തീര്‍ഥാടനപാതയിലേക്കു വാങ്ങിയ വഴിവിളക്കുകള്‍ പഞ്ചായത്ത് ഓഫീസില്‍ കെട്ടിക്കിടക്കുന്നു

sabarimala-lightറാന്നി: ശബരിമല തീര്‍ഥാടനം ആരംഭിച്ച് ഒരുമാസം പിന്നിട്ടിട്ടും ശബരിമല തീര്‍ഥാടന പദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്ഥാപിക്കാന്‍ വാങ്ങിയ വഴിവിളക്കുകള്‍ പഴവങ്ങാടി ഗ്രാമപഞ്ചായത്ത് ഓഫീസിനുള്ളില്‍ കെട്ടികിടക്കുന്നു.ലക്ഷങ്ങള്‍ ചെലവു ചെയ്തു വാങ്ങിയ ലൈറ്റുകള്‍ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളിന്റെ ഇടനാഴിലിയാണ് കൂട്ടിയിട്ടിരിക്കുന്നത്. ശബരിമല തീര്‍ഥാടനത്തിന് പഴവങ്ങാടി ഗ്രാമപഞ്ചായത്തിന് പ്രത്യേകമായി സര്‍ക്കാര്‍ അഞ്ചുലക്ഷം രൂപ അനുവദിച്ചിരുന്നു.

വഴിവിളക്കുകള്‍ സ്ഥാപിക്കുക, ശുചീകരണം തുടങ്ങിയ അടിയന്തരാവശ്യങ്ങള്‍ക്കായാണ് ഫണ്ട് ലഭിച്ചത്. ശബരിമല അയ്യപ്പഭക്തര്‍ സഞ്ചരിക്കുന്ന പാതയില്‍ വെളിച്ചം ഉറപ്പുവരുത്തണമെന്ന് ശബരിമല അവലോകന യോഗത്തില്‍ തീരുമാനമെടുത്ത് പഞ്ചായത്തിനെ അറിയിച്ചിരുന്നെങ്കിലും പഞ്ചായത്ത് ഭരണസമിതി ഇത് അട്ടിമറിച്ചെന്നാണ് ആരോപണം.

കഴിഞ്ഞ തീര്‍ഥാടനകാലത്ത് പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ സ്ഥാപിച്ച ലൈറ്റുകളില്‍ 75 ശതമാനവും ഉപയോഗക്ഷമമല്ലാതെ ഇപ്പോള്‍ നോക്കുകുത്തിയായിരിക്കുകയാണ്. 60 എണ്ണം കേടുപാടുകള്‍ നീക്കിയെങ്കിലും മിക്കവയും വീണ്ടും ഉപയോഗക്ഷമമ ല്ലാതായിട്ടുണ്ട്. പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാനപാത, മുക്കട – വാകത്താനം, ഇടമുറി, ചെത്തോങ്കര – കരികുളം – അത്തിക്കയം, ഇട്ടിയപ്പാറ – ഒഴുവന്‍പാറ, ജണ്ടായിക്കല്‍ – വടശേരിക്കര, മക്കപ്പുഴ – ചേത്തയ്ക്കല്‍ പാതകളെല്ലാം ഇപ്പോള്‍ ഇരുളിലാണ്. റോഡരികിലെ ഏറെ ഭക്തജനങ്ങള്‍ വിശ്രമിക്കുന്ന പല ക്ഷേത്ര പരിസരങ്ങളും സന്ധ്യമയങ്ങുന്നതോടെ ഇരുട്ടിലാണ്.

പഞ്ചായത്ത് ഭരണസമിതി ശബരിമല തീര്‍ഥാടകരോടു കാട്ടുന്ന അവഗണനയ്‌ക്കെതിരെ സമര പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി അറിയിച്ചു. യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് പ്രകാശ് തോമസ് അധ്യക്ഷത വഹിച്ചു. ജെയ്‌സണ്‍ ചിറയ്ക്കല്‍, എ.റ്റി. ജോയിക്കുട്ടി, കെ.ഇ. മാത്യു, അനില്‍ കുമാര്‍, ഗ്രാമപഞ്ചായത്തംഗങ്ങളായ അനിത അനില്‍ കുമാര്‍, ജോമോന്‍ ചാത്തനാട്ട്, കെ. രാജേന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.

Related posts