ശബരിമല: മണ്ഡലകാല മകരവിളക്ക് ഉത്സവത്തിന്റെ ഭാഗമായി വൃശ്ചികം ഒന്നിന് നട തുറന്ന് അഞ്ച് ദിനങ്ങൾ പിന്നിടുന്പോൾ ശബരിമലയിൽ ദർശനം തേടിയെത്തിയത് രണ്ടരലക്ഷത്തിലേറെ ഭക്തജനങ്ങൾ. 12സീറ്റ് വരെയുളള സ്വകാര്യ ടാക്സി വാഹനങ്ങൾ പന്പയിലേയ്ക്ക് കടത്തിവിടാൻ തീരുമാനിച്ചതും തീർത്ഥാടകർക്ക് പ്രയോജനമായെന്ന് വിലയിരുത്തൽ.
ഇന്നും നാളെയും തീർഥാടകരുടെ എണ്ണത്തിൽ വലിയ കുതിപ്പുണ്ടാകുമെന്നാണ് ദേവസ്വം അധികൃതരും പോലീസും കരുതുന്നത്. തീർഥാടകർക്കായി വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ദാഹിച്ച് വലയുന്നവർക്ക് സൗജന്യ ഒൗഷധകുടിവെള്ള വിതരണം, അന്നദാന മണ്ഡപത്തിലെ അന്നദാനം, സ്ട്രെക്ചർ സർവീസ്, സന്നിധാനം സർക്കാർ ആശുപത്രിയിലെ കാർഡിയോളജി യൂനിറ്റ്, ആയൂർവേദ-ഹോമിയോ ചികിൽസ സൗകര്യങ്ങൾ, കർമനിരതരായ വിശുദ്ധി സേനാംഗങ്ങളുടെ ശുചീകരണം, വിരിവെക്കാനുള്ള വിപുലമായ ഇടങ്ങൾ, നവീകരിച്ച പൊതുശൗചാലയങ്ങൾ തുടങ്ങി വിപുലമായ സൗകര്യങ്ങളാണുള്ളത്. മലയാളം, ഇംഗ്ലീഷ്, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിലെ വിശദമായ അറിയിപ്പുകളും നിർദേശങ്ങളും വിവിധ സംസ്ഥാനങ്ങളിലെ തീർഥാടകർക്ക് ഏറെ ഗുണം ചെയ്യുന്നുണ്ട്.
സന്നിധാനത്തെ കാർഡിയോളജി സെന്റർ പിൻവലിച്ചെന്ന പരാമർശം തെറ്റ്: ഡിഎംഒ
ശബരിമല: സന്നിധാനത്തു നിന്ന് സഹസ് കാർഡിയോളജി സെന്റർ പിൻവലിച്ചെന്ന പരാമർശം തെറ്റാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എ.എൽ ഷീജ അറിയിച്ചു.മുൻ വർഷങ്ങളിൽ സന്നിധാനത്തെ ആശുപത്രിയിൽ കാർഡിയോളജി, ഐസിയു എന്നിവ പൂർണമായി സജ്ജീകരിക്കാത്തതിനാൽ സഹസ് എന്ന സ്വകാര്യ സ്ഥാപനത്തിൽ ആരോഗ്യ വകുപ്പ് ജീവനക്കാരെ നിയമിച്ചിരുന്നു.
എന്നാൽ ഈ വർഷം കാർഡിയോളജിസ്റ്റ്, മറ്റ് ഡോക്ടർമാർ, മികച്ച സൗകര്യങ്ങളുള്ള കാർഡിയോളജി, ഐസിയു എന്നിവ ലഭ്യമാണ്.20 രോഗികൾ ഹൃദയാഘാതത്തെ തുടർന്ന് ചികിത്സ നേടിയിരുന്നു. ഇതിൽ 16 പേരുടെ ആരോഗ്യം വീണ്ടെടുത്തു. ഈ സീസണിൽ ഹൃദ്രോഗം മൂലം മരിച്ച നാലു പേർക്കും ആശുപത്രിയിൽ കാർഡിയോളജിസ്റ്റിന്റെ വിദഗ്ധ ചികിത്സ നൽകിയിരുന്നു.
സന്നിധാനത്തെ ആശുപത്രിയിൽ രണ്ടാമത്തെ നിലയിൽ സജീകരിച്ചിരുന്ന ഐസിയു, വെന്റിലേറ്റർ സൗകര്യം തീർഥാടകർക്കായി താഴത്തെ നിലയിലേക്ക് മാറ്റി സ്ഥാപിച്ചിട്ടുണ്ട്. ഐസിയുവിൽ മൂന്നു ബെഡുകളും ജനറൽ വാർഡിൽ പുരുഷ·ാർക്കായി നാലു ബെഡുകളും സ്ത്രീകൾക്കായി രണ്ടു ബെഡുകളും ഇവിടെയുണ്ട്. പത്തു ഡോക്ടർമാരും എട്ടു സ്റ്റാഫ് നേഴ്സും രണ്ടു ലാബ് ടെക്നിഷ്യന്മാരും അറ്റൻഡർമാരും അടങ്ങുന്ന സംഘത്തിന്റെ സേവനം 24 മണിക്കൂറും ലഭ്യമാണ്.
മൊബൈൽ എടിഎം കൗണ്ടറുകൾ
ശബരിമല: നിലയ്ക്കലിൽ അയ്യപ്പഭക്തർക്കായി 24 മണിക്കൂറും പ്രവർത്തിക്കുന്ന മൊബൈൽ എടിഎം കൗണ്ടറുകൾ സജ്ജമായി. കാനറാ ബാങ്ക്, എസ്ബിഐ ബാങ്ക്, കേരളാ ഗ്രാമീണ്‍ബാങ്ക് എന്നീ ബാങ്കുകളാണ് മൊബൈൽ എടിഎമ്മുകൾ എത്തിച്ചിട്ടുള്ളത്.
നിലയ്ക്കലിൽ എടിഎം കൗണ്ടറുകൾ അപര്യാപ്തമാണെന്ന് ജില്ലാ അധികൃതർ അറിയിച്ചതിനെ തുടർന്നാണ് 24 മണിക്കൂറും പ്രവർത്തിക്കുന്ന മൊബൈൽ എടിഎമ്മുകൾ എത്തിച്ചതെന്ന് ജില്ലാ ലീഡ് ബാങ്ക് മാനേജർ വി. വിജയകുമാരൻ പറഞ്ഞു. ജില്ലാ ഭരണകൂടം ആവശ്യപ്പെടുന്ന പക്ഷം പന്പ ഉൾപ്പടെയുള്ള സ്ഥലങ്ങളിലും എടിഎമ്മുകൾ എത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു.
സേഫ്സോണ്‍ വക മുന്നറിയിപ്പ് ബോർഡുകൾ
ശബരിമല: സംസ്ഥാന മോട്ടോർ വാഹനവകുപ്പിന്റെയും റോഡ് സേഫ്റ്റി അഥോറിറ്റിയുടേയും സംയുക്താഭിമുഖ്യത്തിൽ നിലയ്ക്കൽ, ചാലക്കയം റൂട്ടിൽ ഇലവുങ്കൽ ഭാഗത്ത് റോഡ് സുരക്ഷാ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചു.
നിലയ്ക്കലിൽ നിന്നും പന്പയിലേക്ക് 15 സീറ്റുവരെയുള്ള വാഹനങ്ങൾ കടത്തിവിടാൻ സർക്കാർ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണി മുൻകരുതൽ.
റോഡുകളിലേക്ക് ഞാന്നു കിടക്കുന്ന വള്ളിപ്പടപ്പുകൾ, താഴ്ന്ന വൃക്ഷശിഖരങ്ങൾ വളവുകളിലെ കാഴ്ച മറയ്ക്കുന്ന കാട്ടുചെടിപ്പടർപ്പുകൾ എന്നിവയും നീക്കം ചെയ്തു.സെയ്ഫ് സോണ്‍ സ്പെഷൽ ഓഫീസർ പി.സി. സുനിൽബാബു നേതൃത്വം നൽകി.