കൊല്ലം: ഇരുമുടി കെട്ടുമായി ജില്ലാ സംസ്ഥാന ദേശീയ റോളർ സ്കേറ്റിംഗ് താരങ്ങളുടെ ശബരിമല സകേറ്റിംഗ് യാത്ര നാളെ കൊല്ലത്ത് നിന്നും ആരംഭിക്കും. രാവിലെ ആറിന് കളക്ടറേറ്റിനടുത്തുള്ള കൊട്ടാരക്കുളം ഗണപതി ക്ഷേത്രത്തിനു മുന്നിൽ നിന്നാണ് യാത്ര പുറപ്പെടുന്നത്. സ്പോർട്സിലൂടെ ആരോഗ്യം നേടൂ ജീവിത ശൈലി രോഗങ്ങൾ ഒഴിവാക്കൂ, പ്ലാസ്റ്റിക് രഹിത ശുചിത്വകേരളം സുന്ദര കേരളം എന്നീ സന്ദേശവുമായിട്ടാണ് യാത്ര നടത്തുന്നത്.
ഹൈസ്ക്കൂൾ കവല, അഞ്ചാലുംമൂട്, പെരിനാട്, കുണ്ടറ, കൊട്ടാരക്കര ഗണപതി ക്ഷേത്രം, അടൂർ, പത്തനംതിട്ട വഴി ശനിയാഴ്ച്ച സന്ധ്യയോടെ റാലി റാന്നി പെരുനാട്ട് എത്തിച്ചേരും. 12ന് രാവിലെ പെരുനാട്ട് നിന്നും പുറപ്പെടുന്ന യാത്ര ളാഹ വഴി പമ്പയിൽ സമാപിക്കും. തുടർന്ന് സ്കേറ്റിംഗ് താരങ്ങൾ കാൽനടയായി ശബരിമലയിലേക്ക് പോകും.
സ്പീഡ്, ആർട്ടിസ്റ്റിക്, റോളർ ഹോക്കി താരങ്ങളും പരിശീലകരുമായ പി .ആർ.ബാലഗോപാൽ (ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റ്, ആരോഗ്യ വകുപ്പ്, കൊല്ലം), എസ് ബിജു (കേരള ടീം പരിശീലകൻ), അനുരാജ് പൈങ്ങാവിൽ , ബി.ജി. ബാൽശ്രേയസ് ,പി. വി. അബിൻ, നവീൻ ഹരീഷ്, സിബി സുകുമാരൻ, അനന്ത നാരായണൻ തുടങ്ങിയവരാണ് യാത്രയിൽ പങ്കെടുക്കുന്നത്. തുടർച്ചയായി ഇരുപതാമത്തെ റോളർ സകേറ്റിംഗ് യാത്രയാണ് കൊല്ലത്ത് നിന്നും ശബരിമലയിലേക്ക് പോകുന്നതെന്ന് സംഘാടകർ പറഞ്ഞു.