തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് സർക്കാർ വിളിച്ച സർവകക്ഷിയോഗം പരാജയപ്പെട്ടു. രണ്ടര മണിക്കൂറോളം നീണ്ടുനിന്ന ചർച്ചകൾക്കു ശേഷമാണ് അന്തിമതീരുമാനത്തിലേക്കു യോഗം എത്തിച്ചേർന്നത്. യുവതികളെ പ്രവേശിപ്പിക്കുമെന്ന നിലപാടിൽ സർക്കാർ ഉറച്ചു നിന്നതോടെ യുഡിഎഫും ബിജെപിയും യോഗം ബഹിഷ്കരിച്ചു.
സർവകക്ഷിയോഗം പ്രഹസനമാണെന്നും സമവായ നീക്കങ്ങൾ ഉണ്ടായില്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. വിശ്വാസികളെ തല്ലിച്ചതയ്ക്കാനാണ് സർക്കാർ തീരുമാനം. സർക്കാർ വെറുതെ സമയം കളഞ്ഞുവെന്നും ബിജെപി പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്നും എന്നായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ളയുടെ പ്രതികരണം.
സുപ്രീംകോടതി വിധി സർക്കാർ നടപ്പാക്കുമെന്ന് യോഗത്തിന്റെ ആമുഖപ്രസംഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആവർത്തിച്ചിരുന്നു. വിഷയത്തിൽ സർക്കാർ മുൻവിധിയോടെയല്ല പെരുമാറുന്നത്. ശബരിമലയിൽ എത്തുന്ന വിശ്വാസികൾക്ക് സർക്കാർ എല്ലാ സൗകര്യവും ഒരുക്കും. യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് സർക്കാരിന് മറ്റ് വഴികളൊന്നുമില്ല. ശബരിമലയെ സംഘർഷ ഭൂമിയാക്കരുതെന്നും സർവകക്ഷി യോഗത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
സുപ്രീംകോടതി വിധിയിൽ സാവകാശം തേടണമെന്നും അല്ലെങ്കിൽ പുനപരിശോധന ഹർജികൾ പരിഗണിക്കുന്ന ജനുവരി 22വരെ വിധി നടപ്പാക്കരുതെന്നുമെന്ന രണ്ട് നിർദേശങ്ങളാണ് യുഡിഎഫ് മുന്നോട്ട് വച്ചത്. എന്നാൽ സർക്കാർ ഇതിന് തയാറായില്ല. ശബരിമലയിൽ സമാധാനം നിലനിർത്താൻ സർക്കാരിന് അവസരം ഉണ്ടായിരുന്നു. പ്രശ്ന പരിഹാരത്തിന് ലഭിച്ച നല്ലൊരു അവസരമാണ് സർക്കാർ ഇല്ലാതാക്കിയത്. മുഖ്യമന്ത്രിയുടെ തീരുമാനം അറിഞ്ഞയുടൻ തങ്ങൾ ഇറങ്ങിപ്പോവുകയാണെന്നു ചെന്നിത്തല പറഞ്ഞു.
സർക്കാർ മുൻ വിധിയോടെയാണ് സർവകക്ഷിയോഗത്തെ സമീപിച്ചതെന്ന് പി.എസ്. ശ്രീധരൻപിള്ള പറഞ്ഞു. ജനങ്ങളെ വിഡ്ഢികളാക്കാനാണ് സർക്കാരിന്റെ ശ്രമം. സുപ്രീംകോടതിയുടെത് അന്തിമ വിധിയല്ലെന്നും അന്തിമ വിധി വരാനിക്കുന്നതെയുള്ളു. സംസ്ഥാന സർക്കാരും പ്രതിപക്ഷവും ആവശ്യപ്പെട്ടാൽ വിഷയത്തിൽ കേന്ദ്രസർക്കാർ ഇടപെടും. ഇതിന് ബിജെപി എല്ലാ പിന്തുണയും നൽകുമെന്നും ശ്രീധരൻപിള്ള കൂട്ടിച്ചേർത്തു.
സ്ത്രീപ്രവേശന വിഷയത്തിൽ പരസ്യനിലപാട് സ്വീകരിച്ച നിയമമന്ത്രി എ.കെ. ബാലൻ യോഗത്തിൽ പങ്കെടുത്തിരുന്നില്ല. സര്വകക്ഷിയോഗത്തില് എല്ലാ മന്ത്രിമാരും പങ്കെടുക്കേണ്ടതില്ലെന്നായിരുന്നു ബാലന്റെ പ്രതികരണം.