ശബരിമല: കാനനപാതയിലൂടെ കാല്‍നടയായി വരുന്ന അയ്യപ്പഭക്തര്‍ക്ക് മുക്കുഴിയില്‍ പ്രത്യേക പാസ് നല്‍കുന്നത് താത്കാലികമായി നിര്‍ത്തിവച്ചതായി ദേവസ്വം ബോര്‍ഡ് അറിയിച്ചു.
പമ്പ വഴി വെര്‍ച്വല്‍ ക്യൂ ആയും സ്പോട്ട് ബുക്കിംഗ് ആയും വരുന്ന അയ്യപ്പഭക്തര്‍ ദര്‍ശനം കിട്ടാതെ മണിക്കൂറുകള്‍ കാത്തുനില്‍ക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കുന്നതിനാണ് ഈ നടപടിയെന്ന് ദേവസ്വം ബോര്‍ഡ് അംഗം എ. അജികുമാര്‍ അറിയിച്ചു.
5000 പേര്‍ക്ക് പ്രത്യേക പാസ് നല്‍കാനായിരുന്നു നേരത്തെ ഉണ്ടായിരുന്ന ധാരണ. എന്നാല്‍, കാനനപാത വഴി വരുന്ന അയ്യപ്പഭക്തരുടെ എണ്ണം അഞ്ചിരട്ടിയായി വര്‍ധിച്ചു. ഈ സാഹചര്യത്തിലാണ് സ്പെഷല്‍ പാസിന് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പ്രത്യേക പാസ് നല്‍കേണ്ടെന്നാണ് ബോര്‍ഡിന്റെ തീരുമാനം.
ഭക്തജനത്തിരക്ക് വര്‍ധിച്ചതിനേ തുടര്‍ന്ന് ഇന്നലെ പമ്പ മുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഭക്തരെ പമ്പയില്‍ തടഞ്ഞു ഘട്ടംഘട്ടമായാണ് കയറ്റിവിട്ടത്. പതിനെട്ടാംപടി കയറാനുള്ള ക്യൂ ശബരിപീഠവും പിന്നിട്ട് അപ്പാച്ചിമേട് ഭാഗത്തേക്ക് കടന്നതോടെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.