ശബരിമല: ശബരിമലയില്‍ ഭക്തജനത്തിരക്ക് തുടരുന്നു. ഇന്നലെ രാത്രി അനുഭവപ്പെട്ട അഭൂതപൂര്‍വമായ തിരക്കിനെത്തുടര്‍ന്ന് പമ്പയിലേക്കുള്ള പാതയില്‍ പലേടത്തും വാഹനങ്ങള്‍ പോലീസ് തടഞ്ഞിരുന്നു. തീര്‍ഥാടകരുടെ തിരക്കിന്റെ ബാഹുല്യം നിമിത്തം നിലയ്ക്കലില്‍നിന്ന് വലിയ വാഹനങ്ങള്‍ പമ്പയിലേക്കു പോലീസ് വിട്ടിരുന്നില്ല. തീര്‍ഥാടകരെ നിലയ്ക്കലില്‍നിന്ന് കെഎസ്ആര്‍ടിസി ബസിലാണ് കയറ്റിവിടുന്നത്. ഇതിനാവശ്യമായ എല്ലാ ക്രമീകരണങ്ങളും കെഎസ്ആര്‍ടിസി നടത്തിയിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.
പത്തനംതിട്ട ഭാഗത്തുനിന്നും ആയിരക്കണക്കിന് വാഹനങ്ങളാണ് തിരക്കില്‍ കുടുങ്ങിയത്. മണിക്കൂറുകളെടുത്താണ് മിക്ക വാഹനങ്ങളും നിലയ്ക്കല്‍ വരെയെത്തിയത്. അതിനിടെ, എരുമേലിയില്‍ നിന്ന് പരമ്പരാഗത കാനനപാത വഴി രാത്രിയില്‍ യാത്ര ചെയ്യാന്‍ ശ്രമിച്ചവരെ പോലീസും വനംവകുപ്പും തടഞ്ഞു. മേഖലയില്‍ കാട്ടാനകള്‍ കൂട്ടത്തോടെ ഇറങ്ങിയിട്ടുണ്ടെന്ന വിവരത്തെതുടര്‍ന്നാണ് ഇവരുടെ യാത്ര തടഞ്ഞത്. വന്യമൃഗഭീഷണി ഉയര്‍ന്നതോടെ പുല്ലുമേട്, എരുമേലി കാനനപാത വഴിയുള്ള രാത്രിയാത്ര നിരോധിച്ചു. പകല്‍ മൂന്നിനുശേഷം ഇതുവഴി തീര്‍ഥാടകരെ കടത്തിവിടില്ലെന്ന് അധികൃതര്‍ അറിയിച്ചു.
ഞായറാഴ്ച പുലര്‍ച്ചെ നട തുറന്നതോടെ അഭൂതപൂര്‍വമായ തിരക്കാണ് സന്നിധാനത്ത് അനുഭവപ്പെട്ടത്. വടക്കേനട, വാവര് പള്ളി പരിസരം, വലിയ നടപ്പന്തല്‍ എന്നിവ തീര്‍ഥാടകരെ കൊണ്ട് നിറഞ്ഞു. തിരക്ക് വന്‍തോതില്‍ വര്‍ധിച്ചതോടെ പമ്പ, മരക്കൂട്ടം, ശബരിപീഠം, കെഎസ്ഇബി പരിസരം എന്നിവിടങ്ങളില്‍ തീര്‍ഥാടകരെ വടം കെട്ടി തടഞ്ഞു. തീര്‍ഥാടകരുടെ നിര ശബരിപീഠം വരെ നീണ്ടതോടെയാണ് പമ്പയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്.