ശബരിമല: അതീവ സുരക്ഷാ മേഖലയായ ശബരിമലയുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ അത്യന്താധുനിക യന്ത്ര സാമഗ്രികളും പരിശീലനം നേടിയ സേനാംഗങ്ങളും. അമേരിക്കയിൽ നിന്ന് ഇറക്കുമതി ചെയ്ത 3.5 കോടി രൂപയുടെ സുരക്ഷാ ഉപകരണങ്ങളാണ് സംസ്ഥാന പോലീസ് വകുപ്പ് ശബരിമലയിൽ ഉപയോഗിക്കുന്നത്.നിലയ്ക്കൽ, പന്പ, സന്നിധാനം തുടങ്ങി തീർഥാടന പാതയിലെങ്ങും അതീവ ജാഗരൂകരായി പോലീസിന്റെ സുരക്ഷാ ഭടന്മാരുണ്ട്.
പ്ലാപ്പള്ളിയിലും നിലയ്ക്കലിലും ട്രോളി മിറർ പോലുള്ള സാങ്കേതിക സംവിധാനങ്ങളുപയോഗിച്ചാണ് വാഹന പരിശോധന. പന്പാ ഗണപതി ക്ഷേത്രത്തിന്റെ പടി കയറാൻ തുടങ്ങുന്നിടത്തു തന്നെ ഭക്തജനങ്ങളെ സുരക്ഷാ പരിശോധനയ്ക്ക് വിധേയരാക്കും. ബോഡി ചെക്കിംഗ്, ഗാർഡ് റൂം, ബാഗേജ് സ്കാനർ എന്നീ പരിശോധനകൾക്ക് ശേഷമേ ഭക്തർക്ക് കടന്നു പോകാനാവൂ. നീലിമലയിലും മരക്കൂട്ടത്തും വീണ്ടും പരിശോധനയുണ്ടാകും.
പുല്ലുമേട് വഴിവരുന്നവർക്ക് പാണ്ടിത്താവളത്തും വാവരുടെ നടയിലും പരിശോധനാ വിധേയരാവേണ്ടതുണ്ട്. ഡോർ ഫ്രെയിം മെറ്റൽ ഡിറ്റക്ടർ, ഹാൻഡ് ഹെൽഡ് മെറ്റൽ ഡിറ്റക്ടർ, മൈൻ സ്വീപ്പർ, എക്സ്പ്ലോസീവ് ഡിറ്റക്ടർ, പോർട്ടബിൾ എക്സ് റേ മെഷീൻ, തെർമൽ ഇമേജിംഗ് ക്യാമറ, എക്സ് റേ ബാഗേജ് സ്കാനർ, നോണ്‍ ലീനിയർ ജംഗ്ഷൻ ഡിറ്റക്ടർ, ബോംബ് സ്യൂട്ട്, എക്സ്റ്റഷൻ മിറർ, റിയൽ ടൈം വ്യൂയിംഗ് സിസ്റ്റം, ഒരു കിലോ മീറ്ററോളം വെളിച്ചം പ്രസരിപ്പിക്കുന്ന കമാൻഡോ ടോർച്ചുകൾ തുടങ്ങി അത്യന്താധുനിക സംവിധാനങ്ങളാണ് പോലീസ് വകുപ്പ് ശബരിമലയുടെ സുരക്ഷിതത്വത്തിന് മാത്രമായി ഉപയോഗിക്കുന്നത്.
സ്ഥോടനം നടന്നാൽ ഏത് സ്ഫോടക വസ്തുവാണെന്ന് കണ്ടെത്തുന്നതിനുള്ള ഉപകരണമാണ് എക്സ്പ്ലോസീവ് ഡിറ്റക്ടർ. സ്ഫോടക വസ്തുവിന്റെ സാന്നിധ്യം അറിഞ്ഞാൽ സ്കാൻ ചെയ്ത് ഫ്യൂസ് കണ്ടെത്തി നിർവീര്യമാക്കുന്ന ഉപകരണമാണ് പോർട്ടബിൾ എക്സ് റേ മെഷീൻ. മറഞ്ഞു നിൽക്കുന്ന അക്രമിയുടെ താപം സ്വാംശീകരിച്ച് ചിത്രമെടുക്കുന്ന് തെർമൽ ഇമേജിംഗ് കാമറയും സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി എത്തിച്ചിട്ടുണ്ട്.
വൈദ്യുതി വിതരണ സംവിധാനത്തിലൂടെ ആസൂത്രണം ചെയ്യപ്പെട്ടേക്കാവുന്ന സ്ഫോടനങ്ങൾ മുൻകൂട്ടി കണ്ടു പിടിക്കുന്നതിനും സെമി കണ്ടക്ടറുകളുടെ സാന്നിധ്യം അറിയാനുമാണ് നോണ്‍ ലീനിയർ ജംഗ്ഷൻ ഡിറ്റക്ടർ ഉപയോഗിക്കുന്നത്. ബോംബ് സ്യൂട്ടിന് 110 കിലോഗ്രാം ഭാരം വരും. ഹെൽമറ്റ്, കമ്യൂണിക്കേഷൻ ഉപകരണങ്ങൾ എന്നിവ ഇതിനൊപ്പമുണ്ടാകും. ബോംബ് നീക്കം ചെയ്യേണ്ടി വരുന്പോൾ ബോംബിനടുത്ത് പോകുന്നയാൾ ധരിക്കുന്നതാണിത്.
ഉപകരണങ്ങളുമായി സേനാംഗങ്ങൾ 24 മണിക്കൂറും റാൻഡം പട്രോളിംഗ് നടത്തുന്നുണ്ട്.എക്സ്പ്ലോസീവ് രംഗത്ത് പ്രത്യേക പരിശീലനം നേടിയ പോലീസ് സേനാംഗങ്ങളാണ് ശബരിമലയിൽ ഡ്യൂട്ടിക്ക് നിയുക്തരായിട്ടുള്ളത്. പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയുടെ നിയന്ത്രണത്തിലാണ് ഉപകരണങ്ങൾ സൂക്ഷിക്കുന്നത്. സന്നിധാനം, നില്ക്കൽ, പന്പ എന്നീ മൂന്ന് സ്റ്റോറുകളുടെ ചുമതല സബ് ഇൻസ്പെക്ടർ ഹരികുമാറിനാണ്.
ഉപകരണങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചാൽ റിപ്പയർ ചെയ്യാൻ അറിവുള്ള ടെക്നിഷൻമാരും സംഘത്തിലുണ്ട്. മണ്ഡല, മകരവിളക്ക് സീസണ് കഴിഞ്ഞാലും ഈ ഉപകരണങ്ങൾ ശബരിമലയുടെ സുരക്ഷയ്ക്കായി ഉപയോഗിക്കുമെന്ന് സബ് ഇൻസ്പെക്ടർ ഹരികുമാർ പറഞ്ഞു.