തിരുവനന്തപുരം: ശബരിമലയിലെ സുരക്ഷാ സന്നാഹങ്ങൾ വിലയിരുത്താൻ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ഇന്ന് ശബരിമലയിലെത്തും. എഡിജിപിമാരായ അനിൽകാന്ത്, ആനന്ദകൃഷ്ണൻ എന്നിവരുടെ മേൽനോട്ടത്തിലാണ് സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.
വനിതാ പോലീസ് ബറ്റാലിയനെയും നിലയ്ക്കലിലും പന്പയിലും വിന്യസിച്ചിട്ടുണ്ട്. പന്പ, നിലയ്ക്കൽ പ്രദേശത്തെ സുരക്ഷ ചുമതല ഇന്റലിജൻസ് ഐജി. അശോക് യാദവിനും സന്നിധാനത്തെ സുരക്ഷാ ചുമതല ഐജി വിജയ് സാഖറെക്കുമാണ്. ഓരോ മേഖലയിലും എസ്പിമാർക്ക് സുരക്ഷാ ചുമതല നൽകിയിട്ടുണ്ട്.
അതേ സമയം ശബരിമല നട നാളെ തുറക്കാനിരിക്കെ സംഘർഷങ്ങളും പ്രതിഷേധങ്ങളും ഒഴിവാക്കാനായി ഇന്ന് മുഖ്യമന്ത്രി സർവകക്ഷിയോഗം വിളിച്ചിരിക്കുകയാണ്. പന്തളം രാജകുടുംബവും തന്ത്രികുടുംബവും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.
സർക്കാർ വിശ്വാസികളുടെയും ഭക്തരുടെയും വികാരം മാനിയ്ക്കണമെന്നും യുവതി പ്രവേശനം അനുവദിക്കരുതെന്നുമാണ് കോണ്ഗ്രസ്, ബിജെപി ഉൾപ്പെടെയുള്ള പ്രതിപക്ഷപാർട്ടികളുടെ നിലപാട്. മണ്ഡലകാലത്ത് ദർശനത്തിന് അനുമതി തേടി പോലീസിന്റെ വെർച്വൽ ക്യു പോർട്ടലിൽ 550 ൽപരം യുവതികളുടെ അപേക്ഷ ലഭിച്ചിട്ടുണ്ടെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. യുവതികളുടെ വരവിനെ പോലീസും സർക്കാരും ആശങ്കയോടെയാണ് കാണുന്നത്.