ചേർത്തല: കോടിക്കണക്കിന് വരുന്ന ശബരിമല തീർഥാടകർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന സ്പോട്ട്ബുക്കിംഗ് നിർത്താനുള്ള തീരുമാനം ഉപേക്ഷിച്ച് എല്ലാ ഭക്തർക്കും സുഗമമായ ദർശനത്തിനുള്ള സൗകര്യം ഒരുക്കാൻ സർക്കാർ അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് ബിഡിജെഎസ് സംസ്ഥാന കൗൺസിൽ ആവശ്യപ്പെട്ടു.
വികലമായ ഈ തീരുമാനത്തിലൂടെ ഇതര സംസ്ഥാനങ്ങളിൽ നിന്നടക്കം വരുന്ന ലക്ഷക്കണക്കിന് ഭക്തർക്ക് ദർശനം നഷ്ടമാകും. 25 ശതമാനമെങ്കിലും ആളുകൾക്ക് സ്പോട്ട് ബുക്ക് ചെയ്ത് ദർശനം നടത്തുന്നതിനുള്ള സൗകര്യം ഏർപ്പെടുത്തണം.
ശബരിമല തീർത്ഥാടനത്തെ തകർക്കുകയെന്ന ലക്ഷ്യം വച്ച് വർഷങ്ങളായി ശബരിമലയെ വിവാദങ്ങളിൽപ്പെടുത്തി തീർഥാടകരെ ബുദ്ധിമുട്ടിക്കുന്ന രീതി ദേവസ്വം ബോർഡ് തുടർന്നു വരുന്നുയെന്നത് ആശങ്ക ഉളവാക്കുന്നതാണ്. സർക്കാർ തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ബിഡിജെഎസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയേറ്റ് പടിക്കൽ ധർണ നടത്താനും തീരുമാനിച്ചു.