ശബരിമല: ശബരിമല ധർമശാസ്താ ക്ഷേത്രം മേൽശാന്തിയായി എ.കെ. സുധീർ നന്പൂതിരി (40) മാളികപ്പുറം മേൽശാന്തിയായി എം.എസ്. പരമേശ്വരൻ നന്പൂതിരി (43) എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.ശബരിമല ക്ഷേത്രം സോപാനത്ത് ഇന്നു രാവിലെ മാധവ് കെ. വർമ (പന്തളം) യാണ് മേൽശാന്തിയുടെ നറുക്കെടുത്തത്. ഒന്‍പത് പേരുകളാണ് ശബരിമലയിൽ നറുക്കിടാനുണ്ടായിരുന്നത്.
പട്ടികയിലെ ആറാം പേരുകാരനായ സുധീർ നന്പൂതിരിയുടെ പേര് അവസാന റൗണ്ടിലാണ് നറുക്കെടുത്തത്. ഇതോടോപ്പം ശബരിമല മേൽശാന്തി എന്ന കുറിപ്പും ലഭിച്ചതോടെ ഇദ്ദേഹത്തെ തെരഞ്ഞെടുത്തതായി പ്രഖ്യാപിച്ചു.മലപ്പുറം ജില്ലയിലെ തിരുനാവായ സ്വദേശിയാണ് സുധീർ നന്പൂതിരി. തിരുനാവായ നാവായിക്കുളം ക്ഷേത്രത്തിലെ മേൽശാന്തിയാണ്.
മലബാർ മേഖലയിലെ പ്രധാന ക്ഷേത്രങ്ങളിലെല്ലാം തന്നെ ഇദ്ദേഹം മേൽശാന്തിയായി പ്രവർത്തിച്ചിട്ടുണ്ട്.മാളികപ്പുറത്ത് കാഞ്ചന കെ. വർമ എന്ന കുട്ടിയാണ് മാളികപ്പുറത്തു നറുക്കെടുത്തത്. ആറാം റൗണ്ടിലാണ് മാളികപ്പുറം മേൽശാന്തിയായി എം.എസ്. പരമേശ്വരൻ നന്പൂതിരിയുടെ പേരും ഒപ്പം മാളികപ്പുറം മേൽശാന്തി എന്ന കുറിപ്പും നറുക്കെടുത്തത്.
പരമേശ്വരൻ നന്പൂതിരി ആലുവ സ്വദേശിയാണ്. എറണാകുളത്തെ പല ക്ഷേത്രങ്ങളിലും മേൽശാന്തിയായിരുന്നിട്ടുണ്ട്. നിലവിൽ ആലുവ പുളിയറ ക്ഷേത്രത്തിലെ മേൽശാന്തിയാണ്.മണ്ഡലകാലം ആരംഭിക്കുന്പോൾ മാത്രമേ പുതിയ മേൽശാന്തിമാര്‍ ചുമതലയേൽക്കുകയുള്ളൂ. നേരത്തെ തുലാംമാസ പൂജയ്ക്കു നട തുറക്കുന്പോഴായിരുന്നു നറുക്കെടുപ്പ്. ഇത്തവണ മുതലാണ് ഇത് ചിങ്ങമാസത്തിലേക്കാക്കിയത്.