ശബരിമല: മണ്ഡലകാലത്തിന്റെ ആദ്യദിനങ്ങളിൽ ശബരിമല സുരക്ഷാ ചുമതല എഡിജിപിമാരായ അനിൽകാന്തും അനന്തകൃഷ്ണനും നേരിട്ട് നിർവഹിക്കും. തുടർന്നുള്ള ദിവസങ്ങളിൽ ഐജിമാരുടെ മേൽനോട്ടത്തിൽ സുരക്ഷ ഒരുക്കും. യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട വെല്ലുവിളികൾ ഏറെയുണ്ടായാൽ അധികമായ സേനാവിന്യാസം നടത്താനുള്ള നിർദേശം ഇന്നലെ നിലയ്ക്കലിലെത്തിയ ഡിജിപി ലോക്നാഥ് ബെഹ്റ നൽകിയിട്ടുണ്ട്.
മണ്ഡല മകരവിളക്ക് തീർഥാടനകാലത്ത് ശബരിമലയും പരിസര പ്രദേശങ്ങളും ആറ് മേഖലകളായി തിരിച്ച് നാല് ഘട്ടങ്ങളായിട്ടാണ് സുരക്ഷാസംവിധാനം ഏർപ്പെടുത്തിയിരിക്കുന്നതെന്ന് ഡിജിപി പറഞ്ഞു.തീർഥാടനകാലയളവിൽ നിലവിലുള്ള കണക്കുകൾ പ്രകാരം 15,259 പോലീസ് ഉദ്യോഗസ്ഥരെയാണ് തീര്‍ഥാടനകാലത്ത് ശബരിമലയിലും പരിസരത്തുമായി സേവനത്തിനു നിയോഗിക്കുന്നത്.
ഡിഐജി മുതല്‍ അഡീഷണല്‍ ഡിജിപി വരെയുളള ഉന്നത ഉദ്യോഗസ്ഥര്‍ കൂടാതെയാണിത്. നാല് ഘട്ടങ്ങളുളള ഈ സീസണില്‍ എസ്പി, എഎസ്പി തലത്തില്‍ 55 ഉന്നത ഉദ്യോഗസ്ഥരും സുരക്ഷാ ഡ്യൂട്ടിയിലുണ്ടാകും. ഡിവൈഎസ്പി തലത്തില്‍ 113 പേരും ഇന്‍സ്പെക്ടര്‍ തലത്തില്‍ 359 പേരും എസ്ഐ തലത്തില്‍ 1,450 പേരുമാണ് ഇക്കാലയളവില്‍ ഡ്യൂട്ടിയില്‍ ഉണ്ടാകുന്നത്.
12,562 സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍, സിവില്‍ പോലീസ് ഓഫീസര്‍ എന്നിവരെയും നിയോഗിച്ചിട്ടുണ്ട്. കൂടാതെ വനിത സിഐ, എസ്ഐ തലത്തിലുളള 60 പേരും 860 വനിതാ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍, സിവില്‍ പോലീസ് ഓഫീസര്‍മാരെയും നിയോഗിച്ചിട്ടുണ്ട്.
ഇന്നു മുതല്‍ 30 വരെയുളള ഒന്നാം ഘട്ടത്തില്‍ ഐജി വിജയ് സാക്കറെ സന്നിധാനത്തും ഐജി മനോജ് ഏബ്രഹാം പന്പയിലും നിലയ്ക്കലും സുരക്ഷാ ചുമതലയുടെ മേൽനോട്ടം വഹിക്കും. സന്നിധാനം, പന്പ, നിലയ്ക്കൽ, വടശേരിക്കര, പത്തനംതിട്ട എന്നിവിടങ്ങളിൽ എസ്പിമാരെയും നിയമിച്ചിട്ടുണ്ട്. ഈ ഘട്ടത്തിൽ3,450 പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. ഇവരില്‍ 230 പേര് വനിതാ പോലീസ് ഉദ്യോഗസ്ഥരാണ്.
കൂടാതെ എസ്ഐ തലത്തില്‍ 349 പേരും സിഐ തലത്തില്‍ 82 പേരും ഡിവൈഎസ്പി തലത്തില്‍ 24 പേരും ഡ്യൂട്ടിയിലുണ്ടാകും. ഒരു സബ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ 20 അംഗങ്ങളുളള കേരള പോലീസ് കമാൻഡോ സംഘത്തെ സന്നിധാനത്ത് ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുണ്ട്. 20 അംഗങ്ങളുളള മറ്റൊരു കമാൻഡോ സംഘം പമ്പയിലുണ്ടാകും. കൂടാതെ ഏതു സാഹചര്യവും നേരിടുന്നതിനായി തണ്ടര്‍ ബോള്‍ട്ടിന്റെ ഒരു പ്ലറ്റൂണിനെ മണിയാറില്‍ സജ്ജമാക്കി നിര്‍ത്തിയിട്ടുണ്ട്.
ബോംബുകള്‍ കണ്ടെത്തി നിര്‍വീര്യമാക്കുന്ന കേരള പോലീസിന്റെ 234 പേരടങ്ങുന്ന പ്രത്യേക സംഘത്തെയും പമ്പയിലും സന്നിധാനത്തും വിന്യസിച്ചിട്ടുണ്ട്. റാപ്പിഡ് ആക്ഷന്‍ ഫോഴ്സിന്റെ രണ്ട് കമ്പനി ശബരിമലയിലും പരിസരത്തുമായി വിന്യസിച്ചിട്ടുണ്ട്. എന്‍ഡിആര്‍എഫിന്റെ രണ്ട് സംഘങ്ങളും ഡ്യൂട്ടിയിലുണ്ടാകും. ഒരു വനിതാ ഇന്‍സ്പെക്ടറും രണ്ട് വനിതാ സബ് ഇന്‍സ്പെക്ടര്‍മാരും 30 വനിതാ സിവില്‍ പോലീസ് ഓഫീസര്‍മാരും അടങ്ങുന്ന കര്‍ണാടക പോലീസിന്റെ സംഘവും ഡ്യൂട്ടിക്കായി എത്തിയിട്ടുണ്ട്.
30 മുതല്‍ ഡിസംബര്‍ 14 വരെയുളള രണ്ടാം ഘട്ടത്തില്‍ 3,400 പോലീസ് ഉദ്യോഗസ്ഥര്‍ സുരക്ഷയ്ക്കുണ്ടാകും. ഇവരില്‍ 230 പേര് വനിതാ പോലീസ് ഉദ്യോഗസ്ഥരാണ്. കൂടാതെ എസ്ഐ തലത്തില്‍ 312 പേരും സിഐ തലത്തില്‍ 92 പേരും ഡിവൈഎസ്പി തലത്തില്‍ 26 പേരും ചുമതലകള്‍ നിര്‍വഹിക്കും. ഡിസംബര്‍ 14 മുതല്‍ 29 വരെയുളള മൂന്നാം ഘട്ടത്തില്‍ 4,026 പോലീസ് ഉദ്യോഗസ്ഥര്‍ ഉണ്ടാകും.
ഇവരില്‍ 230 പേര് വനിതാ പോലീസ് ഉദ്യോഗസ്ഥരാണ്. കൂടാതെ എസ്ഐ തലത്തില്‍ 389 പേരും സിഐ തലത്തില്‍ 90 പേരും ഡിവൈഎസ്പി തലത്തില്‍ 29 പേരും ഡ്യൂട്ടിയിലുണ്ടാകും. ഡിസംബര്‍ 29 മുതല്‍ ജനുവരി 16 വരെയുളള നാലാം ഘട്ടത്തില്‍ 4,383 പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. ഇവരില്‍ 230 പേര് വനിതാ പോലീസ് ഉദ്യോഗസ്ഥരാണ്. കൂടാതെ എസ്ഐ തലത്തില്‍ 400 പേരും സിഐ തലത്തില്‍ 95 പേരും ഡിവൈഎസ്പി തലത്തില്‍ 34 പേരും ഡ്യൂട്ടിയിലുണ്ടാകും.