ന്യൂഡൽഹി: ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തിലും റഫാൽ യുദ്ധവിമാന ഇടപാടിലെ ക്രമക്കേടുകൾ സംബന്ധിച്ച വിഷയത്തിലും സുപ്രീംകോടതി ഇന്നു വിധി പറയും. ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചാണ് രണ്ട് പുനഃപരിശോധന ഹർജികളിലും വിധി പറയുക.
റഫാൽ ഇടപാടിൽ അന്വേഷണം നടത്തേണ്ടതില്ലെന്ന സുപ്രീംകോടതി ഉത്തരവ് പുനഃപരിശോധിക്കണമെന്ന ഹർജിയിലുള്ള തീരുമാനം നരേന്ദ്ര മോദി സർക്കാരിനും ശബരിമലയിൽ സ്ത്രീപ്രവേശനം അനുവദിച്ച ഉത്തരവ് പുനഃപരിശോധിക്കണമെന്ന ഹർജികളിലെ ഉത്തരവ് കേരളത്തിലും നിർണായകമാണ്.
റഫാൽ
റഫാൽ യുദ്ധവിമാനങ്ങൾ ഇറക്കുമതി ചെയ്യുന്നതിനായി ഉണ്ടാക്കിയ കരാറിൽ അഴിമതി നടന്നെന്നുള്ള ആരോപണങ്ങളെ കുറിച്ച് അന്വേഷിക്കണമെന്നുള്ള ആവശ്യം 2018 ഡിസംബർ 14നു ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയ്, ജസ്റ്റീസുമാരായ സഞ്ജയ് കിഷൻ കൗൾ, കെ.എം. ജോസഫ് എന്നിവരുടെ ബെഞ്ച് തള്ളിയിരുന്നു. കേന്ദ്ര സർക്കാർ തെറ്റായ വിവരങ്ങൾ അറിയിച്ച് കോടതിയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നെന്നും കോടതി ഉത്തരവിൽ ഗുരുതരമായ തെറ്റുണ്ടെന്നും ആരോപണങ്ങളുയർന്നതിനെ തുടർന്ന് കേന്ദ്ര സർക്കാരും ഹർജിക്കാരായ യശ്വന്ത് സിൻഹ, അരുണ് ഷൂരി, ആം ആദ്മി പാർട്ടി എംപി സഞ്ജയ് സിംഗ്, മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷണ് എന്നിവരുമാണ് പുനഃപരിശോധനാ ഹർജി നൽകിയത്.
രാഹുൽ ഗാന്ധി
കോണ്ഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരെയുള്ള കോടതിയലക്ഷ്യ ഹർജിയിലും സുപ്രീം കോടതി ഇന്നു വിധി പറയും. റഫാൽ യുദ്ധവിമാന ഇടപാടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മോഷണം നടത്തിയതായി സുപ്രീം കോടതി വ്യക്തമാക്കിയെന്ന രാഹുലിന്റെ പരാമർശത്തിന്റെ പേരിൽ ബിജെപി നേതാവ് മീനാക്ഷി ലേഖിയാണു കോടതിയലക്ഷ്യ ഹർജി നൽകിയത്. റഫാൽ കേസിൽ വിധി പറയുന്ന ബെഞ്ച് തന്നെയാണ് ഈ കേസും പരിഗണിക്കുന്നത്.
ശബരിമല
എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്കും പ്രവേശനം അനുവദിക്കാമെന്ന് 2018 സെപ്റ്റംബർ 28നാണ് ഒരംഗത്തിന്റെ വിയോജിപ്പോടെ സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്.
പത്ത് മുതൽ 50 വയസ് വരെ പ്രായമുള്ള സ്ത്രീകൾക്ക് പ്രവേശനം നിഷേധിക്കുന്നത് വിവേചനമാണെന്നും ആരാധനാ സ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്നും അഞ്ചംഗങ്ങളിൽ നാലു പേരും വിധിയെഴുതി. ആർത്തവത്തിന്റെ പേരിൽ സ്ത്രീകൾക്ക് പ്രവേശനം നിഷേധിക്കുന്ന 1965ലെ കേരള ഹിന്ദു ആരാധനാ സ്ഥല പ്രവേശന നിയമത്തിലെ ചട്ടം മൂന്ന് ബി വകുപ്പ് ഭരണഘടനാ ലംഘനമാണെന്നും ഭൂരിപക്ഷ ബെഞ്ച് വിധിച്ചു.