ശബരിമല: ശബരിമലയില്‍ കഴിഞ്ഞ വര്‍ഷത്തെ മണ്ഡല കാലത്തെക്കാള്‍ ഇക്കൊല്ലം 55 ശതമാനം വരവ് കൂടി. ഇത്തവണ മണ്ഡലകാലത്ത് 162 കോടി രൂപയുടെ വരവാണ് ഉണ്ടായത്. മകരവിളക്കു കാലത്തും കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വരവില്‍ വർധനവുണ്ടാകുമെന്ന് ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസര്‍ വി. എസ്. രാജേന്ദ്രപ്രസാദ് പറഞ്ഞു. ഭക്തര്‍ കാണിക്കയായി സമര്‍പ്പിച്ച നാണയങ്ങള്‍ എണ്ണി തിട്ടപ്പെടുത്തുന്ന ജോലി ത്വരിത ഗതിയില്‍ നടന്നു വരികയാണ്.
മറ്റിടങ്ങളില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരെക്കൂടി അധികമായി ഇവിടെ നിയോഗിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ ഒഴിവുള്ള സമയത്തെ സഹായം കൂടി ദേവസ്വം ബോര്‍ഡ് തേടുന്നുണ്ട്.
തിരുവാഭരണ ഘോഷയാത്ര; ഭക്തരുടെ സുരക്ഷയ്ക്കായി വിപുലമായ ക്രമീകരണം
ശബരിമല: മകരവിളക്കിന് ദിവസങ്ങള്‍ ബാക്കി നില്‍ക്കെ ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തിൽ വിപുലമായ ഒരുക്കങ്ങള്‍ നടന്നു വരുന്നു. വഴിപാട് പ്രസാദങ്ങളായ അപ്പം, അരവണ എന്നിവ ആവശ്യത്തിന് ഭക്തര്‍ക്ക് ലഭ്യമാക്കും. ഇതിനാവശ്യമായ അത്രയും കരുതല്‍ ശേഖരത്തില്‍ സൂക്ഷിക്കുന്നുണ്ട്. മകരവിളക്ക് ദര്‍ശനത്തിനായെത്തുന്ന ഭക്ത ജനങ്ങള്‍ക്ക് അന്നദാനപ്പന്തലില്‍ സദ്യ ഒരുക്കും.
പ്രതിദിനം 30000 ലധികം ഭക്ത ജനങ്ങള്‍ക്കാണ് ദേവസ്വം ബോര്‍ഡിന്റെ അന്നദാന മണ്ഡപത്തില്‍ നിന്ന് ഭക്ഷണം നല്‍കുന്നത്. ഇതില്‍ കൂടുതലായി അളുകള്‍ എത്തുന്ന സാഹചര്യമുണ്ടായാലും അവര്‍ക്കെല്ലാം അന്നം നല്കാന് സൗകര്യം ഏര്‍പ്പെടുത്തും. ഭക്തര്‍ മകര ജ്യോതി ദര്‍ശിക്കാന്‍ സ്ഥിരമായി തമ്പടിക്കാറുള്ള സ്ഥലങ്ങള്‍ പോലീസുമായി ചേര്‍ന്ന് പരിശോധിച്ച് ബാരിക്കേഡുകള്‍ സ്ഥാപിക്കുന്ന ജോലികള്‍ തുടങ്ങിയതായി ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസര്‍ വി.എസ്. രാജേന്ദ്ര പ്രസാദ് പറഞ്ഞു. മകര വിളക്ക് ദര്‍ശനത്തിനായി ഭക്തര്‍ നിർമിക്കാറുള്ള പർണശാലകളില്‍ യാതൊരു കാരണവശാലും പാചകം അനുവദിക്കില്ല.
ഫയര്‍ഫോഴ്സിന്റെയും വനം വകുപ്പിന്റെയും സഹകരണത്തോടെ ഇതിനാവശ്യമുള്ള നടപടികള്‍ സ്വീകരിക്കും. കുടിവെള്ളം ഭക്തര്‍ക്ക് ലഭ്യമാക്കാനായി ജല അഥോറിറ്റിയുടെ കിയോസ്കുകള്‍ കൂടാതെ ഔഷധ കുടിവെള്ളവും, ബിസ്കറ്റുകളും ദേവസ്വം ബോര്‍ഡ് വിതരണം ചെയ്യുന്നുണ്ട്. നിലവിലുള്ള ജീവനക്കാരെ കൂടാതെ കൂടുതല്‍ താത്കാലിക ജീവനക്കാരെ ഇതിനായി നിയോഗിച്ചിട്ടുണ്ട്. തിരക്ക് കൂടുന്ന ദിവസങ്ങളില്‍ തന്ത്രിയുമായി കൂടി ആലോചിച്ച് ദര്‍ശന സമയം ദീര്‍ഘിപ്പിച്ച് നല്‍കുന്നുണ്ട്.
13ന് പന്തളത്ത് ഗതാഗത നിയന്ത്രണം
പന്തളം: ശബരിമല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് തിരുവാഭരണ ഘോഷയാത്ര പുറപ്പെടുന്ന 13 ന് പന്തളത്ത് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. ഘോഷയാത്ര പുറപ്പെടുന്ന സമയമായ ഉച്ചയ്ക്ക് 12 നും ഒന്നിനും ഇടയിലാണു ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. കുളനട ഭാഗത്തു നിന്നു പന്തളത്തേക്കു വരുന്ന വാഹനങ്ങള്‍ തുമ്പമണ്‍ വഴി പന്തളം ടൗണില്‍ എത്തണമെന്ന് അടൂര്‍ ഡിവൈഎസ്പി ജവഹര്‍ ജനാര്‍ദ് അറിയിച്ചു.
തിരുവാഭരണ ഘോഷയാത്ര 13ന്: ക്രമീകരണങ്ങൾ പൂർത്തിയായി
പന്തളം: ശബരിമല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ചുള്ള തിരുവാഭരണ ഘോഷയാത്രയ്ക്കുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍. വാസു. തിരുവാഭരണ ഘോഷയാത്രയുടെ മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ പന്തളം വലിയ കോയിക്കല്‍ ശാസ്താ ക്ഷേത്ര ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മകരവിളക്ക് ദർശനത്തിനെത്തുന്ന തീര്‍ഥാടകര്‍ക്ക് എല്ലാ സൗകര്യങ്ങളും ചെയ്തു കൊടുക്കും. തീര്‍ഥാടകര്‍ക്ക് യാത്ര ചെയ്യാനാവശ്യമായ കെഎസ്ആര്‍ടിസി ബസും ഒരുക്കിയിട്ടുണ്ടെന്നും ദേവസ്വം പ്രസിഡന്റ് പറഞ്ഞു.യോഗത്തില്‍ പോലീസ്, ആരോഗ്യം, ഗതാഗതം തുടങ്ങിയ വകുപ്പുകളുടെയും പന്തളം മുനിസിപ്പാലിറ്റിയുടെയും സേവനങ്ങള്‍ വിലയിരുത്തുകയും പന്തളം കൊട്ടാരം നിര്‍വാഹക സമിതിയുടെയും തിരുവാഭരണം വഹിക്കുന്ന ഗുരുസ്വാമിയുടെയും ആവശ്യങ്ങള്‍ പരിഹരിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദേശം നല്കി.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡംഗങ്ങളായ എന്‍. വിജയകുമാര്‍, കെ.എസ്. രവി, ശബരിമല എഡിഎം എന്‍.എസ്.കെ ഉമേഷ്, പന്തളം കൊട്ടാരം നിര്‍വാഹക സമിതിയധ്യക്ഷന്‍ ജി. ശശികുമാരവര്‍മ്മ, തുടങ്ങിയവർ പങ്കെടുത്തു.