ശബരിമല: ദേശീയ സുരക്ഷ ഗാർഡിന്റെ പ്രത്യേക പരിശീലനം നേടിയ കേരള പോലീസ് കമാൻഡോകൾ ശബരിമല സന്നിധാനത്തും പെരിയാർ കടുവ സങ്കേതത്തിന്റെ പാർശ്വവനാന്തരങ്ങളിലും സുരക്ഷാ പരിശോധന നടത്തി. കമാൻഡോ ഇൻസ്പെക്ടർ വി. ജി. അജിത് കുമാറിന്റെ നേതൃത്വത്തിൽ 32 സംഘമാണ് പരിശോധന നടത്തുന്നത്. വാവരുനടയിൽ കൊപ്രാക്കളത്തിനു താഴെ പാർശ്വവനങ്ങളിലും റെയ്ഡ് നടത്തിയ കമാൻഡോ തുടർന്ന് ഹോമിയോ ആശുപത്രി, അരവണ പ്ലാന്റ്, ഗോശാല, ധനലക്ഷമി ബാങ്ക് പരിസരം വഴി വാവര് നടയിലെത്തി.
മറ്റൊരു ടീം വാവരു നടയിൽ നിന്ന് 108 പടി കയറി ഉരൽക്കുഴി വനത്തിൽ പരിശോധന നടത്തി പോലീസ് മെസ് വഴി മാലിന്യ സംസ്കരണ പ്ലാന്റിന് സമീപം വഴി ഭസ്മക്കളം ഗ്യാസ് ഗോഡൗണ് വഴി ബെയ് ലി പാലത്തിൽ പ്രവേശിച്ച് വലിയ നടപ്പന്തൽ വഴി വാവരുനടയിലെത്തി. കമാൻഡോകളുടെ പ്രത്യേക ടീമിനെ സന്നിധാനത്ത് വിന്യസിച്ചിരുന്നു.
സന്നിധാനം പോലീസ് സ്പെഷൽ ഓഫീസർ ഡോ.എ.ശ്രീനിവാസിന്റെ നിർദ്ദേശപ്രകാരമാണ് സുരക്ഷ ശക്തമാക്കിയത്. എൻഎസ്ജിയുടെ പ്രത്യേക പരിശീലനം നേടിയ കമാൻഡോ സംഘമാണ് സന്നിധാനത്തുള്ളത്. ഏതു സാഹചര്യവും ദ്രുതഗതിയിൽ നേരിടുന്നതിന് കമാൻഡോ സജ്ജമാണെന്ന് ഇൻസ്പെക്ടർ പറഞ്ഞു.
ശബരിമലയിൽ ഇതേവരെ വിറ്റത് 26.62 കോടിയുടെ അരവണ
ശബരിമല: ഇക്കുറി ശബരിമലയിൽ 26,62,06,040 രൂപയുടെ അരവണ വിറ്റു. 3,90,38,405 രൂപയുടെ അപ്പവും വിറ്റുപോയതായി ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ വി.എസ്. രാജേന്ദ്രപ്രസാദ് പറഞ്ഞു. സന്നിധാനത്തെ അരവണ പ്ലാന്റിൽ ദിവസവും രണ്ടു ലക്ഷം ടിൻ അരവണ ഉത്പാദിപ്പിക്കുന്നു. ഒരു ടിന്നിന് 80 രൂപയാണ് വില. 24 മണിക്കൂറും പ്രവർത്തിക്കുന്ന അരവണ പ്ലാന്റിൽ 250ലധികം പേർ ജോലി ചെയ്യുന്നു.
13.5ലക്ഷം ടിൻ അരവണയും രണ്ടു ലക്ഷം പായ്ക്കറ്റ് അപ്പം സ്റ്റോക്കുണ്ട്. ദിവസം ഒരു ലക്ഷം പാക്കറ്റ് അപ്പം തയാറാക്കുന്നു. ഒരു പായ്ക്കറ്റ് അപ്പത്തിന്റെ വില 35 രൂപയാണ്. ധനലക്ഷ്മി ബാങ്കാണ് അപ്പത്തിന്റെയും അരവണയുടെയും വില്പന നടത്തുന്നത്. കഴിഞ്ഞവർഷത്തേക്കാൾ അരവണ, അപ്പം വിൽപന ഗണ്യമായ വർധനവുണ്ടായതായി എക്സിക്യൂട്ടീവ് ഓഫീസർ പറഞ്ഞു.