തിരുവനന്തപുരം: യുഡിഎഫ് നിയമസഭാ കക്ഷിനേതാക്കള്‍ ഇന്ന് ശബരിമല സന്ദര്‍ശിക്കും. യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി തിരുവഞ്ചൂര്‍ രാധാകൃഷണന്റെ നേതൃത്വത്തിലാണ് യുഡിഎഫ് നിയമസഭാ കക്ഷി നേതാക്കൾ ശബരിമല സന്ദർശിക്കുന്നത്.
മണ്ഡലകാലം തുടങ്ങിയിട്ടും ശബരിമലയിലെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് അസൗകര്യങ്ങള്‍ നേരിടുന്നുവെന്ന പരാതിയുടെ പശ്ചാത്തലത്തിലാണ് സന്ദർശനം. എംഎൽഎമാരായ വി എസ് ശിവകുമാർ പാറയ്ക്കല്‍ അബ്ദുള്ള, മോന്‍സ് ജോസഫ് ഡോ. ജയരാജ് തുടങ്ങിയവരാണ് സംഘത്തിലെ മറ്റ് അംഗങ്ങൾ. നിയമസഭാ സമ്മേളന നടപടികളിൽ പങ്കെടുത്തശേഷം ഉച്ചയോടെയാണ് തലസ്ഥാനത്തു നിന്നും സംഘം ശബരിമലയ്ക്ക് തിരിക്കുന്നത്.
നിലയ്ക്കൽ,പന്പ എന്നിവിടങ്ങളിൽ സന്ദർശനം നടത്തുകയും ഭക്തരോടും ഉദ്യോഗസ്ഥരോടും വ്യാപാരികളോടും കാര്യങ്ങൾ അന്വേഷിക്കുകയും ചെയ്യും. വാഹന പാർക്കിംഗിലടക്കം പല കാര്യങ്ങളിലും ഇപ്പോഴും പരാതികൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് പ്രതിപക്ഷ എംഎൽഎമാരുടെ സന്ദർശനം.