സ്വന്തം ലേഖകന്‍
കോഴിക്കോട്: ശബരിമലനിയന്ത്രണം പോലീസില്‍നിന്നും ആര്‍എസ്എസ് ഏറ്റെടുത്തെന്ന ആരോപണം സിപിഎമ്മിന് പുതിയ തലവേദന. പലപ്പോഴും പോലീസ് സംയമനം പാലിക്കുമ്പോള്‍ സംഘപരിവാര്‍ സംഘടനകള്‍ നിയമം കയ്യിലെടുക്കുകയാണെന്ന ആരോപണമാണ് സിപിഎം നേതാക്കള്‍ ഉന്നയിക്കുന്നത്.
ആര്‍എസ്എസ് നേതാവ് വത്സന് തില്ലങ്കരി ഇരുമുടി കെട്ടില്ലാതെ 18-ാം പടി കയറി സംഭവത്തില്‍ ആചാരംലംഘനം നടന്നതായി ദേവസ്വം ബോര്‍ഡ് വ്യക്തമാക്കിയതോടെ ശരിക്കും പ്രതിരോധത്തിലായത് സര്‍ക്കാരാണ്. ഒരുഭാഗത്ത് യുവതികള്‍ ശബരിമലയില്‍ കയറുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ഭക്തരുടെ എതിര്‍പ്പും പോലീസിന് നേരിടേണ്ടിവരുന്നു. ഇതിനൊപ്പം സംഘപരിവാര്‍ നേതാക്കള്‍ അയ്യപ്പ ഭക്തര്മാര്ക്കിടയില് ചെലുത്തുന്ന സ്വാധീനത്തില്‍ എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് പോലീസ് സേന.
മന്ത്രിമാരായ ഇ.പി.ജയരാജനും കെ.കെ.ശൈലജയും ഇതിനകം പോലീസിനെതിരേ പരോക്ഷമായി രംഗത്തെത്തികഴിഞ്ഞു. അക്രമം തുടര്‍ന്നാല്‍ എന്തുചെയ്യണമെന്നറിയാമെന്നായിരുന്നു ജയരാജന്റെപ്രതികരണം. ശബരിമലയില്‍ എത്തുന്ന സ്ത്രീകളുടെ വയസുപരിശോധിക്കാന് ആരാണ് ഹിന്ദു ഐക്യവേദി നേതാവ് ശശികലയ്ക്ക് അധികാരം കൊടുത്തതെന്നായിരുന്നു ശൈലജയുടെ ചോദ്യം. അക്ഷരാര്‍ഥത്തില്‍ പോലീസിന്റെ പ്രവര്‍ത്തനത്തില്‍ മന്ത്രിമാര്‍ക്കും നേതാക്കള്‍ക്കും പ്രതിഷേധമുണ്ട്. അപ്പോഴും പോലീസിനെ പൂര്‍ണമായും ന്യായീകരിച്ചും ശബരിമല പൂര്ണനിയന്ത്രണത്തിലാണെന്നുമാണ് മുഖ്യമന്ത്രി പറയുന്നത്.
നിലവില്‍ ശബരിമലയില്‍ ആചാരം സംരക്ഷിക്കാനായി നടത്തുന്ന പ്രതിഷേധങ്ങള്‍ പലതും ആചാര ലംഘനമാണെന്ന് ബോര്‍ഡ് പറയുന്നു. 50 വയസിന് മുകളില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് യാതൊരു തടസവുമില്ലാതെ ദര്‍ശനം നടത്താന്‍ സാധിക്കുന്ന ക്രമീകരണം മുമ്പ് ഉണ്ടായിരുന്നു ഇത് ഇപ്പോള്‍ പ്രതിഷേധക്കാര്‍ നിഷേധിക്കുകയാണ്.
സന്നിധാനത്ത് 50 വയസിന് മുകളില്‍ പ്രായമുള്ള സ്ത്രീകള്‍ എത്തുമ്പോള്‍ പ്രായം പരിശോധിച്ച് ബോധ്യപ്പെട്ടിട്ടും പിന്നെയും യുവതിയാണെന്ന് പറഞ്ഞ് ദീര്‍ഘനേരം അവരെ തടഞ്ഞുവയ്ക്കുന്നതായി ആക്ഷേപമുണ്ട്. അപ്പോഴും സുരക്ഷയൊരുക്കേണ്ട പോലീസാകട്ടെ സംയമനപാത പിന്തുടരുകയും ചെയ്യുന്നു. 50 വയസിന് മുകളില്‍ പ്രായമുള്ള സ്ത്രീകളായ ഭക്തരെ തടയുന്നതും ആചാര ലംഘനമാണ്. ഇത് സന്നിധാനത്ത് നടക്കുന്നു. പ്രതിഷേധമെന്ന് പറഞ്ഞതാണ് ഭക്തരെ തടയുന്നതും ബോര്‍ഡ് അറിയിച്ചിരിക്കുന്നത്.
പ്രതിഷേധങ്ങള്‍ ശക്തമായതോടെയാണ് സമരക്കാരെ അനുനയിപ്പിക്കാന്‍ വേണ്ടിയാണ് ആര്‍എസ്എസ് നേതാവ് വത്സന് തില്ലങ്കരി 18-ാം പടിയില്‍ കയറിയത്. ഇദ്ദേഹത്തിന്റെ ഒപ്പമുണ്ടായിരുന്നവരും ഇരുമുടി കെട്ട് ഇല്ലാതെ 18-ാം പടിയില്‍ കയറി.യുവതീ പ്രവേശനമുണ്ടായാല്‍ ആചാര ലംഘനമുണ്ടാകും. ഇതേ തുടര്‍ന്ന നട അടയ്ക്കേണ്ടി വരുമെന്ന് നേരത്തെ തന്ത്രി നിലപാട് സ്വീകരിച്ചിരുന്നു.
പക്ഷേ ആര്‍എസ്എസ് നേതാവ് ഇരുമുടി കെട്ടില്ലാതെ 18-ാം പടി കയറിയതിനെ തുടര്‍ന്ന് ആചാരം ലംഘിക്കപ്പെട്ടതായി ദേവസ്വം ബോര്‍ഡ് അറിയിച്ചതോടെ മണ്ഡലകാലം തുടങ്ങിയാല്‍ ഇനി എന്തുചെയ്യുമെന്ന ആശയകുഴപ്പിലാണ് സര്‍ക്കാര്‍ . പുറമ പറയുന്നില്ലെങ്കിലും സിപിഎമ്മിനുള്ളില്‍ തന്നെ ശബരിമല വിഷയം കൈാര്യം ചെയ്തതിലും ആഭ്യന്തരവകുപ്പിനെതിരെയും ശക്തമായ വികാരമുണ്ട്.