പത്തനംതിട്ട: ശബരിമലയുമായി ബന്ധപ്പെട്ട പ്രക്ഷോഭങ്ങളിൽ നിന്നും ബിജെപി തത്കാലത്തേക്ക് പിൻവാങ്ങാൻ തീരുമാനിച്ചതായി റിപ്പോർട്ട്. എന്നാൽ ഇക്കാര്യം പാർട്ടി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. സമരം അവസാനിപ്പിക്കാനുള്ള തീരുമാനം പരസ്യമാക്കേണ്ടെന്നാണ് പാർട്ടി നേതാക്കൾക്കിടയിലെ ധാരണ.
പ്രക്ഷോഭങ്ങൾ അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി യുവമോർച്ച് ഇന്ന് നിലയ്ക്കൽ പോലീസ് സ്റ്റേഷനിലേക്ക് നടത്താനിരുന്ന മാർച്ച് ഉപേക്ഷിച്ചു. ശബരിമലയിലും പരിസരങ്ങളിലും പ്രതിഷേധങ്ങൾ പാടില്ലെന്ന ഹൈക്കോടതി ദേവസ്വം ബെഞ്ചിന്റെ ഉത്തരവാണ് ബിജെപി വിലങ്ങുതടിയായിരിക്കുന്നത്.
മാത്രമല്ല, മണ്ഡലകാലം തുടങ്ങിയ ശേഷം തീർഥാടനം സുഗമമായി മുന്നോട്ടുപോവു കയാണ്. ആദ്യ ദിവസങ്ങളിൽ ഭക്തരുടെ വരവ് കുറവായിരുന്നുവെങ്കിലും ക്രമേണ ആ പ്രവണതയും മാറി.
നിലവിൽ ഓരോ ദിവസവും ഭക്തകരുടെ വരവ് കൂടിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ വീണ്ടും പ്രതിഷേധങ്ങൾ തുടർന്നാണ് തിരിച്ചടിയുണ്ടാക്കുമെന്നും ഭക്തർ എതിരാകുമെന്നും ബിജെപി കണക്കുക്കൂട്ടുന്നുണ്ട്.
മാത്രമല്ല, കെ.സുരേന്ദ്രന്റെ അറസ്റ്റിന് ശേഷം ബിജെപിയുടെ പ്രവർത്തനങ്ങളെല്ലാം താളംതെറ്റിയെന്ന വിമർശനവും ഉയർന്നിരുന്നു. നിയമസഭയിൽ സുരേന്ദ്രന്റെ അറസ്റ്റ് ചോദ്യം ചെയ്യാൻ പാർട്ടിയുടെ ഏക എംഎൽഎയായ ഒ.രാജഗോപാൽ തയാറായില്ലെന്നും വിമർശനമുണ്ട്.
ഹൈക്കോടതി ഉത്തരവും പാർട്ടിയിലെ ചേരിപ്പോരും ശബരിമല വിഷയത്തിൽ നിലവിൽ ബിജെപിക്ക് ഫലത്തിൽ തിരിച്ചടിയാണ് സമ്മാനിച്ചിരിക്കുന്നത്.