ശബരിമല: വൃശ്ചികം ഒന്നു മുതല്‍ ഒരു വര്‍ഷത്തേക്കുള്ള ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ തെരഞ്ഞെടുത്തു. ശബരിമല മേൽശാന്തിയായി മംഗലത്ത് അഴകത്ത് മന എ.വി. ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിയും മാളികപ്പുറം മേൽശാന്തിയായി വരിക്കം ഇല്ലത്ത് അനീഷ് നമ്പൂതിരിയും തെരഞ്ഞെടുക്കപ്പെട്ടു. ചൊവ്വാഴ്ച രാവിലെ ശബരിമല സന്നിധാനത്തും മാളികപ്പുറത്തുമായി നറുക്കെടുപ്പുകളിലൂടെയാണ് ഇരുവരെയും മേൽശാന്തിമാരായി തെരഞ്ഞെടുത്തത്.
ശബരിമല ക്ഷേത്ര ശ്രീകോവിലിനു മുന്നിൽ നടന്ന നറുക്കെടുപ്പിൽ, ശബരിമല മേൽശാന്തി സ്ഥാനത്തേക്കു പരിഗണിക്കപ്പെടാനായി തെരഞ്ഞെടുക്കപ്പെട്ട 14 പേരുകളിൽനിന്നാണ് ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിക്ക് നറുക്കു വീണത്. തൃശൂർ കൊടകര സ്വദേശിയാണ് എ.വി. ഉണ്ണികൃഷ്ണൻ നമ്പൂതിരി. തെരഞ്ഞെടുക്കപ്പെട്ട 12 പേരിൽ നിന്നാണ് കൊല്ലം മൈനാകപ്പള്ളി സ്വദേശി അനീഷ് നമ്പൂതിരിയ്ക്ക് മാളികപ്പുറം മേൽശാന്തിയാകാനുള്ള നറുക്ക് വീണത്.
ചൊവ്വാഴ്ച രാവിലെ ഉഷപൂജയ്ക്കുശേഷം ദേവസ്വം കമ്മീഷണറുടെ സാന്നിധ്യത്തിലാണ് പുതിയ മേല്‍ശാന്തിമാരുടെ തെരഞ്ഞെടുപ്പ് നടന്നത്. പന്തളം കൊട്ടാരത്തിലെ ഇളമുറക്കാരായ സൂര്യവർമയും ഹൃദ്യ വർമയുമാണ് മേൽശാന്തിമാരുടെ നറുക്കെടുത്തത്.