ശബരിമല: ശബരിമലയിലെ പുതിയ മേല്‍ശാന്തിയായി ടി.എം. ഉണ്ണികൃഷ്ണന് നമ്പൂതിരിയെ തെരഞ്ഞെടുത്തു. എം. മനുകുമാര്‍ ആണ് പുതിയ മാളികപ്പുറം ക്ഷേത്രം മേല്‍ശാന്തി. ദേവസ്വം അധികൃതരുടേയും ശബരിമല സ്പെഷല്‍ കമ്മീഷണറുടെയും സാന്നിധ്യത്തിലായിരുന്നു നറുക്കെടുപ്പ്. ഉണ്ണികൃഷ്ണന് നമ്പൂതിരി പാലക്കാട് ചെര്‍പ്ലശേരി തെക്കുപുറത്ത് മഠാംഗമാണ്. വൃശ്ചികം ഒന്നിന് ശബരിമല സന്നിധാനത്തെത്തി ചുമതലയേല്‍ക്കുന്ന ഉണ്ണികൃഷ്ണന് നമ്പൂതിരി വരുന്ന ഒരു വര്‍ഷം പുറപ്പെടാ ശാന്തിയായി സന്നിധാനത്ത് കഴിയും. മാളികപ്പുറം മേല്‍ശാന്തിമാരുടെ പട്ടികയിലും ഉണ്ണികൃഷ്ണന് നമ്പൂതിരി ഉള്‍പ്പെട്ടിരുന്നു. മുന്‍ ഗുരുവായൂര്‍ മേല്‍ശാന്തിയാണ് ഉണ്ണികൃഷ്ണന് നമ്പൂതിരി. കോട്ടയം ചങ്ങനാശേരി സ്വദേശിയാണ് മനുകുമാര്‍.
രാവിലെ എട്ടോടെയാണു പുതിയ മേല്‍ശാന്തിമാരെ നറുക്കെടുപ്പിലൂടെ നിശ്ചയിച്ചത്. പന്തളത്തുനിന്നുള്ള നവനീത് സോപാനത്തില്‍ ശബരിമല മേല്‍ശാന്തിയുടെയും ലാവണ്യ മാളികപ്പുറം മേല്‍ശാന്തിയുടെയും നറുക്കുകള്‍ എടുത്തു. പ്രാഥമിക നടപടികള്‍ പൂര്‍ത്തിയാക്കി അംഗീകരിച്ച പട്ടികയില്‍ നിന്നായിരുന്നു നറുക്കെടുപ്പ്. ശബരിമല മേല്‍ശാന്തി സ്ഥാനത്തേക്ക് 15 പേരുകളും മാളികപ്പുറം മേല്‍ശാന്തി സ്ഥാനത്തേക്ക് 11 പേരുകളുമായിരുന്നു നറുക്കിട്ടത്.