‘ശബരിമല: സൂര്യഗ്രഹണം കണക്കിലെടുത്ത് ശബരിമല ധര്‍മശാസ്താ ക്ഷേത്രനട 26നു രാവിലെ നാല് മണിക്കൂർ അടച്ചിടും. ഗ്രഹണ ദിവസം രാവിലെ 7.30 മുതല്‍ 11.30 വരെയാണ് നട അടച്ചിടുന്നത്. അന്നേ ദിവസം പുലര്‍ച്ചെ മൂന്നിന് ക്ഷേത്രനട തുറക്കുന്നത്. 3.15 മുതല്‍ 6.45 വരെ നെയ്യഭിഷേകം ഉണ്ടാകും. ശേഷം ഉഷപൂജ കഴിച്ച് 7.30 ന് നട അടയ്ക്കും. 26 ന് രാവിലെ 8.06 മുതല്‍ 11.13 വരെയാണ് സൂര്യഗ്രഹണം. ഗ്രഹണം കഴിഞ്ഞ് 11.30 ന് ക്ഷേത്രനട തുറക്കും. തുടര്‍ന്ന് പുണ്യാഹവും കലശാഭിഷേകവും നടക്കും. ഇതിനു ശേഷം ഒരു മണിക്കൂര്‍ സമയം നെയ്യഭിഷേകം ഉണ്ടായിരിക്കും.
കളഭാഭിഷേകത്തിനു ശേഷം ഉച്ചപൂജ. അതു കഴിഞ്ഞ് നട അടയ്ക്കും. മാളികപ്പുറം, പമ്പ തുടങ്ങിയ ക്ഷേത്രങ്ങളിലും രാവിലെ 7.30 മുതല്‍ 11.30 വരെ നട അടച്ചിടും. അന്നേ ദിവസം വൈകുന്നേരം ശ്രീകോവില്‍ നട തുറക്കുന്നത് അഞ്ചിനായിരിക്കും.27നു നടക്കുന്ന മണ്ഡലപൂജയ്ക്കു മുന്നോടിയായി ശബരിമലയിലെത്തിക്കുന്ന തങ്കഅങ്കി സ്വീകരിക്കാൻ നിയോഗിക്കപ്പെട്ടവർ വൈകുന്നേരം 5.30 ഓടെ നടയിലെത്തി പ്രത്യേക ഹാരം അണിഞ്ഞ് ശരംകുത്തിയിലേക്ക് യാത്ര തിരിക്കും.
ആറോടെ തങ്ക അങ്കി ഘോഷയാത്രയ്ക്ക് ശരംകുത്തിയില്‍ ആചാരപൂര്‍വമുള്ള സ്വീകരണം നല്‍കും. തുടര്‍ന്ന് ക്ഷേത്രത്തിലേക്ക് ആനയിക്കും. 6.25 ഓടെ പതിനെട്ടാം പടി കയറി കൊണ്ടു വരുന്ന തങ്ക അങ്കിപ്പെട്ടി ശ്രീകോവിലിലേക്ക് ക്ഷേത്രതന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് ഏറ്റുവാങ്ങും. ശേഷം തങ്ക അങ്കി ചാര്‍ത്തിയുള്ള ദീപാരാധന നടക്കും. രാത്രി 9.30 ന് അത്താഴപൂജ. 10.50ന് ഹരിവരാസനം പാടി 11 ന് ക്ഷേത്രനട അടയ്ക്കും.
മണ്ഡലപൂജ ദിനമായ 27ന് പുലര്‍ച്ചെ മൂന്നിനു ക്ഷേത്രനട തുറക്കും. 3.15 മുതല്‍ രാവിലെ ഏഴു വരെ നെയ്യഭിഷേകം. 7.30 ന് ഉഷപൂജ. എട്ടു മുതല്‍ 9.30 വരെ നെയ്യഭിഷേകം തുടരും. 10 നും 11.40നും ഇടയ്ക്കുള്ള കുംഭം രാശിയില്‍ തങ്ക അങ്കി ചാര്‍ത്തിയുള്ള മണ്ഡലപൂജ നടക്കും. ഉച്ചയ്ക്ക് ഒന്നിന് നട അടയ്ക്കും. അന്നേ ദിവസം വൈകുന്നേരം നാലിനു നട വീണ്ടും തുറക്കും. ദീപാരാധന വൈകുന്നേരം 6.30ന്. അത്താഴപൂജ 9.30 ന്. രാത്രി 9.50 ന് ഹരിവരാസനം പാടി ക്ഷേത്രനട അടയ്ക്കും. ഇതോടെ 41 ദിവസം നീണ്ടു നിന്ന മണ്ഡലകാലത്തിന് പരിസമാപ്തിയാകും.
മകരവിളക്ക് ഉത്സവത്തിനായി ക്ഷേത്രനട 30 ന് വൈകുന്നേരം അഞ്ചിനു തുറക്കും. ജനുവരി 15 നാണ് മകരവിളക്ക്. ജനുവരി 16 മുതല്‍ 19 വരെ പടിപൂജ, എഴുന്നെള്ളത്ത് എന്നിവ ഉണ്ടാകും. 19 ന് രാത്രി മാളികപ്പുറത്ത് ഗുരുസി നടക്കും. 19 ന് രാത്രി വരെ മാത്ര അയ്യപ്പഭക്തര്‍ക്ക് ദർശനമുള്ളൂ. 20ന് രാവിലെ പന്തളം കൊട്ടാരം പ്രതിനിധി അയ്യപ്പനെ ദര്‍ശിച്ചു കഴിഞ്ഞാല്‍ ശ്രീകോവില്‍ നട അടച്ച് മേല്‍ശാന്തിയും ഒപ്പം രാജപ്രതിനിധിയും പതിനെട്ടാം പടി ഇറങ്ങും.
സന്നിധാനം ലഹരിവിമുക്തം
ശബരിമല: സന്നിധാനത്ത് ഈ സീസണില്‍ കാര്യമായ ലഹരി ഉപയോഗമോ ലഹരിവസ്തുക്കളുടെ കച്ചവടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് എക്സൈസ് അധികൃതര്‍ അറിയിച്ചു. നവംബര്‍ 13 മുതല്‍ ഇതുവരെ നൂറോളം റെയ്ഡുകള്‍ നടന്നെങ്കിലും സിഗററ്റ്, ബീഡി, മുറുക്കാന്‍ എന്നിവ ഉപയോഗിക്കുകയും കൈമാറുകയും ചെയ്ത കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
കോട്പ നിയമപ്രകാരം ഒരാളില്‍നിന്നും 200 രൂപ വരെ പിഴ ഈടാക്കാവുന്ന കുറ്റകൃത്യമാണിത്. ഇത്തരത്തില്‍ 325 കേസുകളില്‍ നിന്ന് 65,000 രൂപ പിഴ ഈടാക്കി. സന്നിധാനത്തും പരിസരത്തും ലഹരി ഉപഭോഗം കര്‍ശനമായി തടയുന്നതിന് നാല്പതോളം എക്സൈസ് ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
അനധികൃത കച്ചവടം നടത്തിയതുമായി ബന്ധപ്പെട്ട് ശബരിമല ഡ്യൂട്ടി മജിസ്ട്രേറ്റ് സന്നിധാനം പരിസരത്ത് നടത്തിയ റെയ്ഡില്‍ രണ്ട് അനധികൃത കച്ചവടക്കാരെ പിടികൂടി. ഡ്യൂട്ടി മജിസ്ട്രേറ്റിന്റെ കോടതി ഹാളില്‍ ചോദ്യം ചെയ്യവെ കോടതി ഹാളില്‍ നിന്ന് ഇവര്‍ ഇറങ്ങിയോടി. ഈ സംഭവവുമായി ബന്ധപ്പെട്ട് ഡ്യൂട്ടി മജിസ്ട്രേറ്റ് സന്നിധാനം പോലീസ് സ്റ്റേഷനില്‍ പരാതി സമര്‍പ്പിക്കുകയും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി പ്രതികളില്‍ ഒരാളെ പിടികൂടുകയും ചെയ്തു.
സന്നിധാനത്ത് പുകയിലയുടെ ഉപയോഗവും വില്പനയും നിരോധിച്ചിരിക്കെ അതിന് വിരുദ്ധമായി പുകയില ഉത്പന്നങ്ങള്‍ ഉപയോഗിച്ചതിന് തമിഴ്നാട് സ്വദേശിയായ കുമരേശന്‍ എന്നയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. റിമാൻഡ് അപേക്ഷ സഹിതം റാന്നി ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരായി.
കുള്ളാര്‍ അണക്കെട്ടില്‍ നിന്നു ജലം തുറന്നു വിടും
പത്തനംതിട്ട: ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് പമ്പാ ത്രിവേണി സ്നാന സരസിലും അനുബന്ധ കടവുകളിലും ജലലഭ്യത ഉറപ്പാക്കുന്നതിനായി കുള്ളാര്‍ അണക്കെട്ടില്‍ നിന്നും ഇന്നു മുതല്‍ 27 വരെ പ്രതിദിനം 25000 ഘന അടി എന്ന തോതില്‍ ജലം തുറന്നു വിടുന്നതിന് കര്‍ശന നിബന്ധനകളോടെ അനുമതി നല്കി ജില്ലാ കളക്ടര്‍ പി.ബി. നൂഹ് ഉത്തരവായി. ശബരിമല തീര്‍ഥാടകരും നദീ തീരവാസികളും ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.