പത്തനംതിട്ട: ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്. മണ്ഡലപൂജയുടെ നാളുകളില്‍ ദര്‍ശനം തേടി എത്തിയത് ആയിരങ്ങളാണ്. കഴിഞ്ഞ രണ്ടുദിവസമായി തുടരുന്ന അഭൂതപൂര്‍വമായ തിരക്കില്‍ അമര്‍ന്നിരിക്കുകയാണ് തീര്ഥാടനപാതകള്. നിയന്ത്രണങ്ങളോടെയാണ് അയ്യപ്പഭക്തരെ മല കയറ്റുന്നത്. ഇന്നലെ മാത്രം ഒരുലക്ഷത്തോളം ആളുകള്‍ ശബരിമലയിലെത്തിയിരുന്നു.
ഇന്നും തിരക്ക് തുടരുകയാണ്. ഇന്നും നാളെയും ദര്‍ശനസമയത്തില്‍ കുറവുള്ളതിനാല്‍ തിരക്ക് നിയന്ത്രണത്തിനായി നടപടികളെടുത്തിട്ടുണ്ട്.
വെര്‍ച്വല്‍ ക്യൂവിലും സ്പോട്ട് ബുക്കിലും ബുക്കിംഗ് പരിമിതപ്പെടുത്തിയിരുന്നെങ്കിലും മുന്‍ദിവസങ്ങളില്‍ ബുക്ക് ചെയ്തവരടക്കം ഒന്നിച്ചെത്തിയതോടെ തിരക്ക് വര്‍ധിക്കുകയായിരുന്നു.
പമ്പയിലേക്കുള്ള വഴികളില്‍ പത്തനംതിട്ട, വടശേരിക്കര, പെരുനാട്, പൊന്‍കുന്നം, എരുമേലി, ഇലവുങ്കല്‍ എന്നിവിടങ്ങളില്‍ ഇന്നലെയും നിയന്ത്രണം വേണ്ടിവന്നു. ഇടത്താവളങ്ങളിലൊഴികെ വാഹനങ്ങള്‍ പിടിച്ചിടുന്നതിനിടെ ഹൈക്കോടതിയുടെ അടിയന്തര ഇടപെടല്‍ വന്നതോടെ വാഹനങ്ങള്‍ വിട്ടുതുടങ്ങി.
പമ്പയില്‍ നിന്നു സന്നിധാനത്തേക്കുള്ള മല കയറ്റത്തിലും മണിക്കൂറുകള്‍ വേണ്ടിവരികയാണ്. കുറഞ്ഞത് 15 മണിക്കൂറെങ്കിലും എടുത്തെങ്കിലും പമ്പയില്‍ നിന്നു സന്നിധാനത്തെത്തി ദര്‍ശനം സാധ്യമാകൂവെന്നതാണ് ഇന്നു രാവിലെ വരെയുള്ള സ്ഥിതി.