ശബരിമല: ശബരിമലയിലെത്തുന്ന കുട്ടികള്‍ക്കു സുഗമമായ ദര്‍ശനം ഉറപ്പാക്കാൻ ദേവസ്വം ബോര്‍ഡ് ഒരുക്കിയ പ്രത്യേക ഗേറ്റ് സംവിധാനം സജ്ജമായി.
നടപ്പന്തലിലെ ഒമ്പതാമത്തെ വരിയിലൂടെ എത്തുന്ന കൊച്ചയ്യപ്പന്മാര്‍ക്കും കൊച്ചുമാളികപ്പുറങ്ങള്‍ക്കും പോലീസിന്റെ സഹായത്തോടെ പതിനെട്ടാം പടി കയറി മുകളിലെത്തി ഫ്ളൈ ഓവര്‍ ഒഴിവാക്കി ശ്രീകോവിലിന്റെ ഭാഗത്തായി സജ്ജീകരിച്ച കവാടത്തിലൂടെ ശ്രീകോവിലിനു മുന്നിലേക്കു നേരിട്ടെത്താം.
ദര്‍ശനത്തിനായുള്ള ആദ്യനിരയിലാണ് ഇവര്‍ക്കു സ്ഥാനം ലഭിക്കുക. കുട്ടികളെയും അവര്‍ക്കൊപ്പമുള്ള ഒരു രക്ഷാകര്‍ത്താവിനെയുമാണ് ഇതുവഴി കടത്തിവിടുന്നത്. ഈ സംവിധാനം ദുരുപയോഗം ചെയ്യാതിരിക്കാന്‍ ദേവസ്വം ഗാര്‍ഡുമാരും പോലീസും ഡ്യൂട്ടിക്ക് ഉണ്ട്.
ഇന്നലെ രാവിലെ മുതല്‍ തന്നെ പുതിയ സംവിധാനം ഭക്തജനങ്ങള്‍ക്കു ലഭ്യമാക്കിയിട്ടുണ്ടെന്നും രക്ഷിതാക്കള്‍, പ്രത്യേകിച്ച് ഇതരസംസ്ഥാനക്കാര്‍ വളരെ സന്തോഷത്തോടെയും ആശ്വാസത്തോടെയുമാണു പുതിയ സൗകര്യം പ്രയോജനപ്പെടുത്തുന്നതെന്നും ദേവസ്വം ബേര്‍ഡ് പ്രസിഡന്റ് പി. എസ്. പ്രശാന്ത് പറഞ്ഞു. പമ്പയില്‍നിന്ന് മലകയറിയശേഷം കുട്ടികളെയുംകൊണ്ട് ഒത്തിരിനേരം ക്യൂ നില്‍ക്കേണ്ട സാഹചര്യമാണ് ഇതോടെ ഒഴിവാക്കുന്നത്.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും പരമാവധി സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക എന്ന സര്‍ക്കാര്‍ നിര്‍ദേശം ദേവസ്വം ബോര്‍ഡ് കര്‍ശനമായി നടപ്പാക്കുമെന്നും പ്രസിഡന്റ് പറഞ്ഞു.
നടപ്പന്തലില്‍ മാളികപ്പുറം, ഭിന്നശേഷിക്കാര്‍, മുതിര്‍ന്ന പൗരന്മാര് എന്നിവര്‍ക്ക് പതിനെട്ടാംപടി കയറുന്നതിലേക്കു പ്രത്യേക ക്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതു കൂടാതെയാണു കുട്ടികള്‍ക്കു ദര്‍ശനത്തിനു പ്രത്യേക സംവിധാനം ഒരുക്കിയിരിക്കുന്നത്.