ചെങ്ങന്നൂർ: ശബരിമലയിൽ താന്ത്രിക ചുമതലയുള്ള തന്ത്രി താഴമൺ മഠത്തിലെ ഇളമുറക്കാരൻ മഹേശ്വരര് മോഹനര് വിവാഹിതനായി. വെള്ളിയാഴ്ച പകൽ 11.15നും 12.45നും മദ്ധ്യേയുള്ള ശുഭ മുഹുർത്തത്തിൽ ആയിരുന്നു വിവാഹം.
ബുധനൂർ മാധവപ്പിള്ളി മഠത്തിൽ ശ്രീകുമാര വർമ്മയുടേയും ശോഭ ശ്രീകുമാറിന്റെയും മകൾ സുഭദ്രയാണ് വധു. വധുഗൃഹമായ ബുധനൂർ മാധവപ്പിള്ളി മഠത്തിൽ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് വേദാചാരപ്രകാരം അഗ്നിയെ സാക്ഷിയാക്കിയാണ് വിവാഹം നടന്നത്.
പിതാവ് കണ്ഠര് മോഹനരരുടെ പകരമായാണ് മകൻ മഹേശ്വരര് മോഹനര് ശബരിമല തന്ത്രിയായി ചുമതലയേറ്റത്. ഇപ്പോൾ മഹേശ്വരര് മോഹനരും രാജീവരരും എന്നീ രണ്ടു തന്ത്രിമാരാണ് ഓരോ വർഷം ഇടവിട്ട് ശബരിമലയിലെ താന്ത്രിക കർമ്മങ്ങൾ നിർവഹിക്കുന്നത്.
ചെന്നൈ മൈലാപ്പൂര് കോളജിൽ നിന്നും സംസ്കൃതത്തിൽ ബിരുദാനന്തര ബിരുദം നേടിയ മഹേശ്വരര് മോഹനര് കോഴിക്കോട് മുല്ലപ്പള്ളി കൃഷ്ണൻ നമ്പൂതിരിപ്പാടിന്റെ ശിക്ഷണത്തിൽ പൂജാവിധികൾ പഠിച്ച ശേഷമാണ് തന്ത്രിയായി അവരോധിതനായത്. ഇനി അടുത്ത ചിങ്ങം ഒന്നു മുതൽ ഒരു കൊല്ലം കണ്ഠര് മഹേശ്വരര് മോഹനര് ആയിരിക്കും ശബരിമലയിലെ താന്ത്രിക ചുമതല.