ശബരിമല: മണ്ഡലവ്രതാരംഭ ദിനമായ വൃശ്ചികപ്പുലരിയില് ശബരിമല ശ്രീധര്മശാസ്താ ക്ഷേത്രത്തില് ദര്ശനം തേടി അയ്യപ്പഭക്തരുടെ നീണ്ടനിര. ഇന്നു പുലര്ച്ച നട തുറക്കുമ്പോള് ദര്ശനം തേടി എത്തിയവരുടെ നീണ്ടനിര നടപ്പന്തലിനപ്പുറം വരെയുണ്ടായി.
പുതിയ മേല്ശാന്തി പി.എന്. മഹേഷ് നമ്പൂതിരിയാണ് പുലര്ച്ചെ നട തുറന്നത്. നിര്മാല്യദര്ശനത്തിനെത്തിയവര്ക്ക് മേല്ശാന്തി പ്രസാദം നല്കി. പിന്നാലെ മണ്ഡല മഹോത്സവത്തോടനുബന്ധിച്ച പൂജകള് ആരംഭിച്ചു. ആദ്യദിവസം തന്നെ നെയ്യഭിഷേകത്തിനും മറ്റും നിരവധി അയ്യപ്പഭക്തരാണ് കാത്തുനിന്നത്. മാളികപ്പുറത്ത് പുതിയ മേല്ശാന്തി പി.ജി. മുരളിനമ്പൂതിരി നട തുറന്നു.
മണ്ഡലകാലം ആരംഭിച്ചതോടെ ശബരിമലയിലേക്ക് നിലയ്ക്കാത്ത തീര്ഥാടക പ്രവാഹമാണ്. ഇനിയുള്ള 40 ദിവസങ്ങളും ഇരുമുടിക്കെട്ടുമേന്തിയുള്ള അയ്യപ്പഭക്തരുടെ ശരണംവിളികളില് കാനനപാതകള് സജീവമായിരിക്കും. നിലയ്ക്കലും പമ്പയിലുമെല്ലാം സന്നിധാനത്തേക്കു പോകുന്നതിനുള്ള അയ്യപ്പഭക്തരുടെ തിരക്കുണ്ട്. ഇനിയുള്ള ദിവസങ്ങളില് പുലര്ച്ചെ മൂന്നിനാണ് നട തുറക്കുന്നത്.
നിര്മാല്യദര്ശനത്തിനുശേഷം 3.30ന് ആരംഭിക്കുന്ന അഭിഷേകം 11 വരെ നീണ്ടുനില്ക്കും. ഉഷപൂജയും മറ്റു ചടങ്ങുകളും ഇതിനിടെ നടക്കും. കലശാഭിഷേകം 11.30നും കളഭാഭിഷേകം 12.30നുമാണ്. ഉച്ചയ്ക്ക് ഒന്നിന് നട അടയ്ക്കും. പിന്നീട് വൈകുന്നേരം നാലിനു മാത്രമേ തുറക്കൂ. പുഷ്പാഭിഷേകം രാത്രി ഏഴിനാണ്. ഹരിവരാസനം ചൊല്ലി രാത്രി 11ന് നട അടയ്ക്കും. ഡിസംബര് 27നാണ ്മണ്ഡലപൂജ. അന്നുവരെ എല്ലാദിവസവും അയ്യപ്പഭക്തര്ക്കും ദര്ശന സൗകര്യം ഉണ്ടാകും.