പത്തനംതിട്ട: മണ്ഡലകാലത്ത് അയ്യനെ കണ്ട് തൊഴുതു മടങ്ങാൻ ഭക്തരുടെ തിരക്കാണ്. ദിവസവും ലക്ഷക്കണത്തിന് ആളുകളാണ് ശബരിമലയിൽ എത്തുന്നത്. ശബരിമലയിൽ ദർശനത്തിനെത്തിയ ആറു വയസ്സുകാരിക്ക് പാമ്പുകടിയേറ്റു.
കാട്ടാക്കട സ്വദേശിനിയാണ് കുട്ടി. സ്വാമി അയ്യപ്പൻ റോഡിലെ ഒന്നാം വളവിലായിരുന്നു സംഭവം. നടതുറന്ന് ഏഴ് ദിവസത്തിനുള്ളിൽ രണ്ടാമത്തെ സംഭവമാണിത്.
കുട്ടിക്ക് ഉടൻ തന്നെ ആൻറി സ്നാക്ക് വെനം നൽകി കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. കുട്ടിയുടെ ആരോഗ്യസ്ഥിതിയിൽ പ്രശ്നമില്ല.
മരക്കൂട്ടത്ത് ചന്ദ്രാനന്ദൻ റോഡിൽ മലപ്പുറം സ്വദേശിയായ സജിത്തിന്(40) ചൊവ്വാഴ്ച പാമ്പുകടിയേറ്റിരുന്നു. പിന്നെയും പാമ്പിനെ ഇതേ സ്ഥലത്ത് കണ്ടതായി കച്ചവടക്കാർ വനവകുപ്പിനെ അറിയിച്ചിരുന്നു.