കോട്ടയം: ശബരിമലയിൽ നടക്കുന്ന നാടകം സിപിഎം സ്പോണ്‍സേർഡ് പരിപാടിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ള. ശബരിമല പ്രശ്നത്തിന്റെ അടിവേരുകൾ അന്താരാഷ്ട്ര തലത്തിൽവരെയുണ്ട്. ഭീകരരുമായും ഇതിന് ബന്ധമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എൻഐഎ പോലുള്ള കേന്ദ്ര എജൻസികൾ സംഭവം അന്വേഷിക്കണം. സംസ്ഥാന സർക്കാർ കേന്ദ്രത്തോട് എൻഐഎ അന്വേഷണം ആവശ്യപ്പെടണമെന്നും ശ്രീധരൻപിള്ള വാർത്താസമ്മേളനത്തിൽ പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രമാക്കി സിപിഎം നടത്തിയ ആസൂത്രീത നീക്കത്തിന്റെ ഭാഗമായാണ് മനിതി സംഘം ശബരിമലയിൽ എത്തിയത്. സിപിഎമ്മാണ് അവരെ കൊണ്ടുവന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിർദേശങ്ങൾ അനുസരിച്ചാണ് പോലീസ് പ്രവർത്തിച്ചത്. ശബരിമലയെ തകർക്കാനായിരുന്നു ശ്രമമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ശബരിമലയിലെത്തിയ മനിതി സംഘത്തെ വെറുതെ വിട്ടത് ശരിയായില്ല. സർക്കാർ സ്പോണ്‍സറിലാണ് രഹ്ന ഫാത്തിമ ഉൾപ്പെടെയുള്ളവർ ശബരിമലയിൽ എത്തിയത്. ഇവർക്കെതിരെ ഇപ്പോൾ പല കേസുകളും ഉണ്ട്. രഹ്ന ഫാത്തിമമാരുടെ സംഘമാണ് ഇന്ന് ശബരിമലയിലെത്തിയത്. ഇവരെ സംബന്ധിച്ച കേന്ദ്ര ഇന്റലിജൻസ് വിവരം ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ശനിയാഴ്ചയും ഇന്നുമായി പോലീസ് നിരവധി ബിജെപി പ്രവർത്തകരെ ക്രൂരമായി മർദ്ദിച്ചു. പലർക്കും പോലീസ് നടപടിയിൽ ഗുരുതരമായി പരിക്കേറ്റുവെന്നും ശ്രീധരൻപിള്ള കൂട്ടിച്ചേർത്തു.