പത്തനംതിട്ട: നിലയ്ക്കലിൽ ഗോശാലയ്ക്ക് സമീപം പുതിയ പാർക്കിംഗ് ഗ്രൗണ്ട് പ്രവർത്തനസജ്ജമാണെന്നും 18,564 ചതുരശ്ര മീറ്റർ സ്ഥലത്ത് വാഹനങ്ങൾ പാർക്ക് ചെയ്യുന്നുണ്ടെന്നും ജില്ലാ കളക്ടർ പി.ബി നൂഹ് പറഞ്ഞു. മണ്ഡല-മകര വിളക്ക് ആരംഭിച്ച നവംബർ 17 മുതൽ തന്നെ ഇവിടെ വാഹനങ്ങൾക്ക് പാർക്കിംഗ് സൗകര്യം ഏർപ്പെടുത്തിയിരുന്നു. 20,000 ചതുരശ്ര മീറ്റർ പാർക്കിംഗ് സ്ഥലം ഒരുക്കാനാണ് ലക്ഷ്യമിടുന്നത്.
പുതിയ പാർക്കിംഗ് ഗ്രൗണ്ടിൽ നിലവിൽ 26 പാർക്കിംഗ് ബേകൾ നിർമ്മിച്ചിട്ടുണ്ട്. 4,211 ചതുരശ്ര മീറ്ററോളം ഓപ്പണ് ഗ്രൗണ്ടായി നിലനിർത്തിയിട്ടുണ്ട്. ആയിരത്തോളം കാറുകൾക്ക് ഒരേ സമയം പാർക്ക് ചെയ്യാൻ നിലവിൽ സൗകര്യമുണ്ട്. പാർക്കിംഗ് ഗ്രൗണ്ടിൽ ഒരു കിലോമീറ്ററോളം പാത ഒരുക്കിയിട്ടുണ്ട്. കൂടാതെ നിലയ്ക്കലിലെ മറ്റ് 16 പാർക്കിംഗ് ഗ്രൗണ്ടുകളിൽ ചെറുതും വലുതുമായ 9000 വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ സൗകര്യമുണ്ട്.
ശബരിമല ഡ്യൂട്ടിക്കെത്തിയ പോലീസ്, കെഎസ്ആർടിസി തുടങ്ങിയ വിവിധ വകുപ്പുകളിലെ 600 ജീവനക്കാർക്ക് താമസിക്കുന്നതിനായുള്ള അധിക താത്കാലിക താമസ സൗകര്യവും ക്രമീകരിച്ചിട്ടുണ്ട്. പന്തലുകളുടെ മേൽക്കൂര, പ്ലൈവുഡ് മറകൾ, പരവതാനി,പ്ലൈവുഡ് കട്ടിലുകൾ, ഇലക്ട്രിക് വർക്കുകൾ തുടങ്ങിയവയുടെ ക്രമീകരണങ്ങൾ പൂർണമായിട്ടുണ്ട്.
25 താത്കാലിക ശൗചാലയങ്ങളും, 15 കുളിമുറികളും 5000 ലിറ്റർ ശേഷിയുള്ള 16 ടാങ്കുകളും ഹെലിപാടിന് സമീപത്തെ പുതിയ താൽക്കാലിക താമസസ്ഥലത്ത് സ്ഥാപിച്ചിട്ടുണ്ട്. അധിക താത്കാലിക പാർക്കിംഗ് ഗ്രൗണ്ടിലും അധിക താമസ സൗകര്യമൊരുക്കുന്ന സ്ഥലം പൂർണമായും വൈദ്യുതീകരിച്ചു.
കാട്ടുമൃഗങ്ങളിൽ നിന്നു രക്ഷനേടാൻസോളാർ വൈദ്യുത വേലി
പത്തനംതിട്ട: ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് നിലയ്ക്കലിൽ ഡ്യൂട്ടിക്കെത്തുന്ന കെഎസ്ആർടിസി, പോലീസ് ജീവനക്കാരുടെ താത്കാലിക താമസസൗകര്യം ഒരുക്കിയിടത്ത് കാട്ടാന, കാട്ടുപന്നി എന്നിവയുടെ ആക്രമണം പതിവായ സാഹചര്യത്തിൽ സോളാർ വൈദ്യുത വേലി(സോളാർ ഫെൻസിംഗ്) സ്ഥാപിച്ചു.
ഒരു കിലോമീറ്റർ ചുറ്റളവിൽ ഹൈ ഡിസി വോൾട്ടേജുള്ള സോളാർ വൈദ്യുത വേലിയാണു പൊതുമരാമത്ത് വകുപ്പ് ഇലക്ട്രോണിക്സ് വിഭാഗം സ്ഥാപിച്ചിരിക്കുന്നതെന്ന് അസിസ്റ്റന്റ് എൻജിനീയർ മാത്യു ജോണ് പറഞ്ഞു. മൂന്നു ലക്ഷം രൂപയാണ് ഇതിന്റെ ചെലവ്. ഈ വൈദ്യുതി വേലിക്ക് കാട്ടുമൃഗങ്ങളെ ആ പ്രദേശത്തേക്കു കടക്കാൻ കഴിയാത്ത രീതിയിൽ തടയാനാകും. മാത്രമല്ല കാട്ടുമൃഗങ്ങൾക്കു വൈദ്യുതി വേലികൊണ്ട് അപകടമുണ്ടാകുകയുമില്ലെന്നും അദ്ദേഹം പറഞ്ഞു.
ആരോഗ്യ വകുപ്പിന്റെ 16 ഇഎംസികൾ
ശബരിമല: പന്പയിൽ നിന്നു ശബരിമല സന്നിധാനത്തേക്ക് മല കയറുന്ന അയ്യപ്പഭക്തർക്ക് അടിയന്തര വൈദ്യസഹായം നൽകുന്നതിന് 16 എമർജൻസി മെഡിക്കൽ സെന്ററുകൾ(ഇഎംസി) പ്രവർത്തനം ആരംഭിച്ചതായി ജില്ലാ നോഡൽ ഓഫീസർ ഡോ.ആർ. സന്തോഷ് കുമാർ പറഞ്ഞു.
ഈ വർഷത്തെ ശബരിമല തീർഥാടനം തുടങ്ങിയ ശേഷം ഹൃദയാഘാതം സംഭവിച്ച് ഇഎംസികളിൽ എത്തിച്ച 15 പേരിൽ 12 തീർഥാടകരുടെ ജീവൻ രക്ഷപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു. എല്ലാ ഇഎംസികളിലും രക്തസമ്മർദം, രക്തത്തിലെ ഓക്സിജൻ നില എന്നിവ പരിശോധിക്കുക, ശ്വാസതടസമുണ്ടായാൽ നെബുലൈസേഷൻ നൽകുക, ഡിഫിബ്രിലേറ്റർ തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇതിനു പുറമേ കാൽതട്ടിയുള്ള മുറിവുകൾക്ക് ഡ്രസിംഗ് ചെയ്തു നൽകും. ഇഎംസികളിൽ സന്ധിവേദനയ്ക്കുള്ള മരുന്നുകളും ജെല്ലും ഒഴിച്ച് മറ്റു മരുന്നുകളൊന്നും നൽകുന്നില്ല.
നിലയ്ക്കലിലെ പാർക്കിംഗ്: അമിത ഫീസ് ഈടാക്കിയത് സ്ക്വാഡ് പിടികൂടി
ശബരിമല: ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് നിലയ്ക്കൽ പാർക്കിംഗ് ഗ്രൗണ്ടിൽ വാഹനം പാർക്ക് ചെയ്യുന്നതിന് അമിത നിരക്ക് ഈടാക്കിയ നടത്തിപ്പുകാരിൽ നിന്ന് ഡ്യൂട്ടി മജിസ്ട്രേറ്റിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സ്ക്വാഡ് പണം തിരികെ വാങ്ങി തീർഥാടകർക്ക് നൽകി.
നിലയ്ക്കലിൽ പാർക്കിംഗ് ഫീസായി ബസിന് 100 രൂപ, മിനി ബസ് 75 രൂപ, നാലുചക്ര വാഹനങ്ങൾ(അഞ്ച് പാസഞ്ചർ സീറ്റ് മുതൽ 14 വരെ) 50 രൂപ, മിനി കാർ(നാല് പാസഞ്ചർ സീറ്റ് വരെ) 30 രൂപ, മുചക്ര വാഹനം 15 രൂപ എന്നിങ്ങനെയാണ് പാർക്കിംഗിന് നിശ്ചയിച്ചിരിക്കുന്ന ഫീസ്. നിലയ്ക്കൽ പാർക്കിംഗ് ഗ്രൗഡിൽ ഇരുചക്ര വാഹനങ്ങൾക്ക് പാർക്കിംഗ് സൗജന്യമാണ്.
നിലയ്ക്കൽ ഡ്യൂട്ടി മജിസ്ട്രേറ്റ് ബിജുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സ്ക്വാഡ് നടത്തിയ പരിശോധനയിൽ കൂടുതൽ തുക ഈടാക്കുന്നതായി കണ്ടെത്തി.തുടർന്ന് പാർക്കിംഗ് നടത്തിപ്പുകാരിൽ നിന്ന് തുക തിരികെ വാങ്ങി തീർഥാടകർക്ക് നൽകുകയായിരുന്നു.
പാർക്കിംഗ് നിരക്ക് അമിതമായി ഈടാക്കുന്നില്ലെന്ന് ഉറപ്പുവരുത്താൻ മോട്ടോർ വാഹന വകുപ്പ് 24 മണിക്കൂറും പരിശോധന നടത്തുന്നുണ്ട്. പാർക്കിംഗ് ഫീസായി നിശ്ചയിച്ച തുകയിൽനിന്ന് അമിതമായി തുക ഈടാക്കുന്നതായി ശ്രദ്ധയിപ്പെട്ടാൽ തീർഥാടകർക്ക് ഡ്യൂട്ടി മജിസ്ട്രേറ്റ്, മോട്ടോർ വെഹിക്കിൾ ഇൻപെക്ടർ എന്നിവരോട് പരാതിപ്പെടാം. അമിത ഫീസ് ഈടാക്കിയാൽ 9446522061, 04735 205320 ഈ നന്പറുകളിൽ വിളിക്കാം.