സ്വന്തം ലേഖകൻ
തിരുവനന്തപുരം: ശബരിമല സീസൺ കണക്കിലെടുത്ത് പത്ത് അധിക സ്പെഷൽ ട്രെയിനുകൾ കൂടി സർവീസ് നടത്തുമെന്ന് റെയിൽവെ.സെക്കന്തരാബാദ്, ഹൈദരാബാദ്, കച്ചെഗുഡ (തെലുങ്കാന), കാക്കിനട (ആന്ധ്ര പ്രദേശ്) എന്നിവിടങ്ങളിൽ നിന്നു കൊല്ലത്തേക്കും തിരിച്ചുമാണ് സ്പെഷൽ സർവീസ് നടത്തുന്നത്.
കൊല്ലത്തു നിന്ന് നന്ദേഡ് (മഹാരാഷ്ട്ര), തിരുപ്പതി എന്നിവിടങ്ങളിലേക്കു രണ്ട് ട്രെയിൻ സർവീസുകളും നടത്തും.കാക്കിനടയിൽ നിന്നുള്ള ട്രെയിൻ (07139) നാളെ വൈകുന്നേരം 7.40നു പുറപ്പെട്ട് 17നു രാത്രി 11.45നു കൊല്ലത്തെത്തും. കൊല്ലത്തു നിന്നുള്ള ട്രെയിൻ 18നു പുലർച്ചെ 2.30നു പുറപ്പെട്ട് 19നു പുലർച്ചെ കാക്കിനടയിലെത്തും.
18നു രാവിലെ 5.40നാണ് സെക്കന്തരാബാദിൽ നിന്നുള്ള ട്രെയിൻ (07133) പുറപ്പെടുക. ഇത് 19ന് ഉച്ചയ്ക്ക് 1.50നു കൊല്ലത്തെത്തും. തിരിച്ച് 19ന് വൈകുന്നേരം 7.35നു പുറപ്പെടുന്ന ട്രെയിൻ 21ന് പുലർച്ചെ 3.30നു സെക്കന്തരാബാദിലെത്തും. 22ന് പുലർച്ചെ 5.30നാണ് കച്ചെഗുഡയിൽ നിന്നുള്ള ട്രെയിൻ (07135) പുറപ്പെടുക. 23ന് ഉച്ചയ്ക്ക് 1.50ന് കൊല്ലത്തെത്തും. തിരിച്ച് ഈ ട്രെയിൻ 23ന് വൈകുന്നേരം 7.35നു പുറപ്പെട്ട് 25ന് പുലർച്ചെ 3.30നു കച്ചെഗുഡയിലെത്തും.
ഹൈദരാബാദ്- കൊല്ലം (07117) ട്രെയിൻ 21ന് ഉച്ച കഴിഞ്ഞ് 2.10നു ഹൈദരാബാദിൽ നിന്നു പുറപ്പെട്ട് 22ന് രാത്രി 9.40ന് കൊല്ലത്തെത്തും. 23ന് പുലർച്ച് 2.30നു പുറപ്പെടുന്ന കൊല്ലത്തു നിന്നുള്ള ട്രയിൻ 24നു രാവിലെ എട്ടിന് ഹൈദരാബാദിലെത്തും. 23ന് രാവിലെ 9.45നാണ് നന്ദേഡു നിന്നു കൊല്ലത്തേക്കുള്ള ട്രെയിൻ പുറപ്പെടുക.
24ന് രാത്രി 9.40ന് കൊല്ലത്തെത്തും. കൊല്ലത്തു നിന്നും തിരുപ്പതിയിലേക്കുള്ള ട്രെയിൻ 24നു അർധരാത്രി 12.45നു പുറപ്പെട്ട് അതേദിവസം വൈകുന്നേരം 5.10നു സർവീസ് അവസാനിപ്പിക്കും.