മാഹി: കപട ആചാരവാദികൾ വിശ്വാസികളെ വഴിതെറ്റിക്കുകയാണെന്നും സവർണാധിപത്യം തിരികെ കൊണ്ടുവരാനാണു ചിലർ ശ്രമിക്കുന്നതെന്നും മന്ത്രി കെ.കെ.ശൈലജ. മാഹി സ്പോട്സ് ക്ലബ് ലൈബ്രറി ആൻഡ് കലാസമിതി എണ്‍പതാം വാര്ഷികാഘോഷസമാപന സമ്മേളനം ഉദ്ഘാടനവും ചരിത്രസുവനീര് പ്രകാശനവും നിർവഹിക്കുകയായിരുന്നു അവർ.
അയ്യപ്പനെ അവഹേളിക്കുകയാണവർ ചെയ്യുന്നത്. ദൈവത്തിനു സ്ത്രീ പുരുഷ വ്യത്യാസമില്ല. ആചാര സംരക്ഷകരായി അവതരിച്ചിട്ടുള്ളവരുടെ ഗൂഢലക്ഷ്യങ്ങൾ യഥാർഥ വിശ്വാസികൾ തിരിച്ചറിയണമെന്നും മന്ത്രി പറത്തു.മാഹി കാപ്പിറ്റോള്‍ വെഡിംഗ് സെന്ററില്‍ ചേര്‍ന്ന ചടങ്ങില്‍ ഡോ. വി. രാമചന്ദ്രന് എംഎല്‍എക്കു നല്‍കിയായിരുന്നു സുവനീര്‍ പ്രകാശനം.
കവിയൂര്‍ രാജഗോപാലന്‍ അധ്യക്ഷത വഹിച്ചു. അസീസ് മാഹി സുവനീര്‍ അവലോകനം നിര്‍വഹിച്ചു. എം.മുകുന്ദന് മുഖ്യപ്രഭാഷണം നടത്തി. എം.സി പവിത്രന്, കെ.പി സുനില്‍കുമാര്‍, വി.ജനാര്ദനന് എന്നിവര്‍ സംസാരിച്ചു. എഴുത്തച്ഛന് പുരസ്കാരം നേടിയ എം.മുകുന്ദനെയും ചരിത്രസുവനീര് രൂപകല്പന ചെയ്ത അസീസ് മാഹിയെയും മന്ത്രി ആദരിച്ചു.
മാഹി സ്പോട്സ് ക്ലബ് കുടുംബസംഗമം ഡോ.വി രാമചന്ദ്രന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. വി.ജനാര്ദനന് അധ്യക്ഷത വഹിച്ചു. 70 വയസുകഴിഞ്ഞ അംഗങ്ങളെ എം.മുകുന്ദന് ആദരിച്ചു. കെ.പി സുനില്‍കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കവിയൂര്‍ രാജഗോപാലന്‍, എം.രാഘവന്, ഡോ എ വത്സലന്‍, ശ്രീകുമാര്ഭാനു, കെ.സി നികിലേഷ് എന്നിവര്‍ സംസാരിച്ചു. നാടകവും ഗാനമേളയുമുണ്ടായി.