ആലപ്പുഴ: കേരളത്തെ ക്രമസമാധാന തകർച്ചയിലേക്ക് നയിച്ച ശബരിമല യുവതീ പ്രവേശന പ്രശ്നത്തിൽ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് ബിജെപി ദേശീയ നേതൃത്വത്തെയും കേന്ദ്രസർക്കാരിനെയും സമീപിക്കുമെന്ന് ബിഡിജെഎസ് അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി. രാജ്യത്തെ കോടിക്കണക്കിന് വിശ്വാസികളെ ബാധിക്കുന്ന ഈ പ്രശ്നം അപക്വമായി കൈകാര്യം ചെയ്ത് സങ്കീർണവും സംഘർഷ ഭരിതവുമാക്കിയ സർക്കാർ വന്പൻ പരാജയമാണെന്ന് തെളിയിച്ചു.
സാന്പത്തിക തളർച്ചയിലേക്കാണ് സംസ്ഥാനം നീങ്ങുന്നത്. ഇതിന് ഏക ഉത്തരവാദി സംസ്ഥാന സർക്കാരും ഇടതുമുന്നണിയുമാണ്.ശബരിമല വിഷയത്തിൽ ബിഡിജെഎസ് എക്കാലവും വിശ്വാസികൾക്കൊപ്പമാണ്. ശബരിമല വിഷയത്തിൽ ഉടനെ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേർക്കണം. തീവ്രവാദക്കേസിലെ പ്രതി അബ്ദുൾ നാസർ മഅ്ദനിയുടെ ജയിൽമോചനത്തിന് പ്രത്യേക സമ്മേളനം വിളിച്ച് ഏകകണ്ഠമായി പ്രമേയം പാസാക്കിയ സഭയാണ് നമ്മുടേത്.
സർക്കാർ സ്പോണ്‍സേർഡ് സംഘർഷങ്ങളാണ് ഇവിടെ നടക്കുന്നത്. ഇടതുസംഘടനകൾക്കൊപ്പം മതതീവ്രവാദികളും പ്രതിഷേധക്കാരെ നേരിടാൻ നിരത്തിലിറങ്ങിയത് സ്ഥിതിഗതികൾ വഷളാക്കി. നവോത്ഥാന ബാധ്യത ഹൈന്ദവരുടേത് മാത്രമല്ല. സർക്കാരും ഇടതുമുന്നണിയും ഇക്കാര്യത്തിൽ ഇരട്ടത്താപ്പ് അവസാനിപ്പിക്കണം.
ഹിന്ദു സംഘടനകളുടെ മാത്രം യോഗം വിളിച്ചുകൂട്ടി നവോത്ഥാന മതിൽ പണിത സർക്കാർ ജനങ്ങളെ വഞ്ചിച്ചു. മതിൽ പണിയുടെ മുന്നൊരുക്കങ്ങളുടെ ഭാഗമായി രണ്ട് ആക്ടിവിസ്റ്റ് യുവതികൾക്ക് കേരള പോലീസ് ഒളിവിൽ താമസിപ്പിച്ച് മലകയറാനുള്ള പരിശീലനം നൽകിയത് പരിഹാസ്യമാണെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.