ശബരിമല: ശബരിമലയുമായി ബന്ധപ്പെട്ട സുരക്ഷാ പരിശോധനകൾ ശക്തമായി തുടരാൻ പോലീസ് തീരുമാനം. ഇന്നലെ ട്രാൻസ്ജെൻഡേഴ്സ് ദർശനത്തിനായി എരുമേലി വരെ എത്തിയതും ഈയാഴ്ച തമിഴ്നാട്ടിൽ നിന്നും യുവതീ സംഘം എത്തുമെന്ന സൂചനകളുടെയും അടിസ്ഥാനത്തിലാണ് സുരക്ഷാ പരിശോധനകൾ ശക്തമാക്കുന്നത്.
നിലയ്ക്കലിൽ എല്ലാ വാഹനങ്ങളും പരിശോധിച്ചാണ് കടത്തിവിടുന്നത്. കെഎസ്ആർടിസി ബസുകളിലും പോലീസ് പരിശോധന നടത്തുന്നുണ്ട്. ട്രാൻസ്ജെൻഡേഴ്സിനെ എരുമേലിയിൽ തടഞ്ഞതു ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരമായിരുന്നുവെന്ന് പറയുന്നു. പ്രശ്നങ്ങൾ പരമാവധി ഒഴിവാക്കി നിലവിലെ സമാധാനാന്തരീക്ഷം തീർഥാടനകാലം കഴിയുന്നതുവരെ തുടരുകയെന്നതാണ് പോലീസ് ഇപ്പോൾ സ്വീകരിച്ചിരിക്കുന്ന നയം.
ശബരിമല ദർശനത്തിന് സംരക്ഷണം തേടി യുവതികളെത്തിയാലും നിയമം പാലിച്ചു മുന്നോട്ടുനീങ്ങാനാണ് പോലീസ് തീരുമാനം. ബലപ്രയോഗത്തിലൂടെ ആരെയും സന്നിധാനത്തെത്തിക്കേണ്ടതില്ലെന്ന നിലപാടാണ് ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്.
ട്രാൻസ്ജെൻഡേഴ്സ് മുൻകാലങ്ങളിൽ ശബരിമല ദർശനം നടത്തിയിട്ടുണ്ടെങ്കിലും ഇത്തവണ അവർ സ്ത്രീവേഷത്തിൽ എത്തുന്നത് സുരക്ഷാ ഭീഷണിയാകുമെന്ന് പോലീസ് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇക്കാരണത്താലാണ് അവരെ എരുമേലി വഴി എത്തിച്ചത് അവിടെ തടഞ്ഞത്.
ദർശനാനുമതി തേടുന്ന യുവതികളെയും നിലയ്ക്കലിനപ്പുറത്തെത്തിച്ച് സംഭാഷണം നടത്താനാണ് ഇപ്പോഴത്തെ നീക്കം. തമിഴ്നാട്ടിൽ നിന്നുള്ള സംഘവും കോട്ടയത്താകും ആദ്യം എത്തുകയെന്നാണ് സൂചന. യുവതികൾ എത്താനുള്ള സാധ്യത കണക്കിലെടുത്ത് നിലയ്ക്കലിൽ സുരക്ഷാ പരിശോധന കർശനമാക്കാനാണ് പോലീസ് തീരുമാനം.