ശബരിമല: സംസ്ഥാനത്തിനകത്തും പുറത്തും നിന്ന് റോഡ് മാർഗം അയ്യപ്പദർശനത്തിനെത്തുന്ന ഭക്തർക്കായി സുരക്ഷിത പാതയാണ് മോട്ടോർ വാഹന വകുപ്പ് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ഒരുക്കിയിരിക്കുന്നത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന 400 കിലോമീറ്ററോളം വരുന്ന റോഡുകളിലാണ് വകുപ്പ് വഴിക്കണ്ണുമായി ഭക്തരക്ഷയ്ക്കായി കാത്തിരിക്കുന്നത്.
ഈ പാതയോരങ്ങളിലെല്ലാം സ്ഥാപിച്ചിട്ടുള്ള ഹെൽപ്പ് ലൈൻ നന്പരുകൾ സഹിതമുള്ള വഴികാട്ടി ബോർഡുകൾ ദിശതെറ്റാതെ ലക്ഷ്യത്തിലെത്താൻ സഹായിക്കുന്നു. 18 ഓളം പട്രോളിംഗ് വാഹനങ്ങൾ ഭക്തരുടെ സഹായത്തിനായി രാവും പകലും ഈ പാതകളിൽ റോന്തുചുറ്റുന്നുണ്ട്. ഇൻസ്പെക്ടറും ഡ്രൈവറും അടങ്ങുന്ന പട്രോളിംഗ് വാഹനങ്ങളിൽ ഫസ്റ്റ് എയ്ഡ്, റോഡ് സുരക്ഷാ ഉപകരണങ്ങൾ, വയർലെസ്, മൊബൈൽ ഫോണ്‍ തുടങ്ങിയവയും ഉണ്ടാകും.
നിലയ്ക്കലെ ഇലവുങ്കൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പ്രധാന കണ്ട്രോൾ റൂമാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.ശബരിമല പാതകളിൽ അപകടം ഒഴിവാക്കാനും വാഹനങ്ങൾ കേടായികിടന്നുള്ള ഗതാഗത തടസം ഒഴിവാക്കാനുമാണ് പ്രധാനമായും മേട്ടോർ വാഹന വകുപ്പും കേരള റോഡ് സേഫ്റ്റി അഥോറിറ്റിയും സംയുക്തമായി സേഫ് സോണ്‍ പദ്ധതി നടപ്പാക്കുന്നതെന്ന് സ്പെഷൽ ഓഫീസർ പി.ഡി സുനിൽ ബാബു പറഞ്ഞു.
നടതുറന്ന നാൾ മുതൽ ഇന്നുവരെ ഈ പാതകളിൽ ഉണ്ടായ 740 ബ്രേക്ക് ഡൗണുകൾ മോട്ടോർ വാഹന വകുപ്പ് ഇടപെട്ട് പരിഹരിച്ചു. ഇതേവരെ 79 ഓളം ചെറു അപകടങ്ങളാണ് സംഭവിച്ചിട്ടുള്ളത്. കേസുകളായി രജിസ്റ്റർ ചെയ്യേണ്ട വിധത്തിലുള്ള അപകടങ്ങൾ വിരളമായി മാത്രമേ സംഭവിച്ചിട്ടുള്ളൂ. മരണം ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. ഈ വർഷം റോഡിൽ കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് തിരക്ക് വർധിച്ചിട്ടുണ്ടെങ്കിലും മോട്ടോർ വാഹന വകുപ്പിന്റെയും പോലീസിന്റെയും സമയോചിതമായ ഇടപെൽ മൂലം അപകടങ്ങൾ കുറയ്ക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഫയർ ആൻഡ് റസ്ക്യു ഫോഴ്സ്, ദേവസ്വം ബോർഡ്, ഹെൽത്ത്, വൈദ്യുതി ബോർഡ്, ജല അഥോറിറ്റി, ബിഎസ്എൻഎൽ, കഐസ്ആർടിസി സന്നദ്ധ സംഘടനകൾ തുടങ്ങിയവയുടെ സഹകരണവും സേഫ് സോണ്‍ പദ്ധതിക്കുണ്ട്.ഡ്രൈവർമാർക്കും ഗുരുസ്വാമിമാർക്കുമായി തയ്യാറാക്കിയിരിക്കുന്ന ആറ് ഭാഷകളിലുള്ള റോഡ് സുരക്ഷാ ജാഗ്രതാ നിർദേശങ്ങൾ, റൂട്ട് മാപ്പ്, ഹെൽപ് ലൈൻ നന്പരുകൾ തുടങ്ങിയവ അടങ്ങിയ ലഘുലേഖകൾ എല്ലാ ചെക്ക്പോസ്റ്റുകളും ടോൾ പ്ലാസകളും വഴി വിതരണം ചെയ്യുന്നുണ്ട്.
സേഫ് സോണ്‍ പദ്ധതിയിലുൾപ്പെട്ടിട്ടുള്ള പ്രധാന പാതകൾ
ഭക്തരുടെ സുഗമ സഞ്ചാരത്തിനായി സേഫ് സോണായി പ്രഖ്യാപിച്ചിട്ടുള്ള പ്രധാന പാതകൾ ഇവയാണ്പത്തനം തിട്ട ജില്ല: പന്പ മുതൽ പത്തനംതിട്ടവരെ. ഇലവുങ്കൽ മുതൽ കണമല വരെ.കോട്ടയം ജില്ല: കണമല മുതൽ എരുമേലിവരെ. എരുമേലി മുതൽ വിഴയിൽതോട് വഴി പൊൻകുന്നം. എരുമേലി കൂപ്പള്ളി 26ാം മൈൽ. എരുമേലി കണ്ണിമല. പുലക്കുന്ന് മുണ്ടക്കയംഇടുക്കി: കുമളി വണ്ടിപ്പെരിയാർ സത്രം. കുട്ടിക്കാനം ഏലപ്പാറ കട്ടപ്പന കന്പംമേട്. കന്പംമേട് കുമളി.
ശബരിമേള ഇന്നു മുതൽ പന്തളത്ത്
പത്തനംതിട്ട: ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ശബരിമല ഇടത്താവളമായ പന്തളം ശാസ്താ ക്ഷേത്രത്തിന് സമീപം ഒരുക്കിയിട്ടുള്ള ശബരിമേളയുടെ ഉദ്ഘാടനം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് മന്ത്രി എം.എം. മണി നിര്‍വഹിക്കും. ചിറ്റയം ഗോപകുമാര്‍ എംഎല്‍എ അധ്യക്ഷത വഹിക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി ആദ്യ വില്പന നിര്‍വഹിക്കും. ജില്ലാ കളക്ടര്‍ പി.ബി നൂഹ് മുഖ്യപ്രഭാഷണം നടത്തും. ശബരിമല ഇടത്താവളങ്ങളില്‍ സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളുടെയും പരമ്പരാഗത ഉത്പന്നങ്ങളുടെയും വിപണനമേള വ്യവസായ വകുപ്പിന്റെ നേതൃത്വത്തിലാണ് സംഘടിപ്പിക്കുന്നത്. പന്തളത്തിനു പുറമേ, തിരുവനന്തപുരം ആറ്റുകാല്‍ ദേവിക്ഷേത്രം, ചെങ്ങന്നൂര്‍, കുറ്റിപ്പുറം എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തില്‍ മേള ഒരുക്കിയിട്ടുള്ളതെന്ന് ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ഡി. രാജേന്ദ്രന് അറിയിച്ചു. ജനുവരി 15 വരെയാണ് മേള.
ക്രമക്കേട് നടത്തിയ ഹോട്ടലുകള്‍ക്ക് രണ്ടുലക്ഷം രൂപ പിഴ
ശബരിമല: സന്നിധാനത്ത് ക്രമക്കേടുകള്‍ കണ്ടെത്തിയ ഹോട്ടലുകളില്‍ നിന്ന് 2,19,000 രൂപ പിഴ ഈടാക്കി. ഡ്യൂട്ടി മജിസ്ട്രേട്ടിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണം, വൃത്തിഹീനമായ സാഹചര്യം എന്നിവ കണ്ടെത്തിയ ഹോട്ടലുകള്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചത്.
ഭക്ഷ്യ സുരക്ഷയുടെ കാര്യത്തില്‍ വിട്ടു വീഴ്ച ചെയ്യില്ലെന്ന് ഡ്യൂട്ടി മജിസ്ട്രേട്ട് അറിയിച്ചു. എക്സൈസ് വകുപ്പ് നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്ത പുകയില ഉത്പന്നങ്ങള്‍ ഡ്യൂട്ടി മജിസട്രേട്ടിന്റെ നേതൃത്വത്തില്‍ നശിപ്പിച്ചു. തിരിച്ചറിയല്‍ രേഖകളില്ലാത്ത ഡോളി തൊഴിലാളികള്‍, കരാര്‍ തൊഴിലാളികള്‍ എന്നിവര്‍ക്കെതിരെയും നടപടി സ്വീകരിച്ചിട്ടുണ്ട്.