ശബരിമല: വഴിപാടുകള്‍ അട്ടിമറിക്കാന്‍ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നതായി പരാതി. ശബരിമലയിലേക്കു ഭക്ഷ്യസാമഗ്രികളുമായി വരുന്ന ലോറികള്‍ പരിശോധനയുടെ പേരു പറഞ്ഞ് ദിവസങ്ങളോളം പമ്പയില്‍ തടഞ്ഞിടുകയാണ്. അരി, ശര്‍ക്കര, ഏലയ്ക്ക എന്നിവട അടങ്ങിയ ലോറികളാണ് പിടിച്ചിട്ടിരിക്കുന്നത്. ഉദ്യോഗസ്ഥര്‍ ലോറിയില്‍ കയറി സാമ്പിള്‍ പരിശോധിക്കുകയും ഗുണമേന്മ ഇല്ലാത്തവ തിരിച്ചയയ്ക്കുയുമാണ് വേണ്ടതെന്ന് ദേവസ്വം ഉദ്യോഗസ്ഥര്‍ പറഞ്ഞു. അരിയുമായി വന്ന ലോറി അരിയുടെ ബ്രാന്‍ഡ് നെയിം ഇല്ലെന്നു പറഞ്ഞു എട്ടുദിവസമായി പമ്പയില്‍ തടഞ്ഞിട്ടിരിക്കുകയാണ്.
ഇന്നലെ രാവിലെ ശബരിമല ദേവസ്വം അതിഥി മന്ദിരത്തില്‍ കൂടിയ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരുടെ സമീപനത്തിനെതിരേ ശക്തമായ പ്രതിഷേധമാണുണ്ടായത്. സാധനങ്ങള്‍ പരിശോധിക്കുന്നതില്‍ തങ്ങള്‍ക്കു യാതൊരു എതിര്‍പ്പുമില്ലെന്നും എന്നാല്‍, പരിശോധന സുതാര്യമായും വേഗത്തിലുമാകണം എന്നുമാത്രമേ ഉള്ളൂവെന്ന് ദേവസ്വം ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പരസ്യമായിട്ടുള്ള ടെന്‍ഡര്‍ നടപടികളിലൂടെയാണ് ശബരിമലയിലേക്കു സാധനങ്ങള്‍ വാങ്ങുന്നത്. പരിശോധനയുടെ മറവില്‍ വാഹനങ്ങള്‍ പിടിച്ചിടുന്നതില്‍ ദുരൂഹതയുണ്ടെന്നു സംശയിക്കുന്നതായി ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥന് രാഷ്ട്രദീപികയോടു പറഞ്ഞു.പമ്പയില്‍ ഭക്ഷ്യസുരക്ഷാ കമ്മീഷന്റെ ലാബ് അസിസ്റ്റന്റ് എന്ന തസ്തികയില്‍ ദിവസവേതനത്തില്‍ നിയമിച്ചവരാണ് പരിശോധന നടത്തുന്നത്. എന്നാല്‍, ഇവര്‍ക്കു ശമ്പളം കൊടുക്കുന്നത് ദേവസ്വം ബോര്‍ഡുമാണ്. എന്നിട്ടും ശബരിമലയിലെ പ്രവര്‍ത്തനങ്ങളെ അട്ടിമറിക്കാനുള്ള ഗൂഢശ്രമാണ് ഉണ്ടാകുന്നതെന്നും ഈ നില തുടര്‍ന്നാല്‍ ഹൈക്കോടതിയിലെ ദേവസ്വം ബോര്‍ഡിന്റെ ബഞ്ചില്‍ കൊണ്ടുവരുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ശബരിമലയില്‍ ഇന്ന്
ഉച്ചയ്ക്ക് 12.30ന് ഉച്ചപൂജ
മൂന്നിന് നട തുറക്കല്‍
6.30ന് ദീപാരാധന
രാത്രി ഏഴിന് പുഷ്പാഭിഷേകം
പത്തിന് അത്താഴ പൂജ
10.20ന് ഹരിവരാസനം
10.30ന് നട അടയ്ക്കല്‍
അവലോകനയോഗം 14ന്
ശബരിമല: മണ്ഡലംമകരവിളക്ക് തുടര്‍ അവലോകനയോഗം 14 ന് രാവിലെ 11 ന് ശബരിമല ഗസ്റ്റ് ഹൗസില്‍ ചേരാന്‍ തീരുമാനിച്ചു. ഇന്നലെ നടന്ന യോഗത്തില്‍ വിവിധ വകുപ്പുകള്‍ നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ ഡ്യൂട്ടി മജിസ്ട്രേറ്റ്, എക്സിക്യൂട്ടീവ് ഓഫീസര്‍, പോലീസ് അസിസ്റ്റന്റ് സ്പെഷല്‍ ഓഫീസര്‍ എന്നിവരുടെ നേതൃത്വത്തില്‍ അവലോകനം ചെയ്തു.
കെഎസ്ആര്‍ടിസിയില്‍ കുടിവെള്ളവും പ്രാഥമിക സൗകര്യങ്ങളുമില്ല
ശബരിമല: പമ്പയില്‍ പ്രാഥമികാവശ്യങ്ങള്‍ക്കും കുടിവെള്ളത്തിനും സൗകര്യമില്ലാതെ അയ്യപ്പഭക്തര്‍. കെഎസ്ആര്‍ടിസി ബസില്‍ വന്നിറങ്ങുന്ന ഭക്തജനങ്ങളാണ് കുടിവെള്ളവും പ്രാഥമിക സൗകര്യങ്ങളും ഇല്ലാതെ വലയുന്നത്. കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കായി പരിമിത സൗകര്യങ്ങളുള്ള ശുചിമുറികള്‍ ഉണ്ടെങ്കിലും ഇവിടെ പൊതുജനങ്ങള്‍ക്ക് ശുചിമുറികളേയില്ല. കുടിവെള്ള വിതരണത്തിനായി സ്ഥാപിച്ചിട്ടുള്ള ആര്‍ഒ പ്ലാന്റുകളില്‍ വെള്ളം ലഭിക്കാതായിട്ട് ദിവസങ്ങള്‍ പിന്നിട്ടു.
പ്ലാസ്റ്റിക് നിര്‍മാര്‍ജനത്തിന്റെ ഭാഗമായി കുപ്പിവെള്ളംകൂടി നിരോധിച്ചതോടെ കുടിവെള്ളത്തിനായി ഭക്തരുടെ നെട്ടോട്ടമാണ്. ജലവിതരണ വകുപ്പാണ് പമ്പയിലും വിവിധ ഇടങ്ങളിലും ശുദ്ധീകരിച്ച കുടിവെള്ള വിതരണത്തിനായി ആര്‍ഒ പ്ലാന്റുകള്‍ സ്ഥാപിച്ചിട്ടുള്ളത്. വാഹനങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള ടാങ്കറുകളില്‍ നിലയ്ക്കലില്‍നിന്നും വെള്ളം ശേഖരിക്കുന്നതാണ് പമ്പയില്‍ കുടിവെള്ളം എത്താത്തതെന്നാണ് ആക്ഷേപം. കുടിവെള്ളത്തിനായി കടകളെ ആശ്രയിക്കുന്ന ഭക്തരെ കടക്കാര് കൊള്ളയടിക്കുകയാണ്. ഒരു ഗ്ലാസ് വെള്ളത്തിന് 10 രൂപവരെ ചില സ്ഥലങ്ങളില്‍ ഈടാക്കുന്നുണ്ട്.
പൊതു ശൗചാലയങ്ങള്‍ ഇല്ലാത്തതാണ് ഭക്തരെ ഏറെ ബുദ്ധിമുട്ടിക്കുന്നത്. കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍നിന്നും ഏതാണ്ട് ഒരു കിലോമീറ്റര്‍ അകലെ പമ്പാഗണപതി ക്ഷേത്രത്തിന് സമീപമാണ് ശൗചാലയമുള്ളത്. തിരക്കിനിടയിലൂടെ ഇവിടെ എത്താന്‍ മണിക്കൂറുകള്‍ എടുക്കേണ്ടിവരും. വനംവകുപ്പ് സ്ഥലം വിട്ടുനല്‍കാന്‍ തയാറാകുന്നില്ലെന്നാണ് അധികൃതരുടെ വാദം. എന്നാല്‍ കഴിഞ്ഞ തീര്‍ഥാടനകാലം വരെ ഇവിടെ ഇ ടോയ്ലറ്റുകള് സ്ഥാപിച്ചിരുന്നു. സ്ഥിരം സംവിധാനം ഉണ്ടാകുന്നതുവരെ ഇടോയ്ലറ്റുകള്‍ സ്ഥാപിക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല.
നീലിമലയില്‍ ആര്‍ഒ പ്ലാന്റ് പ്രവര്‍ത്തനം ആരംഭിച്ചു
ശബരിമല: അയ്യപ്പന്മാര്ക്ക് കുടിവെള്ളം സുലഭമാക്കുന്നതിനായി ജലവകുപ്പ് കൂടുതല്‍ ഇടങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി നീലിമലയില്‍ ദിവസം 20,000 ലിറ്റര്‍ കുടിവെള്ളം ലഭ്യമാക്കുന്ന ആര്‍ഒ പ്ലാന്റ് പ്രവര്‍ത്തനം ആരംഭിച്ചു. ഇന്നലെ കിയോസ്കുകള്‍ സ്ഥാപിക്കുന്ന അവസാനവട്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയായതോടെ കുടിവെള്ള വിതരണം പൂര്‍ണതോതിലായതായി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ രാജേഷ് ഉണ്ണിത്താന് പറഞ്ഞു.
അപ്പാച്ചിമേടു മുതല്‍ നീലിമലവരെ നിലവില്‍ 17 കിയോസ്കുകള്‍ ഉണ്ട്. ഇവയുടെ എണ്ണം വര്‍ധിപ്പിക്കും. ചുക്കുവെള്ളവിതരണം കാര്യക്ഷമമായി നടക്കുന്നുണ്ടെങ്കിലും ജലദൗര്‍ലഭ്യം അയ്യപ്പന്മാരെ ബുദ്ധിമുട്ടിലാക്കുന്ന സാഹചര്യത്തിലാണ് പത്ത് ടാപ്പുകള്‍ അടങ്ങിയ അഞ്ചുവീതം കിയോസ്കുകള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. നിലവില്‍ ചെളിക്കുഴിവരെ ജലവിതരണ സംവിധാനം ജല അഥോറിറ്റി ഏര്‍പ്പെടുത്തിയിട്ടുണ്ട്.