മണ്ഡല കാല നിർവൃതിയിൽ സന്നിധാനം ഭക്തി മുഖരിതമായിരിക്കുകയാണ്. ദിവസം തോറും ധാരാളം ഭക്ത ജനങ്ങളാണ് ശബരിമലയിൽ ദർശനത്തിനെത്തുന്നത്. കുഞ്ഞയ്യപ്പൻമാരും മാളികപ്പുറവും അയ്യനെ കാണാനെത്തുമ്പോൾ ഇനി കയ്യിൽ ഈ ടാഗ് കൂടി ധരിക്കണം.
അവർ കൂട്ടം തെറ്റി പോകാൻ സാധ്യത ഉള്ളതിനാലാണ് പോലീസ് ടാഗ് സംവിധാനം ഒരുക്കിയിരിക്കുന്നത്. കൂട്ടം തെറ്റിയാൽ അവരെ സുരക്ഷിത കരങ്ങളിൽ എത്തിക്കാനാണ് ടാഗ് സംവിധാനം.
കുഞ്ഞിന്റെ കൂടെയുള്ളവരുടെ ഫോൺ നമ്പർ, പേര് എന്നിവയാണ് ടാഗിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഒറ്റ നോട്ടത്തിൽ ഒരു വള പോലെ തോന്നുമെങ്കിലും കുഞ്ഞുങ്ങളെ അവരുടെ രക്ഷിതാക്കളുമായി ബന്ധപ്പെടുത്തുന്ന എല്ലാ രേഖകളും ഉൾ പ്പെടുത്തിയിട്ടുണ്ട്.
ടാഗ് കയ്യിൽ കെട്ടിയാണ് പൊലീസ് കുട്ടികളെ പമ്പയിൽ നിന്ന് മല കയറ്റി വിടുന്നത്. പമ്പയിൽ ഗാർഡ് സ്റ്റേഷനോട് ചേർന്നാണ് കുട്ടികളുടെ കയ്യിൽ ടാഗ് ധരിപ്പിക്കുന്നത്. നിർബന്ധമായും കുഞ്ഞുങ്ങളുടെ കയ്യിൽ ഈ ടാഗ് ധരിപ്പിക്കണം.