സ്വന്തം ലേഖകൻ
മാള: കോവിഡ് മഹാമാരി മാറി എല്ലാവർക്കും നല്ലതുവരട്ടെ എന്നാണ് അയ്യപ്പനോടുള്ള ആദ്യപ്രാർത്ഥനയും പ്രധാന പ്രാർത്ഥനയും – ഇരുകൈകളും കൂപ്പി നിയുക്ത ശബരിമല മേൽശാന്തി വി.കെ.ജയരാജ് പോറ്റി പറഞ്ഞു.
നാളുകളായുള്ള ആഗ്രഹത്തിന് അയ്യപ്പ നിയോഗമായി ശബരിമല മേൽശാന്തിയായി സേവനമനുഷ്ഠിക്കാനുള്ള അവസരം ലഭിച്ചിരിക്കുകയാണെന്നും ജയരാജ് പോറ്റി പറഞ്ഞു.
മാള പൂപ്പത്തി വാരിക്കാട്ട് കുടുംബാംഗമായ ഇദ്ദേഹം 2005-2006 കാലഘട്ടത്തിൽ മാളികപ്പുറം മേൽശാന്തിയായിരുന്നു. അന്നുതൊട്ടുള്ള വലിയൊരു ആഗ്രഹമായിരുന്നു അയ്യപ്പനെ പൂജിക്കണം എന്നത്. ഈ ആഗ്രഹത്തിനാണിപ്പോൾ അയ്യപ്പന്റെ നിയോഗം ലഭിച്ചതെന്ന് ഇദ്ദേഹം പറഞ്ഞു.
ഇപ്പോൾ നാറാണത്ത് ശ്രീമഹാവിഷ്ണു സന്നിധിയിൽ പൂജാദി കർമ്മങ്ങളിൽ വ്യാപൃതനാണിദ്ദേഹം. എല്ലാവർക്കും നന്മവരട്ടെയെന്നും കോവിഡ് മഹാമാരി വേഗം മാറി ജനങ്ങളുടെ നിത്യ ജീവിതം സാധാരണ നിലയിലാകട്ടെയെന്നും അയ്യപ്പന്റെ തുണയാൽ ശബരിമല തീർഥാടനം വേഗം സാധ്യമാകട്ടെയെന്നും നിയുക്ത മേൽശാന്തി രാഷ്ട്രദീപികയോട് പറഞ്ഞു.
പാരന്പര്യ പുരോഹിത കുടുംബാഗമായ ജയരാജ് പോറ്റി ദക്ഷിണേന്ത്യയിലെ പ്രമുഖ അയ്യപ്പ ക്ഷേത്രങ്ങളിലൊന്നായ ബംഗളൂരു ജാലഹള്ളി അയ്യപ്പക്ഷേത്രത്തിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
അയ്യപ്പ പൂജാദി കർമ്മങ്ങളിൽ പാരന്പര്യമായി പ്രസിദ്ധിയാർജിച്ച തറവാട്ടിലെ കൃഷ്ണൻ എന്പ്രാതിരിയുടെ മകനാണിദ്ദേഹം. ഭാര്യ ഉമ അന്തർജനം. വിദ്യാർഥികളായ അക്ഷയ്, അച്ചു എന്നിവരാണ് മക്കൾ.
എല്ലാം പിതാവിന്റെ അനുഗ്രഹത്തിന്റെയും പ്രാര്‍ഥനയുടെയും ഫലം: രജികുമാർ
അങ്കമാലി: എല്ലാം പിതാവിന്റെ അനുഗ്രഹത്തിന്റെയും പ്രാര്‍ത്ഥനയുടെയും ഫലമാണെന്ന് ശബരിമല മാളികപ്പുറം മേല്‍ശാന്തിയായി തെരഞ്ഞെടുക്കപെട്ട അങ്കമാലി വേങ്ങൂര്‍ മൈലക്കോടത്ത് മനയില്‍ എം.എന്‍. രജികുമാർ (ജനാര്ദ്ദനന് നമ്പൂതിരി ) പറയുന്നു.
പിതാവിന്റെ ഏറ്റവും വലിയ ആഗ്രഹമാണ് സഫലമായത്. എന്നാല്‍ തന്റെ നേട്ടം കാണാന്‍ ഇല്ലാതെ പോയതു വലിയ സങ്കടമാണ്. അഞ്ച് ദിവസം മുന്‍പാണ് അദേഹത്തിന്റെ പിതാവ് നീലകണ്ഠന് നമ്പൂതിരി മരണമടഞ്ഞത്.
പിതാവിന്റെയും ഭക്തജനങ്ങളുടെയും പ്രാര്‍ത്ഥനയുടെ ഫലമാണ് പുതിയ നിയോഗമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. ഗിരിജ അന്തര്‍ജനമാണ് അമ്മ. ഭാര്യ: രജനി. മക്കള്‍: ശബരീനാഥ്, ഗൗരി. സഹോദരങ്ങള്‍: അനില്‍ നാരായണന് നമ്പൂതിരി, സുനില്‍ നീലകണ്ഠന് നമ്പൂതിരി.