കൊല്ലം: തീർഥാടകരുടെ തിരക്ക് പ്രമാണിച്ച് വിവിധ റൂട്ടുകളിൽ കൂടുതൽ ശബരിമല സ്പെഷൽ സർവീസുകൾ ഇന്നു മുതൽ ആരംഭിക്കാൻ റെയിൽവേ തീരുമാനം.
എല്ലാ സർവീസുകൾക്കും പ്രത്യേക യാത്രാ നിരക്കായിരിക്കും ഈടാക്കുക. ചെന്നെ എഗ്്മോർ-കോട്ടയം റൂട്ടിൽ ഇന്ന്, ജനുവരി ഒന്ന്, എട്ട്, 15, 22, 29 തീയതികളിലാണ് സർവീസ്. ചെന്നൈയിൽനിന്ന് രാത്രി 10.45 ന് പുറപ്പെടുന്ന വണ്ടി പിറ്റേദിവസം ഉച്ചയ്ക്ക് 1.10ന് കോട്ടയത്ത് എത്തും.
തിരികെ കോട്ടയത്തുനിന്ന് ചെന്നൈ എഗ്മോർ സർവീസ് നാളെ , ജനുവരി രണ്ട്, ഒമ്പത്, 16, 23, 30 തീയതികളിലാണ്. കോട്ടയത്തുനിന്ന് രാത്രി ഏഴിന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 10.30 ന് ചെന്നെയിൽ എത്തും.
പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം നോർത്ത് എന്നിവയാണ് കേരളത്തിലെ സ്റ്റോപ്പുകൾ. രണ്ട് എസി ഫസ്റ്റ് ക്ലാസ്, ഒമ്പത് സ്ലീപ്പർ, അഞ്ച് ജനറൽ സെക്കന്റ്, രണ്ട് അംഗപരിമിത എന്നിങ്ങനെയാണ് കോച്ചുകൾ ഉൾപ്പെടുത്തിയിട്ടുള്ളത്.
കോട്ടയം-സെക്കന്ദരാബാദ് റൂട്ടിൽ 27, ജനുവരി മൂന്നു ദിവസങ്ങളിലാണ് ശബരിമല സ്പെഷൽ. കോട്ടയത്തുനിന്ന് പുലർച്ചെ 12.30ന് വിടുന്ന വണ്ടി അടുത്ത ദിവസം രാവിലെ അഞ്ചിന് സെക്കന്ദരാബാദിൽ എത്തും.
എറണാകുളം ടൗൺ, ആലുവ, തൃശൂർ, പാലക്കാട് എന്നിവയാണ് കേരളത്തിലെ സ്റ്റോപ്പുകൾ. ഹൈദരാബാദ് -കോട്ടയം സ്പെഷൽ 21ന് ഉച്ചകഴിഞ്ഞ് 3.50ന് ഹൈദരാബാദിൽ നിന്ന് വിട്ട് അടുത്ത ദിവസം രാത്രി പത്തിന് കോട്ടയത്ത് എത്തും. കോട്ടയത്തുനിന്ന് 23ന് പുലർച്ചെ 12.30ന് പുറപ്പെടുന്ന വണ്ടി പിറ്റേ ദിവസം രാവിലെ അഞ്ചിന് ഹൈദരാബാദിൽ എത്തും.
കേരളത്തിൽ സ്റ്റോപ്പുള്ളത് പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ സ്റ്റേഷനുകളിലാണ്. മൂന്ന് എസി ത്രീടയർ, 11 സ്ലീപ്പർ, അഞ്ച് ജനറൽ സെക്കൻഡ് ക്ലാസ് എന്നിങ്ങനെയാണ് കോച്ച് പൊസിഷൻ.
മച്ചിലിപട്ടണം -കോട്ടയം സ്പെഷൽ 19, 26, ജനുവരി ഒമ്പത്, 16 തീയതികളിലാണ് സർവീസ് നടത്തുക.
രാത്രി 9.35ന് മച്ചിലിപട്ടണത്തുനിന്ന് പുറപ്പെടുന്ന വണ്ടി പിറ്റേ ദിവസം രാത്രി 10.05ന് കോട്ടയത്ത് എത്തും.
കോട്ടയം-മച്ചിലിപട്ടണം സർവീസ് പുലർച്ചെ 12.30ന് പുറപ്പെട്ട് അടുത്ത ദിവസം പുലർച്ചെ 12.30ന് മച്ചിലിപട്ടണത്ത് എത്തും.
ഒരു എസി ടു ടയർ, ഒരു എസി ത്രീടയർ, 11 സ്ലീപ്പർ ക്ലാസ്, മൂന്നു ജനറൽ സെക്കൻഡ് എന്നിങ്ങനെയാണ് കോച്ചുകൾ ഏർപ്പെടുത്തിയിട്ടുള്ളത്. പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ എന്നിവയാണ് കേരളത്തിലെ സ്റ്റോപ്പുകൾ.
ഇവ കൂടാതെ നന്ദദ് – കോട്ടയം റൂട്ടിൽ ജനുവരി എട്ടിന് ഒരു സ്പെഷൽ വണ്ടിയും സർവീസ് നടത്തും. നന്ദദിൽനിന്ന് രാവിലെ 8.50ന് പുറപ്പെടുന്ന വണ്ടി പിറ്റേദിവസം രാത്രി 10.05ന് കോട്ടയത്ത് എത്തും.
എല്ലാ സർവീസുകൾക്കും അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു. വരും ദിവസങ്ങളിൽ കൂടുതൽ റൂട്ടുകളിൽ ശബരിമല സ്പെഷൽ വണ്ടികൾ ഓടിക്കാനും റെയിൽവേ തീരുമാനിച്ചിട്ടുണ്ട്.
എസ്.ആർ. സുധീർ കുമാർ