ന്യൂഡൽഹി: ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തിൽ സുപ്രീം കോടതി വെള്ളിയാഴ്ച വിധി പറയും. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് കേസിലെ വിധി പറയുന്നത്. എട്ടു ദിവസം നീണ്ടു നിന്ന വാദം പൂർത്തിയായതിനു ശേഷമാണ് കേസിൽ വെള്ളിയാഴ്ച വിധി പ്രഖ്യാപിക്കുന്നത്.
രാവിലെ 10.30ന് വിധി പ്രസ്താവം ഉണ്ടാകും എന്നാണ് വിവരം. ചീഫ് ജസ്റ്റീസിനു പുറമേ ജസ്റ്റീസുമാരായ എ.എം.ധൻവീൽക്കർ, ഡി.വൈ.ചന്ദ്രചൂഡ്, ആർ.എഫ്.നരിമാൻ, ഇന്ദു മൽഹോത്ര എന്നിവരാണ് ഭരണഘടനാ ബെഞ്ചിലെ മറ്റംഗങ്ങൾ.
നിരവധി അഭിഭാഷകരുടെ വാദങ്ങൾ കേട്ട ശേഷമാണ് കേസിൽ നാളെ വിധി പ്രഖ്യാപിക്കുന്നത്. ഇന്ദിരാ ജെയ്സിംഗിന്റെ വാദത്തോടെയാണ് കേസിലെ വാദം പൂർത്തിയായത്. സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുകയെന്നത് ഏറെ പ്രധാനമാണെന്ന് ഇന്ദിരാ ജെയ്സിംഗ് വാദത്തില്‍ പറഞ്ഞിരുന്നു.
പിന്നോക്ക വിഭാഗങ്ങള്‍ക്ക് ഒരുകാലത്ത് ക്ഷേത്രങ്ങള്‍ തുറന്നുകൊടുത്തത് പോലെ സ്ത്രീകള്‍ക്കും ശബരിമല തുറന്നുകൊടുക്കണമെന്നാണ് ഇന്ദിരാ ജെയ്സിംഗ് തന്റെ വാദത്തിൽ ഉന്നയിച്ചത്.