ശബരിമല: ശബരിമലയില്‍ തിരക്ക് നിയന്ത്രണ വിധേമായിത്തുടങ്ങി. ദര്‍ശന സമയം കൂട്ടുകയും പതിനെട്ടാംപടിയില്‍ അടക്കം നിയന്ത്രണങ്ങള്‍ കടുപ്പിക്കുകയും ചെയ്തതിനു പിന്നാലെ കൂടുതല്‍ ഭക്തര്‍ സുഗമമായി ദര്‍ശനം നടത്തി മടങ്ങി.
80,000 പേര് ഇന്നലെ മാത്രം ദര്‍ശനത്തിനെത്തി.കഴിഞ്ഞ ദിവസങ്ങളില്‍ 13 മുതല്‍ 17 മണിക്കൂര്‍വരെയാണ് കാത്തുനില്ക്കേണ്ടിവന്നതെങ്കില് ഇന്നലെ വൈകുന്നേരം മുതല്‍ ഇത് നാല് മണിക്കൂറിലേക്ക് കുറഞ്ഞു. ഇന്നു രാവിലെ നിലയ്ക്കലും പമ്പയിലും തിരക്ക് അനുഭവപ്പെടുന്നുണ്ടെങ്കിലും സന്നിധാനത്ത് പതിവു തിരക്ക് മാത്രമേയുള്ളൂ.
ദര്‍ശന സമയം ഇന്നലെ മുതല്‍ ഒരു മണിക്കൂര്‍ കൂട്ടിയതോടെ കൂടുതല്‍ പേര്‍ക്ക് ദര്‍ശന സൗകര്യം ലഭിച്ചു തുടങ്ങി. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നിനാണ് നട തുറന്നത്.
സാധാരണ ഉച്ചപൂജയ്ക്ക് ശേഷം ഒരു മണിക്ക് അടയ്ക്കുന്ന നട വൈകുന്നേരം നാലിനാണ് തുറക്കാറുള്ളത്. നട അടയ്ക്കുന്ന സമയത്തിലും അര മണിക്കൂര്‍ കൂടി അധികം ലഭിക്കുന്നുണ്ട്. ഒന്നര മണിക്കൂര്‍ കൂടി ഭക്തര്‍ക്ക് ഓരോ ദിവസവും ദര്‍ശന സൗകര്യം ലഭിച്ചു തുടങ്ങി.
സന്നിധാനത്തെ തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പതിനെട്ടാംപടിയിലും പോലീസ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നുണ്ട്. മിനിറ്റില്‍ 45 – 60 പേരെ മാത്രമാണ് ഇപ്പോള്‍ പടി ചവിട്ടാന്‍ അനുവദിക്കുന്നത്.
രത്തെ ഒരു മിനിറ്റില്‍ 80 മുതല്‍ 95 വരെ ഭക്തര്‍ പടികയറിയിരുന്നു. സോപാനത്തെ തിരക്ക് കുറഞ്ഞത് ഭക്തര്‍ക്ക് സുഖദര്‍ശനം സാധ്യമാക്കുന്നുണ്ടെങ്കിലും പമ്പയില്‍ നിന്നു തീര്‍ഥാടകരെ വിവിധ സെക്ടറുകളായി തിരി ഇടവേളകളിലാണ് മലകയറാന്‍ അനുവദിക്കുന്നത്. പ്രധാന ബേസ് ക്യാമ്പായ നിലയ്ക്കലില്‍ ഇന്നലെയും മണിക്കൂറുകളോളം തീര്‍ഥാടകരെ തടഞ്ഞു.
പത്തനംതിട്ട, കോട്ടയം റൂട്ടുകളില്‍ കിലോമീറ്റുകളോളം നീണ്ട വാഹനക്കുരുക്കാണ് അനുഭവപ്പെട്ടത്. തിരക്ക് നിയന്ത്രണത്തിന്റെ ഭാഗമായി വെര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്യുന്ന പ്രതിദിന തീര്‍ഥാടകരുടെ എണ്ണം 90,000 ല്‍ നിന്നും 80,000 ആയി കുറച്ചതോടെ സ്പോര്‍ട്ട് ബുക്കിംഗുകളുടെ എണ്ണം കുതിച്ചുയര്‍ന്നിട്ടുണ്ട്.
ഹൈക്കോടതിയില്‍ ഇന്ന് റിപ്പോര്‍ട്ട് നല്‍കും
ശബരിമല: ശബരിമലയില്‍ കഴിഞ്ഞദിവസങ്ങളിലുണ്ടായ ഭക്തജനത്തിരക്കിന്റെ പശ്ചാത്തലത്തില്‍ ഹൈക്കോടതിയില്‍ ഇന്ന് പോലീസ് റിപ്പോര്‍ട്ട് നല്‍കും. ക്രമസമാധാന ചുമതലയുള്ള എഡിജിപിയും ശബരിമല പോലീസ് ചീഫ് കോ ഓര്‍ഡിനേറ്ററുമായ എം.ആര്. അജിത് കുമാറാണ് ഇന്ന് റിപ്പോര്‍ട്ട് നല്‍കുന്നത്. തിരക്ക് നിയന്ത്രിക്കുന്നതിനായി ഏര്‍പ്പെടുത്തിയിട്ടുള്ള ക്രമീകരണങ്ങളുടെ അടക്കം വിശദമായ റിപ്പോര്‍ട്ടാണ് എഡിജിപി നല്‍കുന്നത്.
തിരക്ക് തുടരുന്ന സാഹചര്യത്തില്‍ കൂടുതല്‍ പോലീസിനെ വിവിധ കേന്ദ്രങ്ങളില്‍ നിയോഗിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ സന്നിധാനത്തെയും പമ്പയിലെയും സര്‍ക്കാര്‍ ആശുപത്രികളും പൂര്‍ണസജ്ജമാക്കി. നിലവിലുള്ള രണ്ട് ആംബുന്സുകള്ക്ക് പുറമെ ഒരു ഓഫ് റോഡ് ആംബുലസ് കൂടി ശബരിമലയില്‍ എത്തിച്ചു.
ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ഇന്നലെയും നിരവധി തീര്‍ഥാടകരെ സന്നിധാനം സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ റാപ്പിഡ് ആക്ഷന്‍ ഫോഴ്സും ദുരന്ത നിവാരണ സേനയും രംഗത്തുണ്ട്.
പത്തനംതിട്ട, എരുമേലി, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ നിയന്ത്രണങ്ങളോടെയാണ ്തീര്ഥാടക വാഹനങ്ങള്‍ കടത്തിവിടുന്നത്. പമ്പയിലെ തിരക്ക് കുറയുന്നതിനനുസരിച്ചാണ് ഇതര സ്ഥലങ്ങളില്‍ നിന്നുള്ളവരെ ഇവിടേക്ക് എത്തിക്കുന്നത്.
സര്‍ക്കാരിനെതിരേ പ്രതിപക്ഷം
പത്തനംതിട്ട: ശബരിമലയിലെ ഭക്തജനത്തിരക്ക് വര്‍ധിക്കുമ്പോഴും ശക്തമായ ഇടപെടലുകള്‍ ഉണ്ടാകാത്തതിനെതിരേ പ്രതിപക്ഷ നേതാക്കള്‍.ദേവസ്വത്തിന്റെ ചുമതലയുള്ള മന്ത്രി ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ശ്രമിക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ്് കെ. സുധാകരന് കുറ്റപ്പെടുത്തി.
മുന്‍പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് പത്തനംതിട്ടയിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. ശബരിമല ഇടത്താവളത്തില്‍ പമ്പയിലേക്ക് പോകാന്‍ കാത്തുനില്ക്കുന്ന അയ്യപ്പഭക്തരുമായി അദ്ദേഹം സംസാരിച്ചു. സുഗമമായ ദര്‍ശനം ഒരുക്കുന്നതിലും അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിലും സര്‍ക്കാര്‍ പരാജയപ്പെട്ടതായി രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.
സര്‍ക്കാര്‍ സംവിധാനങ്ങളുടെ തികഞ്ഞ പരാജയമാണ് കഴിഞ്ഞദിവസം ശബരിമലയില്‍ കണ്ടതെന്ന് പത്തനംതിട്ടയിലെത്തിയ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനും കുറ്റപ്പെടുത്തി. തിരക്കില്‍പെട്ട് നിരവധി അയ്യപ്പഭക്തര്‍ക്ക് പരിക്കേറ്റിരുന്നു.
രോഗികളായ പലര്‍ക്കും ശാരീരിക അസ്വസ്ഥതകളുണ്ടായി. വെള്ളവും ഭക്ഷണവുമില്ലാതെ 17 മണിക്കൂറിലധികം ക്യൂ നില്ക്കേണ്ടിവന്നവരുണ്ട്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കണമെന്നും സുരേന്ദ്രന് പറഞ്ഞു.