സ്വന്തം ലേഖകൻ
തൃശൂർ: ശബരിമലയിൽ സുരക്ഷ സംവിധാനങ്ങൾ കൂടുതൽ ആധുനികവും ശക്തവുമാക്കാൻ കേരള പോലീസ്. സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ സീസണിലുണ്ടായ പ്രശ്നങ്ങളും സംസ്ഥാനത്ത് വർധിച്ചുവരുന്ന തീവ്രവാദ ഭീഷണിയുമെല്ലാം കണക്കിലെടുത്താണ് ആധുനിക സുരക്ഷസംവിധാനങ്ങൾ സജ്ജമാക്കുന്നത്.
സ്ഫോടക വസ്തുക്കൾ കണ്ടെത്താൻ സഹായിക്കുന്ന എക്സ്പ്ലോസീവ് ഡിറ്റക്ടറുകൾ, പോർട്ടബിൾ എക്സ് റേ മെഷിനുകൾ, വാഹനങ്ങളുടെ അടിഭാഗം പരിശോധിക്കാൻ കഴിയുന്ന ബോട്ടം ഇൻസ്പെക്ഷൻ മെഷിനുകൾ എന്നിവയ്ക്കുള്ള ടെണ്ടറുകൾ കേരള പോലീസ് ക്ഷണിച്ചു കഴിഞ്ഞു.
ശബരിമലയിലെ സുരക്ഷ സംവിധാനങ്ങൾ കൂടുതൽ ശക്തിപ്പെടുത്താൻ വേണ്ടിയാണിതെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. വിദേശ നിർമിത ഉത്പന്നങ്ങളും വാങ്ങാൻ ഉദ്ദേശിക്കുന്നുണ്ട്.വാഹനങ്ങളുടെ അടിഭാഗം സ്കാൻ ചെയ്ത് പരിശോധിക്കാൻ കഴിയുന്ന സംവിധാനം ഉപയോഗിച്ച് ശബരിമലയിലേക്കുള്ള എല്ലാ വാഹനങ്ങളും പരിശോധിക്കും.
പ്രധാന വാഹനത്തിനകത്ത് ഏതെങ്കിലും തരത്തിലുള്ള സ്ഫോടകവസ്തുക്കളോ മറ്റും ഒളിപ്പിച്ചു വെച്ചിട്ടുണ്ടോ എന്ന് കണ്ടെത്താൻ ഇത്തരം ബോട്ടം സ്കാൻ സംവിധാനത്താൽ സാധിക്കും. ശബരിമലയിൽ പഴുതടച്ച സുരക്ഷ സംവിധാനങ്ങൾ ഒരുക്കിയാകും വരുന്ന സീസണിൽ ഭക്തരെ പ്രവേശിപ്പിക്കുയെന്ന് ഇതോടെ ഉറപ്പായി കഴിഞ്ഞു.