പന്തളം: തിരുവാഭരണങ്ങളും വഹിച്ചുള്ള ഘോഷയാത്രയ്ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. പുലര്‍ച്ചെ അഞ്ചു മുതല്‍ ഉച്ചയ്ക്ക് 12 വരെ ക്ഷേത്രത്തില്‍ തിരുവാഭരണങ്ങള്‍ ദര്‍ശിക്കാന്‍ അനുവാദമുള്ളതിനാല്‍ തിരക്ക് നിയന്ത്രിക്കാനുള്ള നടപടികള്‍ പോലീസ് സ്വീകരിച്ചിട്ടുണ്ട്. പത്തനംതിട്ട പോലീസ് മേധാവി എസ്.ഹരിശങ്കര്‍, അടൂര്‍ ഡിവൈഎസ്പി എസ്.റഫീഖ്, സ്പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി പി.കെ.ജഗദീഷ് എന്നിവര്‍ ഇന്നലെ ക്ഷേത്രത്തിലെത്തി ക്രമീകരണങ്ങള്‍ വിലയിരുത്തി.
ക്ഷേത്രമുറ്റത്ത് ബാരിക്കേഡുകള്‍ സ്ഥാപിച്ച് തിരക്ക് നിയന്ത്രിക്കും. സിസി ടിവി കാമറാ സംവിധാനവും ക്ഷേത്രപരിസരത്ത് തയാറാക്കി. 250ഓളം പോലീസുകാരെയാണ് സേവനത്തിനായി നിയോഗിച്ചിട്ടുള്ളത്. ദര്‍ശനത്തിനും ഘേഷയാത്രയുടെ സുഗമമായ നടത്തിപ്പിനും കൊട്ടാരം നിര്‍വാഹകസംഘം, ദേവസ്വം ബോര്‍ഡ്, ഉപദേശകസമിതി എന്നിവയുടെ നേതൃത്വത്തില്‍ ക്രമീകരണങ്ങള്‍ നടന്നു വരുന്നു. ശ്രാമ്പിക്കല്‍ കൊട്ടാരത്തില്‍ തിരുവാഭരണ ദര്‍ശനം ഇന്നലെ രാത്രിയോടെ അവസാനിച്ചു. ഇന്ന് പുലര്‍ച്ചെ അഞ്ച് മുതല്‍ ഉച്ചയ്ക്ക് 12 വരെ ക്ഷേത്രത്തില്‍ ദര്‍ശന സൗകര്യം ഒരുക്കിയിട്ടുണ്ട്.