ശബരിമല: പുതുവർഷാരംഭദിനത്തിൽ ശബരീശനെ തൊഴാൻ ശബരിമലയിൽ വൻ ഭക്തജന തിരക്ക്. 2019ന്റെ അവസാനദിനം രാത്രി ഏഴു വരെ പ്രാഥമിക കണക്ക് അനുസരിച്ച് 63803 പേരാണ് മല ചവിട്ടിയത്. പന്പ വഴി 62753 പേരും പുല്ലുമേട്ടിലൂടെ 1050 പേരുമാണ് ഏഴു വരെ ദർശനത്തിനെത്തിയതെന്ന് പോലീസ് അറിയിച്ചു.
മകരവിളക്കിന് നട തുറന്ന ശേഷം സന്നിധാനത്ത് തീർഥാടകപ്രവാഹമാണ് അനുഭവപ്പെടുന്നത്. തിങ്കളാഴ്ച പന്പയിൽനിന്ന് 22009 പേരും പുൽമേട്ടിൽ നിന്ന് 989 പേരും ദർശനത്തിനെത്തിയതായാണ് ആദ്യ കണക്കുകൾ. ചൊവ്വാഴ്ച രാവിലെ മുതൽ തുടങ്ങിയ തിരക്ക് ഇന്നു പുലർച്ചെ വരെ തുടരുകയായിരുന്നു. ഇന്നലെ ദീപാരാധന സമയത്ത് വൻ ഭക്തജനത്തിരക്കനുഭവപ്പെട്ടു. നെയ്യഭിഷേകത്തിനും വലിയ തിരക്കുണ്ടായി.
പുതുവർഷപ്പുലരിയിൽ അയ്യനെ തൊഴാൻ തീർഥാടകരിൽ നല്ലൊരു പങ്കും സന്നിധാനത്ത് തങ്ങുകയാണ്. രാത്രി 12നു നട അടച്ചിരുന്നെങ്കിലും കാത്തിരുന്ന അയ്യപ്പഭക്തർ ശരണംവിളികളോടെയാണ് പുതുവർഷത്തെ സ്വീകരിച്ചത്. പുലർച്ചെ മൂന്നിന് നട തുറക്കുന്പോൾ നിർമാല്യദർശനത്തിനു വലിയ തിരക്ക് അനുഭവപ്പെട്ടു.
തിരക്ക് അധികമായതോടെ സുരക്ഷാ ക്രമീകരണം പോലീസ് ശക്തമാക്കി. മണ്ഡലകാലത്തെ പോലെ തന്നെ തമിഴ്നാട്, കർണാടക, ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളിൽ നിന്നുള്ള ഭക്തരാണ് കൂടുതലായി എത്തുന്നത്. തമിഴ്നാട് റവന്യു മന്ത്രി ആർ. ബി. ഉദയകുമാർ ഇന്നലെ വൈകുന്നേരം ശബരിമല ദർശനം നടത്തി.
സന്നിധാനത്ത് സ്ക്വാഡുകളുടെ പരിശോധന; പഴകിയ ഭക്ഷ്യവസ്തുക്കൾ പിടികൂടി
ശബരിമല: സന്നിധാനത്ത് ഡ്യൂട്ടി മജിസ്ട്രേറ്റ് എസ്.എല്‍. സജികുമാറിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ ഹോട്ടലുകളിലും മറ്റു വ്യാപാര സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ വിവിധ കേന്ദ്രങ്ങളിലും നടത്തിയ പരിശോധനയില്‍ വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തി. പഴകിയ ഭക്ഷണസാധനങ്ങള്‍ പിടികൂടി.
പത്ത് ഹോട്ടലുകളില്‍ നടത്തിയ പരിശോധനയില്‍ മിക്കവയ്ക്കും ഹെല്‍ത്ത് കാര്‍ഡില്ലെന്ന് കണ്ടെത്തി. ഇവയ്ക്ക് കര്‍ശന താക്കീത് നല്കി. പഴകിയ എണ്ണയും പഴങ്ങളും മറ്റ് ആഹാര സാധനങ്ങളും പിടിച്ചെടുത്ത് ഹോട്ടല്‍ നടത്തിപ്പുകാരെക്കൊണ്ട് തന്നെ നശിപ്പിച്ചു. ഇവര്‍ക്കെതിരെ ശിക്ഷാനടപടികള്‍ക്ക് നീക്കം തുടങ്ങി.
അളവിലും തൂക്കത്തിലും ഗുണനിലവാരത്തിലും വിലയിലും കൃത്രിമം കാട്ടിയ കടകള്‍ക്കെതിരെ നിയമനടപടികള്‍ പൂര്‍ത്തിയാക്കി പിഴ ഈടാക്കും. പാത്രങ്ങളും ചെരുപ്പുകളും വില്‍ക്കുന്ന കടകളിലാണ് പരിശോധന നടന്നത്. കൂടുതലും ഇതര സംസ്ഥാനക്കാരാണ് തട്ടിപ്പിനിരയാകുന്നതെന്ന് ഡ്യൂട്ടി മജിസ്ട്രേറ്റ് എസ്.എല്‍. സജികുമാര്‍ പറഞ്ഞു.
വന്‍ ഭക്തജനത്തിരക്കിന്റെ പശ്ചാത്തലത്തില്‍ വിരിവയ്പ് ഇടങ്ങളിലും ടോയ്ലറ്റുകളിലും പരിശോധന നടത്തിയ സ്ക്വാഡ് ക്ലീനിംഗ് സൂപ്പര്‍വൈസര്‍മാരുടെയും സാനിറ്റേഷന്‍ സൊസൈറ്റിയുടെയും സേവനം ഉറപ്പാക്കാന്‍ വേണ്ട ക്രമീകരണങ്ങള്‍ നിര്‍ദേശിച്ചു.
പുകവലിക്കാര്‍ക്ക് കര്‍ശന താക്കീതും നല്കി. ഡ്യൂട്ടി മജിസ്ട്രേറ്റിന്റെ നേതൃത്വത്തില്‍ റവന്യു, ലീഗല്‍ മെട്രോളജി, ഹെല്‍ത്ത്, റേഷനിംഗ്, എക്സൈസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട സ്ക്വാഡ് വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് റവന്യു ഇന്‍സ്പെക്ടര്‍ ബിജു അറിയിച്ചു.