തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനം സംബന്ധിച്ച സുപ്രീംകോടതി വിധി മറികടക്കുന്നതിന് നിയമ നിർമാണം നടത്തുമെന്ന് ബിജെപി എവിടെയും പറഞ്ഞിട്ടില്ലെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻപിള്ള. ഇതുമായി ബന്ധപ്പെട്ട് ഉണ്ടായ വാർത്തകളും പ്രചരണങ്ങളുമെല്ലാം മാധ്യമ സൃഷ്ടിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അതിനിടെ, സംസ്ഥാന സർക്കാരിനെതിരായ എൻഎസ്എസിന്റെ വിമർശനങ്ങൾ സംബന്ധിച്ചും പിള്ള പാർട്ടി നിലപാട് വ്യക്തമാക്കി.എൻഎസ്എസ് ഒരു രാഷ്ട്രീയ പാർട്ടി അല്ലെന്നും അതിനാൽ തന്നെ ഈ വിഷയത്തിൽ വിശകലനത്തിന് ബിജെപി തയാറല്ലെന്നും ശ്രീധരൻപിള്ള കൂട്ടിച്ചേർത്തു.
ചൊവ്വാഴ്ച ചങ്ങനാശേരിയിൽ വിജയദശമി നായർ മഹാസമ്മേളനത്തിൽ സംസാരിക്കവെയാണ് സുകുമാൻ നായർ സർക്കാരിനെ അതിരൂരക്ഷമായി കടന്നാക്രമിച്ചത്. എൽഡിഎഫ് സർക്കാർ കേരളത്തിൽ വർഗീയ കലാപത്തിന് വഴിയൊരുക്കുകയാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
രാഷ്ട്രീയ നേട്ടത്തിനായി സർക്കാർ ജനങ്ങളിൽ സവർണ- അവർണ ചേരിതിരിവ് സൃഷ്ടിക്കുകയാണെന്നു പറഞ്ഞ സുകുമാരൻ നായർ ഒന്നു തുമ്മിയാൽ സമുദായ നേതാക്കളുടെ വീട്ടിൽ ചെന്ന്, അവർ ചോദിക്കുന്നതെല്ലാം കൊടുത്ത്, അവരുടെ അനുഗ്രഹം വാങ്ങിക്കുന്ന സർക്കാരാണ് ഇപ്പോഴത്തേതെന്ന് പരിഹസിക്കുകയും ചെയ്തിരുന്നു.