കൊല്ലം: അഞ്ച് സംസ്ഥാനങ്ങളെ ബന്ധിപ്പിച്ചുള്ള ശബരിമല സ്പെഷൽ സർവീസുമായി ദക്ഷിണ റെയിൽവേ. നാഗർകോവിൽ-കോട്ടയം-പനവേൽ റൂട്ടിലാണു സർവീസ്.
നാളെ മുതൽ 2024 ജനുവരി 17 വരെ ചൊവ്വ, ബുധൻ ദിവസങ്ങളിലാണ് വണ്ടികൾ ഓടുക. ആകെ 16 സർവീസുകളുണ്ടാകും. സാധാരണ നിരക്കിനേക്കാൾ ഇരട്ടിയിലധികം നൽകേണ്ടി വരും. നിലവിൽ 165 രൂപ ടിക്കറ്റ് ചാർജിന് 385 രൂപ നൽകേണ്ടി വരും.
തമിഴ്നാട്, കേരളം, കർണാടക, ഗോവ, മഹാരാഷ്ട്ര എന്നിവിടങ്ങളെ ബന്ധിപ്പിച്ചാണ് സർവീസ്. നാളെ രാവിലെ 11.40ന് നാഗർകോവിൽനിന്ന് പുറപ്പെടുന്ന 06075 ട്രെയിൻ ബുധൻ രാത്രി 10.20 ന് പനവേൽ എത്തും.
അന്ന് രാത്രി 11.50 ന് പനവേലിൽനിന്ന് തിരിക്കുന്ന 06076 ട്രെയിൻ വെള്ളിയാഴ്ച രാവിലെ പത്തിന് നാഗർകോവിലിൽ എത്തും.തിരുവനന്തപുരം, കൊല്ലം, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, എറണാകുളം ടൗൺ, ആലുവ, തൃശൂർ, ഷൊർണൂർ, തിരൂർ, കോഴിക്കോട്, വടകര, തലശേരി, കണ്ണൂർ, പയ്യന്നൂർ, കോഴിക്കോട് എന്നിവയാണ് കേരളത്തിലെ സ്റ്റോപ്പുകൾ. 11 സ്ലീപ്പർ, ആറ് എസി, രണ്ട് ജനറൽ എന്നിങ്ങനെയാണ് കോച്ച് പൊസിഷൻ. ടിക്കറ്റ് റിസർവേഷൻ ആരംഭിച്ച് കഴിഞ്ഞു.
എസ്.ആർ. സുധീർ കുമാർ