ന്യൂഡൽഹി: ശബരിമലയിൽ എല്ലാ പ്രായത്തിലുള്ള സ്ത്രീകളെയും പ്രവേശിപ്പിക്കാമെന്ന സംസ്ഥാന സർക്കാരിന്റെ നിലപാടിനെ എതിർത്ത് ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ. എല്ലാ പ്രായത്തിലുള്ള സ്ത്രീകളെയും ശബരിമലയിൽ പ്രവേശിപ്പിക്കാനാകില്ല. സ്ത്രീകളോടുള്ള വിവേചനമല്ല ഇതെന്നും വിശ്വാസത്തിന്റെ ഭാഗമായാണ് സ്ത്രീകളെ ശബരിമലയിൽ പ്രവേശിപ്പിക്കാത്തതെന്നും ദേവസ്വം ബോർഡ് സുപ്രീകോടതിയെ നിലപാട് അറിയിച്ചു.
പുരുഷന്മാർക്കു ക്ഷേത്രത്തിൽ പ്രവേശനം അനുവദിച്ചിട്ടുണ്ടെങ്കിൽ സ്ത്രീകൾക്കും പ്രവേശനമാകാമെന്നു സുപ്രീംകോടതി ബുധനാഴ്ച നിരീക്ഷിച്ചിരുന്നു. സ്വകാര്യക്ഷേത്രമെന്ന സങ്കല്പം ഇല്ലെന്നും ആർത്തവത്തിന്റെ പേരിൽ പത്തു വയസ് മുതൽ 50 വയസ് വരെയുള്ള സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശനം നിഷേധിക്കുന്നത് കാരണമായി കണക്കാക്കാനാകില്ലെന്നും ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് നിരീക്ഷിച്ചു.
ക്ഷേത്രത്തിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട ഭരണഘടനാവിഷയങ്ങളാണ് കോടതി പരിഗണിക്കുന്നത്. ഹർജിയിൽ വാദം തുടരുകയാണ്.