ശബരിമലയില്‍ തിരക്ക് കുറഞ്ഞു നിയന്ത്രണം മരക്കൂട്ടം മുതല്‍

sabarimalaശബരിമല: രണ്ടുദിവസം അനുഭവപ്പെട്ട തിരക്കിന് അല്പം ശമനം. ഇന്നു പുലര്‍ച്ചെ ക്ഷേത്രനട തുറന്നപ്പോള്‍ ദര്‍ശനത്തിനുള്ള ക്യൂ ശരംകുത്തിവരെ ഉണ്ടായിരു ന്നുള്ളൂ. കഴിഞ്ഞദിവസങ്ങളില്‍ പമ്പയില്‍ തീര്‍ഥാടകരെ തടഞ്ഞുനിര്‍ത്തിയിരുന്നു. ഇന്നു സ്ഥിതി മാറി തീര്‍ഥാടക വാഹനത്തിന്റെ എണ്ണം കുറഞ്ഞിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. ശബരിമലയില്‍ ഇന്നലെ വലിയ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്. ഒമ്പതു മണിക്കൂറിലേറെ കാത്തുനിന്നശേഷമാണ് പലര്‍ക്കും സന്നിധാനത്തെത്താന്‍ കഴിഞ്ഞത്. തിരക്ക് കൂടിയതോടെ പമ്പ, മരക്കൂട്ടം എന്നിവിടങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.

സന്നിധാനത്തെ വലിയ നടപ്പന്തല്‍, മാളികപ്പുറം നടപ്പന്തല്‍, വാവരുനട എന്നിവിടങ്ങളില്‍ തീര്‍ഥാടകര്‍ തിങ്ങിനിറഞ്ഞിരിക്കുകയായിരുന്നു. മരക്കൂട്ടത്ത് തിരക്ക് നിയന്ത്രണാതീതമായതോടെ  വടം കെട്ടി തടഞ്ഞു. മരക്കൂട്ടത്തിനും ശരംകുത്തിക്കും ഇടയില്‍ ബാരിക്കേഡിനിടയിലൂടെ തീര്‍ഥാടകര്‍ കടന്നുവന്ന് ചന്ദ്രാനന്ദന്‍ റോഡു വഴി നീങ്ങിയത് തിരക്ക് കൂടാന്‍ കാരണമായി. തിരക്ക് നിയന്ത്രിക്കാന്‍ കേന്ദ്രസേനയെയും കൂടുതല്‍ പോലീസിനെയും നിയോഗിച്ചു.

തീര്‍ഥാടകപ്രവാഹം കണക്കിലെടുത്ത് വെര്‍ച്വല്‍ക്യൂ സംവിധാനം നിര്‍ത്തിവച്ചിരുന്നു.  തിങ്കളാഴ്ച പകല്‍ തിരക്കിന് അല്‍പം ശമനമുണ്ടായെങ്കിലും 12 മണി കഴിഞ്ഞതോടെ സംഘമായി ആളുകള്‍ എത്തിയതോടെയാണ് തിരക്ക് നിയന്ത്രണാതീതമായത്. തിരക്ക് വര്‍ധിച്ചതോടെ പമ്പ, മരക്കൂട്ടം, ശബരിപീഠം, കെഎസ്ഇബി പരിസരം എന്നിവിടങ്ങളില്‍ തീര്‍ഥാടകരെ വടം കെട്ടി തടഞ്ഞു. തീര്‍ഥാടകരുടെ നിര ശബരിപീഠം വരെ നീണ്ടതോടെയാണ് പമ്പയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

അതിനിടെ, പതിനെട്ടാംപടി കയറ്റുന്നതിലെ മെല്ലെപ്പോക്കാണ് തിരക്ക് കൂടാന്‍ കാരണമെന്ന് പറയപ്പെടുന്നു. ശബരിമലയില്‍ മുന്‍പരിചയമില്ലാത്ത ചില ഉദ്യോഗസ്ഥര്‍ നടപ്പാക്കിയ അശാസ്ത്രീയ പരിഷ്കരണവും തിരക്കിനിടയാക്കി. വലിയ നടപ്പന്തലിനു സമീപത്തെ കെഎസ്ഇബി പരിസരത്ത് ചില പോലീസുകാര്‍ തീര്‍ഥാടകരെ കമ്പുപയോഗിച്ച് തള്ളിമാറ്റാന്‍ ശ്രമിച്ചത് ബഹളത്തിനിടയാക്കി. ദര്‍ശനം കഴിഞ്ഞ് മടങ്ങിയവരുടെയും സന്നിധാനത്തേക്ക് വരുന്നവരുടെയും വാഹനങ്ങളുടെ എണ്ണം കൂടിയതോടെ പത്തനംതിട്ട, എരുമേലി പാതയില്‍ മണിക്കൂറുകളോളം ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു.

ശിവമണി ഇന്ന് സന്നിധാനത്ത്
ശബരിമല: ശബരിമല ക്ഷേത്രം ശ്രീ ധര്‍മശാസ്ത ഓഡിറ്റോ റിയത്തില്‍ ഇന്ന് ലോക പ്രശസ്ത ഡ്രമ്മര്‍ ശിവമണിയുടെ ഡ്രം വായന അരങ്ങേറും. ചെന്നൈ സ്വദേശിയായ ശിവമണി മുമ്പും സന്നിധാനത്ത് പരിപാടി അവതരിപ്പിച്ചിട്ടുണ്ട്. രാത്രി ഏഴു മുതല്‍ വെട്ടികുളങ്ങര ചേപ്പാട് ഹേമാംബിക കുത്തിയോട്ട സമിതി അവതരിപ്പിക്കുന്ന കുത്തിയോട്ടവും എട്ടിന് അര്‍ജുന്‍ അതരിപ്പിക്കുന്ന ഭരതനാട്യവും അരങ്ങേറും.

Related posts