പത്തനംതിട്ട: ശബരിമല തിരുവാഭരണ ഘോഷയാത്ര, മകരവിളക്ക് എന്നിവയുമായി ബന്ധപ്പെട്ട ക്രമീകരണങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് ജില്ലാ കളക്ടർ പി.ബി നൂഹ് പറഞ്ഞു.തിരുവാഭരണ പാതയിൽ ഒരുക്കേണ്ട ക്രമീകരണങ്ങൾക്ക് അവലോകനയോഗം ചേർന്നു രൂപം നൽകി. തിരുവാഭരണം കടന്നു പോകുന്ന പത്ത് പഞ്ചായത്തുകളും ചെയ്യേണ്ട മുന്നൊരുക്കങ്ങൾ വിലയിരുത്തി. കുടിവെള്ളം, തെരുവ് വിളക്ക്, പാതയുടെ നവീകരണം മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ഗ്രാമപഞ്ചായത്തുകൾ ഉറപ്പാക്കണമെന്ന് ജില്ലാ കളക്ടർ നിർദേശിച്ചു.
ഫയർ ഫോഴ്സ് സംഘം തിരുവാഭരണ ഘോഷയാത്രയെ അനുഗമിക്കും. വനം വകുപ്പിന്റെ എലിഫന്റ് സ്ക്വാഡ് തിരുവാഭരണ ഘോഷയാത്രക്ക് ഒപ്പമുണ്ടാകും. തിരുവാഭരണ പാതയിൽ കൊല്ലമൂഴി, വയറ്റുകണ്ണി എന്നിവിടങ്ങളിൽ താത്കാലിക പാലം സജ്ജമാക്കും. തിരുവാഭരണ പാതതെളിക്കൽ പൂർത്തിയാകുന്നതായി വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
മകരവിളക്കിനോട് അനുബന്ധിച്ച് ജില്ലയിലെ എല്ലാ ആശുപത്രികളും സജ്ജമായിരിക്കാൻ ആരോഗ്യവകുപ്പ് നിർദേശം നൽകി. നിലവിൽ ലഭ്യമായ 24 ആംബുലൻസുകൾക്ക് പുറമെ സംസ്ഥാനത്തെ വിവിധ ഇടങ്ങളിൽ നിന്ന് 10 എണ്ണം കൂടി ആരോഗ്യവകുപ്പ് ലഭ്യമാക്കും. തിരുവാഭരണ ഘോഷയാത്രയോടനുബന്ധിച്ച് വിവിധ വകുപ്പുകളുടെ പ്രവർത്തനം ഏകോപിപ്പിക്കാൻ തഹസിൽദാർ തസ്തികയിലുള്ള ഒരു ഉദ്യോഗസ്ഥനെ നിയോഗിക്കും.
മകരവിളക്ക് ദർശിക്കാൻ കഴിയുന്ന പ്രധാന എട്ട് സ്ഥലങ്ങളിൽ 14ന് വൈകുന്നേരം അഞ്ചിന് മുന്‍പായി ബാരിക്കേഡ് ക്രമീകരിക്കും. ഇവിടങ്ങളിൽ പ്രകാശം, കുടിവെള്ളം എന്നിവ ഗ്രാമപഞ്ചായത്തുകൾ ഉറപ്പ് വരുത്തണം. ആരോഗ്യ വകുപ്പിന്റെ മെഡിക്കൽ സംഘം തിരുവാഭരണ ഘോഷയാത്രയെ അനുഗമിക്കും. തിരുവാഭരണ ഘോഷയാത്ര, മകരവിളക്ക് എന്നിവയുമായി ബന്ധപ്പെട്ട് അടിയന്തരഘട്ടങ്ങളെ നേരിടാൻ ആവശ്യമായ മുൻകരുതൽ ആരോഗ്യവകുപ്പ് സ്വീകരിക്കും. മകരവിളക്ക് ദർശിക്കുന്ന പ്രധാന സ്ഥലങ്ങളിൽ ഡെപ്യൂട്ടി തഹസീൽദാരിൽ കുറയാത്ത ഉദ്യോഗസ്ഥൻ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകും.
ജില്ലാ കളക്ടർ പി.ബി. നൂഹ് അധ്യക്ഷത വഹിച്ചു. യോഗത്തിൽ ശബരിമല എഡിഎം എൻ.എസ്.കെ ഉമേഷ്, പന്തളം നഗരസഭ അധ്യക്ഷ ടി.കെ സതി, ജനപ്രതിനിധികൾ, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ ആർ.ബീനാറാണി, പന്തളം രാജകൊട്ടാര പ്രതിനിധികളായ പി.ജി. ശശികുമാര വർമ, പി.എൻ. നാരായണ വർമ, അയ്യപ്പ സേവാസംഘം പ്രതിനിധി എൻ.വേലായുധൻ നായർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
സന്നിധാനത്ത് ഭക്തജനത്തിരക്ക്
ശബരിമല: മകരവിളക്കിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ സന്നിധാനത്ത് ഭക്തജനത്തിരക്ക്. ബുധനാഴ്ച പലപ്പോഴും ദര്‍ശനത്തിനായി എത്തുന്ന അയ്യപ്പഭക്തരുടെ നീണ്ട നിര ശരംകുത്തിവരെ നീണ്ടു. എല്ലാ ഭക്തര്‍ക്കും ദര്‍ശനമൊരുക്കുന്നതിനായി പോലീസ് സേനാംഗങ്ങള്‍ ഉള്‍പ്പെടെ വിവിധ വകുപ്പുകള്‍ മികച്ച രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്.
തിരക്ക് നിയന്ത്രിച്ച് ഭക്തര്‍ക്ക് സുഗമ ദര്‍ശനം ഒരുക്കുന്നതിനായി ദര്‍ശനം കഴിഞ്ഞ ഭക്തരെ സന്നിധാനത്ത് ഏറെ നേരം തങ്ങാന്‍ അനുവദിക്കാതെ പമ്പയിലേക്ക് മടക്കി അയയ്ക്കാന്‍ വേണ്ട നിര്‍ദേശങ്ങള്‍ വിവിധ ഭാഷകളില്‍ ഉച്ചഭാഷിണിയിലൂടെ നല്‍കുന്നുണ്ട്. പതിനെട്ടാംപടിയില്‍ തിരക്ക് വര്‍ധിച്ചതിനെ തുടര്‍ന്ന് ചൊവ്വാഴ്ച ഉച്ചവരെ മിനിറ്റില്‍ 80 നു മുകളില്‍ ഭക്തരെ കടത്തിവിട്ടു.
തിരക്കുമൂലം ദീര്‍ഘനേരം ക്യൂവില്‍ കഴിയേണ്ടിവരുന്ന ഭക്തര്‍ക്കായി ദേവസ്വം ബോര്‍ഡിന്റെയും വാട്ടര്‍ അതോറിറ്റിയുടെയും നേതൃത്വത്തില്‍ കുടിവെള്ള വിതരണം നടത്തുന്നുണ്ട്. കുടിവെള്ള കിയോസ്കുകള്‍ കൂടാതെ അനവധിയിടങ്ങളിലായി ഔഷധ കുടിവെള്ളവും ബിസ്കറ്റുകളും വിതരണം ചെയ്യുന്നുണ്ട്.