പത്തനംതിട്ട: ജില്ലയില്‍ അതിശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ സുരക്ഷയെ മുന്‍നിര്‍ത്തി ശബരിമല തീർഥാടകർ നദികളിലിറങ്ങുന്നതും കുളിക്കടവുകള്‍ ഉപയോഗിക്കുന്നതും നിരോധിച്ച് ജില്ലാ കളക്ടര്‍ എസ്. പ്രേം കൃഷ്ണന് ഉത്തരവായി.അതിശക്തമായ മഴ മുന്നറിയിപ്പ് പിന്‍വലിക്കും വരെയാണ് നിരോധനം.
ഒറ്റപ്പെട്ട അതിശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ടുകള്‍, പ്രാദേശികമായ വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍ തുടങ്ങിയ ദുരന്തങ്ങള്‍ക്ക് സാധ്യതയുണ്ട്. മലയോര മേഖലയിലും വനത്തിലും മഴ ശക്തമാകുന്നത് മലവെള്ളപ്പാച്ചില്‍, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നതിനാല്‍ ഈ പ്രദേശങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണം.
അണക്കെട്ടുകളില്‍ നിന്നു വെള്ളം പുറത്തേക്ക് ഒഴുക്കിവിടാനുള്ള സാധ്യതയുള്ളതിനാല്‍ ഒരു കാരണവശാലും നദികള്‍ മുറിച്ചു കടക്കാനോ നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്ക് ഇറങ്ങാനോ പാടില്ലെന്നും ഉത്തരവില്‍ പറയുന്നു.
പമ്പയിലും ജാഗ്രതാ നിര്‍ദേശം
ശബരിമല പമ്പയില്‍ ജലനിരപ്പുയര്‍ന്നതോടെ പമ്പാ സ്നാനത്തില്‍ പങ്കെടുക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന നിര്‍ദേശവുമായി പോലീസ്. കുളിക്കടവുകള്‍ പോലീസും ഫയര്‍ഫോഴ്സും ഉള്‍പ്പെടെ ജാഗ്രത പാലിക്കുന്നുണ്ട്. അപകടങ്ങള്‍ ഒഴിവാക്കാനുള്ള മുന്നറിയിപ്പുകളുമായാണ് ഭക്തരെ പമ്പ സ്നാനം അനുവദിക്കുന്നത്.
മുക്കുഴി, സത്രം കാനന പാതയിലൂടെയുള്ള യാത്രയ്ക്കു നിരോധനം
ശബരിമല: അതിശക്തമായ മഴ തുടരുന്നതിനാല്‍ കുമളിയില്‍ നിന്നു മുക്കുഴി, സത്രം വഴി ശബരിമലയിലേക്ക് കാനന പാതയിലൂടെയുള്ള തീര്‍ഥാടകരുടെ യാത്ര നിരോധിച്ച് ഇടുക്കി ജില്ലാ കളക്ടര്‍ വി. വിഗ്നേശ്വരി ഉത്തരവിട്ടു.
കാലാവസ്ഥ അനുകൂലമാകുന്നതു വരെയാണ് നിരോധനം. തീര്‍ഥാടകരുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് താല്‍ക്കാലിക നിരോധനം. തുടര്‍ നടപടി സ്വീകരിക്കാന്‍ പൊലീസിനും വനം വകുപ്പിനും നിർദേശം നല്കി.