തങ്കഅങ്കി ഘോഷയാത്ര 22ന് ആറന്മുളയില്‍നിന്നു പുറപ്പെടും

thankaangiശബരിമല: 26ന് നടക്കുന്ന മണ്ഡലപൂജയില്‍ അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തങ്കഅങ്കിയുമായുള്ള ഘോഷയാത്ര 22ന് ആറന്മുള തിരുവാറന്മുള ക്ഷേത്രത്തില്‍നിന്നും ആരംഭിക്കും. വിവിധ സ്ഥലങ്ങളിലെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി അന്ന് രാത്രിയില്‍ ഓമല്ലൂര്‍ രക്തകണ്‌ഠേശ്വര ക്ഷേത്രത്തില്‍ വിശ്രമിക്കും. 23ന് കോന്നി മുരിങ്ങമംഗലം ക്ഷേത്രത്തിലും, 24ന് പെരിനാടും രാത്രികാലങ്ങളില്‍ വിശ്രമിച്ചതിനുശേഷം 25ന് ഉച്ചയ്ക്ക് പമ്പയില്‍ എത്തിച്ചേരും.

വൈകുന്നേരം സന്നിധാനത്തേക്ക് പുറപ്പെടുന്ന ഘോഷയാത്രയെ 5.30ന് ശരംകുത്തിയില്‍ ദേവസ്വം എക്‌സിക്യുട്ടീവ് ഓഫീസര്‍ കെ. രവിശങ്കറിന്റെ നേതൃത്വത്തില്‍ ദേവസ്വം ഉദ്യോഗസ്ഥരും അയ്യപ്പസേവാസംഘം പ്രതിനിധികളും ചേര്‍ന്ന് സ്വീകരിക്കും. തുടര്‍ന്ന് പതിനെട്ടാംപടിക്ക് മുകളിലെത്തിക്കുന്ന തങ്കഅങ്കി ദേവസ്വം ബോര്‍ഡ് പ്രസിഡന്റും അംഗങ്ങളും ചേര്‍ന്ന് ഏറ്റുവാങ്ങി ശ്രീകോവിലിന് മുന്നിലെത്തിക്കും.

തന്ത്രി കണ്ഠരര് രാജീവരര്, മേല്‍ശാന്തി ഉണ്ണികൃഷ്ണന്‍ നമ്പൂതിരി എന്നിവര്‍ ചേര്‍ന്ന് തങ്കഅങ്കി ഏറ്റുവാങ്ങും. തങ്കഅങ്കി ചാര്‍ത്തിയശേഷം വൈകുന്നേരം 6.30ന് ദീപാരാധന നടക്കും. തുടര്‍ന്ന് പതിവുപോലെ രാത്രി 11ന് ഹരിവരാസനം പാടി അടയടയ്ക്കും.

26ന് പുലര്‍ച്ചെ മൂന്നിന് നടതുറക്കും. തുടര്‍ന്നുള്ള പതിവുപൂജകള്‍ക്ക് ശേഷം 11.55.നും ഒന്നിനും മധ്യേ മണ്ഡലപൂജ നടക്കും. പൂജയ്ക്ക് തന്ത്രി കണ്ഠരര് രാജീവര് മുഖ്യകാര്‍മികത്വം വഹിക്കും. മേല്‍ശാന്തി ഉണ്ണികൃഷ്ണന്‍ നമ്പൂതിരി സഹകര്‍മിയാകും. ഉച്ചയ്ക്ക് ഒന്നിന് അടയ്ക്കുന്ന നട മൂന്നിന് തുറക്കും. രാത്രി 10ന് നടയടയ്ക്കുന്നതോടെ ഈവര്‍ഷത്തെ മണ്ഡലകാലത്തിന് സമാപനമാകും.

മകരവിളക്ക് മഹോത്സവത്തിനായി 30ന് വൈകുന്നേരം അഞ്ചിനു നടതുറക്കും.  420 പവന്‍ തൂക്കം വരുന്ന തങ്കഅങ്കി 1973-ല്‍ തിരുവിതാംകൂര്‍ മഹാരാജാവായ ശ്രീചിത്തിര തിരുനാള്‍ മഹാരാജാവാണ് നടയ്ക്ക് വച്ചത്. കഴിഞ്ഞ തീര്‍ത്ഥാടനകാലത്തിന് ശേഷം തിരുവാറന്മുള്ള ക്ഷേത്രസങ്കേതത്തിലാണ അങ്കി സൂക്ഷിച്ചിട്ടുള്ളത്.

Related posts