എംപിയുടെ നിര്‍ദേശ പ്രകാരമാണ് യോഗം. തിരുവനന്തപുരം റെയില്‍വേ ഡിവിഷണല്‍ മാനേജറും ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും.
കോട്ടയം റെയില്‍വേ സ്റ്റേഷനെയും മദര്‍ തെരേസ റോഡിനെയും (റബ്ബര്‍ ബോര്‍ഡ് ഹെഡ് ക്വാര്‍ട്ടേഴ്സ് ജംഗ്ഷന്) ബന്ധിപ്പിക്കുന്ന റോഡിന്റെ പുനര്‍ നിര്‍മാണം അടക്കമുള്ള വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യും.
ഡിവിഷണല്‍, സോണല്‍, റെയില്‍വേ ബോര്‍ഡ് തലത്തില്‍ കത്തുകള്‍ നല്‍കുകയും വിവിധ തലങ്ങളില്‍ ചര്‍ച്ചകള്‍ നടത്തിയെങ്കിലും റോഡ് തകര്‍ന്നിട്ട് 17 മാസം കഴിഞ്ഞിട്ടും പുനര്‍ നിര്‍മാണ പ്രവൃത്തികൾ ആരംഭിച്ചിട്ടില്ല.
ശബരിമല മണ്ഡല മകരവിളക്ക് കാലത്തു ഈ റോഡിന് വലിയ പ്രാധാന്യമുണ്ട്. സ്റ്റേഷനിലെ പാര്‍ക്കിംഗ് സൗകര്യങ്ങളുടെ അപര്യാപ്തതയും, ഒരു റോഡില്‍ നിന്ന് മാത്രം സ്റ്റേഷനിലേക്കുള്ള പ്രവേശനവും വലിയ ഗതാഗത കുരുക്കിന് കാരണമാകുന്നുണ്ട്.
ഈ ആവശ്യങ്ങല്‍ ഉന്നയിച്ച് തോമസ് ചാഴികാടന് എംപി റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ക്ക് കത്ത് നല്‍കിയിരുന്നു. റെയില്‍വേ സ്റ്റേഷന്റെ രണ്ടാം പ്രവേശന കവാടം, അനുബന്ധ പാര്‍ക്കിംഗ് സൗകര്യം എന്നിവ ഡിസംബറില്‍ പൂര്‍ത്തിയാക്കി യാത്രക്കാര്‍ക്ക് തുറന്നു നല്കുന്ന കാര്യവും യോഗത്തില്‍ ചര്‍ച്ചയാകും.